ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക് യൂണിയൻ ബെർലിനെതിരെ വമ്പൻ വിജയമാണ് സ്വന്തമാക്കിയത്. ബവേറിയൻസിന്റെ തട്ടകമായ അലയൻസ് അരീനയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കായിരുന്നു ബയേൺ മ്യൂണിക്കിന്റെ ജയം.
ഫ്രഞ്ച് താരം മൈക്കൽ ഒലീസയുടെ ഹാട്രിക് കരുത്തിലും ഇംഗ്ലണ്ട് നായകൻ ഹാരി കെയ്‌നിന്റെ ഇരട്ട ഗോളിന്റെ പിൻബലത്തിലുമാണ് ബയേൺ കൂറ്റൻ വിജയം സ്വന്തമാക്കിയത്.
മത്സരത്തിൽ നേടിയ ഇരട്ട ഗോളുകൾക്ക് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് കെയ്ൻ സ്വന്തമാക്കിയത്. ബുണ്ടസ് ലീഗയിൽ 100 ഗോളുകൾ പൂർത്തിയാക്കിയാണ് കെയ്ൻ തിളങ്ങിയത്.
ബുണ്ടസ് ലീഗയുടെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 100 ഗോളുകൾ നേടുന്ന താരമായും കെയ്ൻ റെക്കോഡിട്ടു. 98 മത്സരങ്ങളിൽ നിന്നുമാണ് ഇംഗ്ലണ്ട് നായകന്റെ നേട്ടം. മുൻ ജർമൻ താരം ഡീറ്റർ മുള്ളറുടെ പേരിലുണ്ടായിരുന്ന റെക്കോഡ് തകർത്താണ് കെയ്ൻ ചരിത്രമെഴുതിയത്.
1977ൽ 129 മത്സരങ്ങളിൽ നിന്നുമായിരുന്നു മുള്ളർ 100 ഗോളുകൾ നേടിയിരുന്നത്. ഇപ്പോൾ 49 വർഷത്തെ റെക്കോഡും തകർത്തെറിഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് താരം.
ഇംഗ്ലീഷ് വമ്പന്മാരായ ടോട്ടൻഹാം ഹോട്‌സ്പറിൽ നിന്നും ജർമനിയിലേക്ക് ചേക്കേറിയ കെയ്ൻ ആദ്യ സീസൺ മുതൽ തന്നെ ബയേൺ മ്യൂണിക്കിന്റെ മുന്നേറ്റ നിരയിലെ പ്രധാനപ്പെട്ട താരമായി സ്വയം അടയാളപ്പെടുത്തുകയാണ്.
അതേസമയം മത്സരത്തിൽ ഒലീസക്കും കെയ്‌നും പുറമെ ജമാൽ മുസിയാല, ഇസ്മെയിൽ സൈബേരി എന്നിവർ ഓരോ ഗോളും നേടി വിജയത്തിൽ നിർണായകമായി.
Content Highlight: Harry Kane create a historical record in Bundesliga
