മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. നിരവധി സിനിമകളിലൂടെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍ കൂടിയാണ് അദ്ദേഹം. പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത് ജഗദീഷ് ഭാഗമായ ഒരു സിനിമയായിരുന്നു ഗജകേസരിയോഗം.

മുംതാസ് ബഷീര്‍ നിര്‍മിച്ച് 1990ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത് ഇന്നസെന്റ്, മുകേഷ്, സുനിത എന്നിവരായിരുന്നു. ഇപ്പോള്‍ ഈ സിനിമയിലെ ഇന്നസെന്റിനൊപ്പമുള്ള തന്റെ ഒരു സീന്‍ ഷൂട്ട് ചെയ്തതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ജഗദീഷ്.

ഗജകേസരിയോഗം എന്ന സിനിമയില്‍ ഒരു സീനുണ്ട്. ഇന്നസെന്റ് ചേട്ടന്റെ വീട്ടില്‍ ഇരുന്നിട്ട് എന്തോ കാര്യം ഡിസ്‌ക്കസ് ചെയ്യുന്നതായിരുന്നു ആ സീന്‍. സീനില്‍ ഇന്നസെന്റ് ചേട്ടന്‍ വലിയ സങ്കടത്തിലായിരുന്നു. ആനയെ വാങ്ങാന്‍ പറ്റാത്തതിന്റെയും സാമ്പത്തികമായ ബുദ്ധിമുട്ടുള്ളതിന്റെയും വിഷമമായിരുന്നു അദ്ദേഹത്തിന്.

അദ്ദേഹം ആ കാര്യം പറയുന്ന സീനാണ് ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നത്. ഈ സമയത്ത് ഞാന്‍ ഒരു കുസൃതി പോലെ ഇന്നസെന്റ് ചേട്ടന്‍ പറയുന്നതിന് അനുസരിച്ച് അടുത്തുള്ള ചെടിയില്‍ പിടിച്ചു കൊണ്ട് കേള്‍ക്കുകയാണ്. ഒരു സ്റ്റേജില്‍ എത്തിയതും ഈ ചെടി മൊത്തത്തില്‍ എന്റെ കയ്യില്‍ വന്നു (ചിരി).

റിയല്‍ ഷോട്ടില്‍ നടക്കുന്നതാണ് അത്. പ്ലാന്‍ ചെയ്തതായിരുന്നില്ല. പിന്നെ ഇന്നസെന്റ് ചേട്ടന്‍ അറിയാതെ അത് തിരികെ കുഴിച്ചിടുന്നതിലായിരുന്നു എന്റെ ശ്രദ്ധ മൊത്തമുണ്ടായിരുന്നത്. ഇന്നസെന്റ് ചേട്ടന്‍ അറിയുന്നതിന് മുമ്പ് വേണം അത് ചെയ്യാന്‍. ഒപ്പം ചേട്ടന്‍ പറയുന്നതിനൊക്കെ തലയാട്ടുകയും മൂളുകയും വേണമായിരുന്നു.

ഇതൊന്നും സംവിധായകന്‍ പറഞ്ഞതോ സീനില്‍ ഉള്ളതോ ആയിരുന്നില്ല. ഇന്നസെന്റ് ചേട്ടന്‍ ഒരു വലിയ ആക്ടര്‍ ആണെന്നതിന്റെ തെളിവ് കൂടെയായിരുന്നു ആ സീന്‍. കാരണം ഡയലോഗ് പറഞ്ഞ് തീര്‍ന്നതും ചേട്ടന്‍ ‘നീ എന്താ ഈ കാണിക്കുന്നേ’ എന്ന് ചോദിച്ച് അത് എന്റെ കയ്യില്‍ നിന്ന് പിടിച്ചു വാങ്ങി എറിഞ്ഞു (ചിരി),’ ജഗദീഷ് പറയുന്നു.

Content Highlight: Jagadish Talks About Innocent