മമ്മൂട്ടിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കാതല്‍ ദി കോര്‍ മികച്ച അഭിപ്രായങ്ങളുമായി തിയേറ്ററില്‍ മുന്നേറുകയാണ്. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം നവംബര്‍ 23നാണ് റിലീസ് ചെയ്തത്. മമ്മൂട്ടിയും ജ്യോതികയും ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളുടെ പെര്‍ഫോമന്‍സാണ് പ്രധാനമായും പ്രേക്ഷകര്‍ പ്രശംസിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജ്യോതിക മലയാളത്തില്‍ ഒരു വേഷം ചെയ്യുന്നത്. താരം പ്രേക്ഷകരെ നിരാശരാക്കിയില്ല. ഓമന എന്ന കഥാപാത്രത്തെ ജ്യോതിക ഗംഭീരമാക്കി എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അഭിനയത്തിനൊപ്പം തന്നെ ഈ കഥാപാത്രം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാവാന്‍ ശബ്ദവും ഒരു കാരണമായിട്ടുണ്ട്. എന്നാല്‍ ഓമനക്ക് ശബ്ദം നല്‍കിയതാരാണെന്ന് ചിത്രം കണ്ട അധികമാര്‍ക്കും അറിയില്ല എന്നതാണ് സത്യം. മലയാളികളുടെ പ്രിയതാരം ജോമോളാണ് കാതല്‍ ദി കോറില്‍ ജ്യോതികക്കായി ഡബ്ബ് ചെയ്തിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ വിവരം ചില പ്രേക്ഷകരും ഇപ്പോള്‍ പങ്കുവെക്കുന്നുണ്ട്. സ്ഥിരം ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളെ വിളിക്കാതെ ജോമോളെ തെരഞ്ഞെടുത്തത് ഒരു പുതുമ നല്‍കിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ച.

നിരവധി പ്രമുഖരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പങ്കുവെച്ചിരുന്നു.
ചിത്രത്തിന്റെ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച് ‘ഹൃദയം നിറഞ്ഞു’ എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചത്. ‘മൈ ഗോട്ട് ഈസ് ഇന്‍ ടൗണ്‍. തിയേറ്ററില്‍ പോയി കാതല്‍ ദി കോറിന്റെ മാജിക് അനുഭവിച്ചറിയൂ. മിസ് ചെയ്യരുത്,’ എന്നാണ് ഫുട്ബോള്‍ താരം സി.കെ. വിനീത് എക്സില്‍ കുറിച്ചത്.

സിനിമാറ്റിക് എക്‌സ്പീരിയന്‍സിന്റെ അങ്ങേയറ്റമാണെന്നും അവസാനം വരെ പിടിച്ചിരുത്തിയ ജേര്‍ണിയാണ് കാതല്‍ ദി കോറെന്നുമാണ് സംവിധായകന്‍ നഹാസ് ഹിദായത്ത് പറഞ്ഞത്. കാതല്‍ മികച്ച ഒരു സിനിമയാണെന്നും മമ്മൂക്ക ഞെട്ടിച്ചു കളഞ്ഞെന്നുമായിരുന്നു ബേസില്‍ ജോസഫിന്റെ പ്രതികരണം.

ചിന്നു ചാന്ദിനി, മുത്തുമണി, കലാഭവന്‍ ഹനീഫ്, ജോജി മുണ്ടക്കയം, സുധി കോഴിക്കോട് എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നെയ്മര്‍, ആര്‍.ഡി.എക്‌സ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മാത്യൂസ് പുളിക്കന്‍ ആണ് സംഗീതം.

Content Highlight: Jomol has dubbed for Jyothika in Kathal The Core