ന്യൂദല്‍ഹി: തന്റെ സ്വന്തം സമുദായത്തിന് വേണ്ടി സംസാരിക്കാത്ത ആം ആദ്മി എം.എല്‍.എ ജര്‍നൈല്‍ സിങ്ങ് യഥാര്‍ത്ഥ സിഖുകാരനല്ലെന്ന് ശിരോമണി അകാലി ദള്‍ നേതാവ് മഞ്ചിന്ദര്‍ സിങ്ങ് സിര്‍സ. അദ്ദേഹം ദല്‍ഹി നിയമസഭയില്‍ തന്റെ സമുദായത്തിന് വേണ്ടി സംസാരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

“1984 കലാപത്തില്‍ ഒരു സിഖുകാരന്‍ പോലും മാപ്പ് പറഞ്ഞില്ലെന്ന് എ.എ.പി എം.എല്‍.എ പറയുന്നു. ഞാന്‍ കരുതുന്നത് ജര്‍നൈല്‍ സിങ്ങ് ഒരു യഥാര്‍ത്ഥ സിഖുകാരനല്ലെന്നാണ്. തന്റെ സ്വന്തം സമുദായത്തിനു വേണ്ടി നിയമസഭയില്‍ സംസാരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല”- സിര്‍സ പറഞ്ഞു

“ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഇനിയും ആവര്‍ത്തിക്കപ്പെടാം. സിഖ് സമൂഹത്തിന്റെ രോഷം കാണാതെ പോകാന്‍ കഴിയില്ല”- അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു.

1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ സജ്ജന്‍ കുമാറിനെ ഡിസംബര്‍ 17ന് ദല്‍ഹി ഹൈക്കോടതി കുറ്റക്കാരനെന്നു വിധിച്ചിരുന്നു. ജീവപര്യന്തം ശിക്ഷയാണ് സജ്ജന്‍ കുമാറിന് കോടതി നല്‍കിയ ശിക്ഷ.

ഇന്ദിരാ ഗാന്ധിയെ സിഖുകാരായ അംഗരക്ഷകര്‍ വെടിവെച്ചു കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തില്‍ 2,800ഓളം സിഖുകാരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ദല്‍ഹിയില്‍ മാത്രം 2,100 സിഖുകാരാണ് അന്ന് കൊല്ലപ്പെട്ടത്.

സിഖ് വിരുദ്ധ കലാപത്തെ രാജീവ് ഗാന്ധി ന്യായീകരിച്ചു എന്നാരോപിച്ച് ജര്‍നൈല്‍ സിങ്ങ് അദ്ദേഹത്തിന്റെ ഭാരത രത്‌ന തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി നിയസഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. രാജീവ് ഗാന്ധിക്ക് സിഖ് വിരുദ്ധ കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ശിരോമണി അകാലി ദള്‍ പ്രവര്‍ത്തകര്‍ ഇന്ന് ലുധിയാനയിലെ രാജീവ് ഗാന്ധിയുടെ പ്രതിമ നശിപ്പിച്ച് വികൃതമാക്കിയിരുന്നു.