മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട അഭിനേതാക്കളില്‍ ഒരാളാണ് ജയറാം. 1988ല്‍ പുറത്തിറങ്ങിയ പത്മരാജന്‍ ചിത്രം അപരനിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം ഇന്ന് അന്യഭാഷകളിലും സജീവമാണ്. അല്ലു അര്‍ജുന്റെ തെലുങ്ക് ചിത്രം അങ് വൈകുണ്ഠ പുരത്തിലെ സുപ്രധാനവേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരം പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട പൊന്നിയന്‍ സെല്‍വനിലും, കാന്താര ചാപ്റ്റര്‍ ടുവിലും, ഗെയിം ചെയിഞ്ചറിലും വേഷമിട്ടിരുന്നു.
എന്നാല്‍ ജയറാമിനെയും ഉര്‍വശിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഈ മാസമാദ്യം തമിഴില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു പരിമള ആന്‍ഡ് കോ. നേരത്തേ തന്നെ തമിഴില്‍ സജീവമായ ജയറാം, നായകനടനെന്ന നിലയില്‍ തമിഴിലും തന്റെ സ്ഥാനം ഉറപ്പിക്കുന്നതിന്റെ സൂചനയായിരുന്നു പരിമള ആന്‍ഡ് കോ. ഇപ്പോഴിതാ ബോക്‌സ് ഓഫീസില്‍ ചിത്രം ക്ലീന്‍ ഹിറ്റ് സ്റ്റാറ്ററ്റസ് നേടിയിരിക്കുകയാണെന്ന വാര്‍ത്തകളാണ് സിനിമാ പേജുകളില്‍ ഇടം പിടിക്കുന്നത്. ഇതോടെ തമിഴില്‍ നായകനായി പടം വിജയിപ്പിക്കുന്ന മലയാളി താരമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ജയറാം.
തമിഴ്‌നാട്ടില്‍ നിന്നും 13 കോടിയിലധികം സ്വന്തമാക്കിയ ചിത്രത്തിന് ആഗോളതലത്തില്‍ 17 കോടിയിലധികമാണ് സ്വന്തമാക്കാന്‍ സാധിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ നിന്നും ചിത്രം 1.26 കോടി നേടിയപ്പോള്‍ ജയറാമിന്റെയും ഉര്‍വശിയുടെയും തട്ടകമായ കേരളത്തില്‍ നിന്നും ചിത്രത്തിന് കിട്ടിയ കളക്ഷനാണ് പലരെയും അമ്പരപ്പിക്കുന്നത്. കേരളത്തില്‍ നിന്നും റിലീസ് ചെയ്ത് മൂന്നാഴ്ച്ച പിന്നിടുമ്പോള്‍ പരിമള ആന്‍ഡ് കോയ്ക്ക് നേടാനായിരിക്കുന്നത് 37 ലക്ഷം മാത്രമാണെന്നാണ് സിനിമാ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ നിന്നും ചിത്രത്തിന് മികച്ച സ്വീകാര്യത കിട്ടിയെങ്കിലും മലയാളി പ്രേക്ഷകര്‍ ചിത്രത്തെ കൈവിട്ടെന്ന സൂചനയാണ് കേരള ബോക്‌സ് ഓഫീസിലെ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് താരം നല്‍കിയ അഭിമുഖങ്ങള്‍ ഇതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് സിനിമാ പ്രേമികളുടെ നിഗമനം. തമിഴ് ചാനലുകളോട് ചിത്രവുമായി ബന്ധപ്പെട്ട് സംസാരിക്കവെ തന്റെ മാതൃഭാഷ തമിഴാണെന്നും അച്ഛനും അമ്മയും തമിഴന്മാരാണെന്നും താരം പറഞ്ഞിരുന്നു.
ജയറാമിന്റെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിരുന്നു. ഒട്ടനവധി പേരാണ് താരത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നത്. സ്ഥലം മാറുന്നതിനനുസരിച്ച് അഭിപ്രായം മാറ്റുന്നത് ജയറാമിന്റെ സ്ഥിരം പരിപാടിയാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ട്രോളുകളില്‍ ഭൂരിഭാഗവും. ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടും പുറത്തുവന്നതോടെ ജയറാം ഇനി തമിഴനാണെന്നും പലരും അഭിപ്രായപ്പെടുന്നു.
Content Highlight: Jayaram and Urvashi starrer Parimala and co gets hit status from Tamilnadu while gets poor collection from Kerala box office
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.