സ്വാര്‍ത്ഥത ഇത്തിരി കുറവുള്ള നടനാണ് കുഞ്ചാക്കോ ബോബനെന്ന് പറയുകയാണ് സംവിധായകന്‍ ജിസ് ജോയ്. ജിസ് ജോയ് രചനയും സംവിധാനവും ചെയ്ത് 2021ല്‍ തിയേറ്ററുകളില്‍ എത്തിയ മോഹന്‍ കുമാര്‍ ഫാന്‍സ് എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനായിരുന്നു നായകനായത്.

സിനിമകള്‍ അല്‍പ്പം കുറഞ്ഞിരുന്ന സമയം മുതലുള്ളതാണ് അദ്ദേഹവുമായുള്ള സൗഹൃദമെന്നും സംവിധായകന്‍ പറയുന്നു. തലവന്‍ റിലീസായ ദിവസം താരം തന്നെ വിളിച്ചിരുന്നെന്നും ജിസ് ജോയ് പറയുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിസ് ജോയ്.

‘ചാക്കോച്ചനുമായുള്ള സൗഹൃദം സിനിമകള്‍ അല്‍പ്പം കുറഞ്ഞിരുന്ന സമയം മുതലുള്ളതാണ്. സ്വാര്‍ത്ഥത ഇത്തിരി കുറവുള്ള ആളുകളില്‍ ഉള്‍പ്പെടുന്ന നടനാണ് അദ്ദേഹം. തലവന്‍ റിലീസായ ദിവസം ഞാന്‍ തിയേറ്ററില്‍ നിന്ന് വലിയ സന്തോഷത്തോടെയാണ് തിരിച്ചു വന്നത്.

അന്ന് എല്ലാവരും പെട്ടെന്ന് തന്നെ പിരിഞ്ഞു പോയിരുന്നു. ആസിഫ് ഷോ കഴിഞ്ഞ് മീഡിയയെ മുഴുവന്‍ കണ്ട ശേഷം അവന്റെ വീട്ടിലേക്ക് പോയി. അതൊക്കെ കഴിഞ്ഞ് ഞാന്‍ എന്റെ ഫ്‌ളാറ്റിലേക്ക് പോകുമ്പോഴാണ് ചാക്കോച്ചന്‍ എന്നെ വിളിക്കുന്നത്.

സ്വന്തം സിനിമ വിജയിച്ചത് പോലെയാണ് അന്ന് എന്നോട് ചാക്കോച്ചന്‍ സംസാരിച്ചത്. ‘സന്തോഷമായെടാ. എനിക്ക് ഒരുപാട് കോളുകള്‍ വന്നു. നമ്മുടെ പടം ഹിറ്റാണെടാ. ഒരുപാട് തിയേറ്ററുകാര്‍ വിളിച്ചിരുന്നു’ എന്നൊക്കെ പറഞ്ഞു. ചാക്കോച്ചന്റെ സ്വന്തം പടമെന്നോണം എന്നോട് സംസാരിച്ചു. അങ്ങനെയുള്ള ഒരു മനുഷ്യനാണ് അദ്ദേഹം,’ ജിസ് ജോയ് പറഞ്ഞു.


Content Highlight: Jis Joy Talks About Kunchacko Boban