2026 ഫിഫ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി ഏഷ്യന്‍ വമ്പന്മാരായ ജപ്പാന്‍. ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ ടുണീഷ്യയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് സാമുറായ് ബ്ലൂ തകര്‍ത്തത്. ലോകകപ്പ് ചരിത്രത്തിലെ 1000ാമത്തെ മത്സരമായിരുന്നു ഇത്.
1930 മുതല്‍ ആരംഭിച്ച ലോകകപ്പ് 2026ലെത്തി നില്‍ക്കുമ്പോള്‍ 1000ാമത്തെ ഈ ചരിത്ര മത്സരം ജപ്പാന്റെയും ട്യുണീഷ്യയുടെയും പേരില്‍ അടയാളപ്പെടും. ലോകകപ്പിലെ ജപ്പാന്റെ 100ാം മത്സരമായിരുന്നു ഇത്. ചരിത്ര പോരാട്ടത്തില്‍ തന്നെ വമ്പന്‍ വിജയം സ്വന്തമാക്കാനും ജപ്പാന് സാധിച്ചു.
ഏഷ്യയിലെ ഏറ്റവും മികച്ച ടീമാണ് ജപ്പാന്‍. ഫിഫ റാങ്കിങ്ങില്‍ 18ാം സ്ഥാനത്തുള്ള ജപ്പാന്‍ ഏഷ്യന്‍ വന്‍കരയില്‍ നിന്നും യോഗ്യത നേടിയ ആദ്യ ടീമാണ്. തുടര്‍ച്ചയായ എട്ടാം ലോകകപ്പാണ് ഇത്തവണ ജപ്പാന്‍ കളിക്കുന്നത്.
1998ലാണ് ജപ്പാന്‍ ആദ്യമായി ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2018 റഷ്യന്‍ ലോകകപ്പില്‍ കൊളംബിയയെ വീഴ്ത്തിയ ജപ്പാന്‍ 2022 ഖത്തര്‍ ലോകകപ്പില്‍ വമ്പന്‍ അട്ടിമറി നടത്തി ശ്രദ്ധ നേടി. കഴിഞ്ഞ ലോകകപ്പില്‍ മരണ ഗ്രൂപ്പെന്ന് വിശേഷിക്കപ്പെട്ട ഗ്രൂപ്പ് ഇ-യില്‍ സ്പെയ്നിനെയും ജര്‍മനിയെയും ആണ് ജപ്പാന്‍ തകര്‍ത്തത്.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷവും ജപ്പാന്റെ പോരാട്ടവീര്യത്തിന് യാതൊരു കുറവും വന്നിരുന്നില്ല. സമീപകാലങ്ങളില്‍ നടന്ന സൗഹൃദ മത്സരങ്ങളില്‍ ബ്രസീലിനെയും ഇംഗ്ലണ്ടിനെയും വീഴ്ത്തി ജപ്പാന്‍ ഫുട്ബോള്‍ ലോകത്തെ വീണ്ടും ഞെട്ടിച്ചിരുന്നു.
അതേസമയം ട്യുണീഷ്യക്കെതിരെയുള്ള മത്സരത്തില്‍ നാലാം മിനിറ്റില്‍ തന്നെ ജപ്പാന്‍ ലീഡ് നേടി. ഡായിച്ചി കമാഡയാണ് ഗോള്‍ സ്‌കോറര്‍. ആയാസെ ഉയേദ ഇരട്ട ഗോളും നേടി തിളങ്ങി. മത്സരത്തിന്റെ 31, 83 എന്നീ മിനിറ്റുകളിലാണ് താരത്തിന്റെ ഗോളുകള്‍ പിറന്നത്. 69ാം മിനിറ്റില്‍ ജൂനിയോ ഇറ്റോയും ഗോള്‍ നേടി ടീമിന്റെ വിജയത്തില്‍ പങ്കാളിയായി.
FT: 🇯🇵 Japan 4-0 Tunisia 🇹🇳
⚽ 4′ Ueda
⚽ 31′ Kamada
⚽ 69′ J. Ito
⚽ 83′ Ueda
Four goals and a clean sheet. Excellent evening for Samurai Blue. Sweden next 🔜 pic.twitter.com/vUn4B0uawd
മത്സരത്തില്‍ ട്യുണീഷ്യക്ക് മുകളില്‍ ജപ്പാന്റെ സര്‍വാധിപത്യമായിരുന്നു. 57 ശതമാനം ബോള്‍ പൊസഷന്‍ നിലനിര്‍ത്തിയ ജപ്പാന്‍ 10 ഷോട്ടുകളാണ് എതിര്‍ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ അഞ്ച് ഷോട്ടുകളും ഓണ്‍ ടാര്‍ഗറ്റിലേക്ക് ആയിരുന്നു.
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സിനെ സമനിലയില്‍ തളക്കാന്‍ ജപ്പാന് സാധിച്ചിരുന്നു. ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു. ജൂണ്‍ 26ന് സ്വീഡനെതിരെയാണ് ജപ്പാന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. അട്ടിമറികള്‍ കൊണ്ട് അത്ഭുതങ്ങള്‍ തീര്‍ക്കുന്ന ജപ്പാന്‍ ഇത്തവണയും ഞെട്ടിക്കുമോയെന്നാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്.
Content Highlight: Japan created a several historical records in FIFA world cup