ഇന്ത്യ – അയര്‍ലാന്‍ഡ് ടി – 20 പരമ്പരക്കായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍. ഇന്നാണ് (ജൂണ്‍ 26) രണ്ട് മത്സരങ്ങളുള്ള പരമ്പരയ്ക്ക് തുടക്കമാവുന്നത്. അയര്‍ലാന്‍ഡിലെ ബെല്‍ഫാസ്റ്റിലെ സിവില്‍ സര്‍വീസ് ഗ്രൗണ്ടാണ് മത്സരത്തിന്റെ വേദി.
ഈ പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുമ്പോള്‍ ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സി അരങ്ങേറ്റത്തിന് കൂടിയാണ് ആരാധകര്‍ സാക്ഷിയാവുക. ഇതിനൊപ്പം15 കാരന്‍ വൈഭവ് സൂര്യവംശി അയര്‍ലാന്‍ഡിനെതിരെ ഇന്ത്യന്‍ ജേഴ്‌സിയില്‍ കളത്തിലെത്തുമോ എന്ന ആകാംക്ഷ എല്ലാ ക്രിക്കറ്റ് ആരാധകര്‍ക്കുമുണ്ട്.
ഇതിനെല്ലാം പുറമെ മറ്റൊരു അരങ്ങേറ്റ നിമിഷത്തിന് കൂടി ഇന്നത്തെ മത്സരം സാക്ഷ്യം വഹിക്കും. ഇന്ത്യക്കെതിരെ അരങ്ങേറ്റം മത്സരം അയര്‍ലാന്‍ഡ് നിരയില്‍ ഒരുങ്ങുന്നത് ഒരു ഇന്ത്യക്കാരനാണ്. പേസറായ ജയ് മൂന്ദ്രയാണ് ഇന്ത്യക്കെതിരെ കളത്തിലിറങ്ങാനൊരുങ്ങുന്നത്. അയര്‍ലാന്‍ഡിന്റെ ജേഴ്‌സിയില്‍ ഇന്ത്യയില്‍ ജനിച്ച ഒരു താരം കളിക്കുന്നത് ആരാധകര്‍ക്കും പുതിയൊരു അനുഭവമായിരിക്കും.
രാജസ്ഥാനിലെ ടോങ്ക് ജില്ലയിലാണ് ജയ് മൂന്ദ്രയുടെ ജനനം. ചെറുപ്പം മുതല്‍ തന്നെ ക്രിക്കറ്റിനോട് താത്പര്യമുള്ള ജയ് മൂന്ദ്ര 16 വയസ് വരെ ഒരു സ്പിന്‍ ബൗളറും ടോപ് ഓര്‍ഡര്‍ ബാറ്ററുമായിരുന്നു. എന്നാല്‍ പിന്നീട് ജയ് മൂന്ദ്ര ഒരു ഫാസ്റ്റ് ബൗളറായി തന്റെ കരിയര്‍ മാറ്റുകയായിരുന്നു.
വിദ്യാഭ്യാസത്തിന് വേണ്ടി അയര്‍ലാന്‍ഡിലേക്ക് മാറിയതിന് പിന്നാലെയാണ് ജയ് മൂന്ദ്രയുടെ ക്രിക്കറ്റ് കരിയറില്‍ വലിയ മാറ്റങ്ങളുണ്ടായത്. 2021ലായിരുന്നു മൂന്ദ്ര ഇലക്ട്രോണിക്‌സ്, കമ്മ്യൂണിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ബിരുദാന്തര ബിരുദം നേടാനായി അയര്‍ലാന്‍ഡിലേക്ക് പോയത്.
കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ചുകൊണ്ട് മൂന്ദ്ര ക്രിക്കറ്റിന് പ്രാധാന്യം നല്‍കുകയായിരുന്നു. 2023ല്‍ ഡബ്ലിനിലെ ലെയ്ന്‍സ്റ്റര്‍ ക്രിക്കറ്റ് ക്ലബ്ബിനൊപ്പമാണ് മൂന്ദ്ര തന്റെ ക്രിക്കറ്റ് യാത്ര ആരംഭിച്ചത്. അതേ വര്‍ഷം തന്നെ നടന്ന ഐറിഷ് സീനിയര്‍ കിരീടം ലെയ്ന്‍സ്റ്റര്‍ നേടിയപ്പോള്‍ ടീമിനായി മികച്ച പ്രകടനം നടത്താന്‍ മൂന്ദ്രക്ക് സാധിച്ചിരുന്നു.
ലെയ്ന്‍സ്റ്റര്‍ ടീമിനായി ആറ് ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്നും 11 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. ടീമിനായി അഞ്ച് ടി-20 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ മൂന്ദ്ര പത്ത് വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
Content Highlight: Jay Moondra set to make T20 debut for Ireland against India