കേരള ബ്ലാസ്റ്റേഴ്സുമായുള്ള ആത്മബന്ധത്തെക്കുറിച്ചും കേരളത്തിലെ ആളുകളോടെയുള്ള സ്‌നേഹത്തെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാന്‍ വുകോമനോവിച്ച്. കേരളം എപ്പോഴും തന്റെ ഹൃദയത്തിലുണ്ടാവുമെന്നാണ് ഇവാന്‍ പറഞ്ഞത്. പരിശീലകനായി വീണ്ടും തിരിച്ചെത്തിയേക്കുമെന്ന സൂചനയും ഇവാന്‍ നല്‍കി. ദി ഫുട്‌ബോള്‍ വീക്കിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍.

‘ഞാന്‍ എപ്പോഴും ആത്മാര്‍ത്ഥതയോടെയും സത്യസന്ധതയോടെയും പെരുമാറിയ ആളാണ്. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് ഞാനും കേരളവുമായുള്ള ബന്ധം ഇത്ര സ്‌പെഷ്യലായത്. കേരളം എപ്പോഴും എന്റെ ഹൃദയത്തില്‍ ഉണ്ടാകും. അതെന്റെ രണ്ടാമത്തെ ഹോമാണ്.

എനിക്ക് എപ്പോഴും കേരളത്തിലേക്ക് മടങ്ങി വരാന്‍ കഴിയും. ഒരുപക്ഷേ ഒരു ദിവസം പരിശീലകനായി ഞാന്‍ ഇന്ത്യയിലേക്ക് തിരിച്ചു വന്നേക്കാം. കേരളത്തെയും അവിടെ നിന്നും ലഭിച്ച എല്ലാ എക്‌സ്പീരിയന്‍സിനെയും ഞാന്‍ സ്‌നേഹിക്കുന്നു,’ ഇവാന്‍ വുക്കമനോവിച്ച് പറഞ്ഞു.

2021ലായിരുന്നു ഇവാന്‍ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ചുമതലയേറ്റത്. വുക്കമനോവിച്ചിന്റെ കീഴില്‍ കേരളത്തിന് കിരീടം നേടാന്‍ സാധിച്ചില്ലെങ്കിലും ഒരുപിടി അവിസ്മരണീയമായ നേട്ടങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തമാക്കിയത്.

2021-22 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ ബ്ലാസ്റ്റേഴ്സ് സ്വപ്നതുല്യമായ മുന്നേറ്റമായിരുന്നു ഇവാന്റെ കീഴില്‍ നടത്തിയിരുന്നത്. ആ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് ഒരുപിടി ചരിത്ര നേട്ടങ്ങളും സ്വന്തമാക്കിയിരുന്നു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ സീസണ്‍, ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ സീസണ്‍ തുടങ്ങിയ ഒരുപിടി തകര്‍പ്പന്‍ നേട്ടങ്ങളാണ് വുക്കമനോവിച്ചിന് കീഴില്‍ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നത്.

2016ല്‍ സ്റ്റീവ് കോപ്പലിന് ശേഷം കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിലേക്ക് കൈപിടിച്ചു കയറ്റാന്‍ ഇവാന് സാധിച്ചിരുന്നു. എന്നാല്‍ ആ സീസണില്‍ ഹൈദരാബാദ് എഫ്.സിയോട് പെനാല്‍ട്ടിയില്‍ 3-1ന് പരാജയപ്പെടാനായിരുന്നു കേരളത്തിന്റെ വിധി. 2024 സീസണില്‍ പരിക്കുകളും പ്രതിസന്ധികളും വില്ലനായി വന്നെങ്കിലും ടീമിനെ ക്വാളിഫയര്‍ വരെ എത്തിക്കാനും ഇവാന് സാധിച്ചിരുന്നു.

ബ്ലാസ്റ്റേഴ്‌സില്‍ നിന്നും പടിയിറങ്ങിയെങ്കിലും കേരളവുമായുള്ള ബന്ധം ഇവാന്‍ തുടര്‍ന്നു. 2025ല്‍ വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കരം എന്ന സിനിമയിലും മഞ്ഞപ്പടയുടെ ആശാന്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഫുട്‌ബോള്‍ മൈതാനങ്ങളില്‍ നിന്നും വെള്ളിത്തിരയിലേക്കും ഇവാനെത്തിയത് മലയാളി ഫുട്‌ബോള്‍ പ്രേമികളില്‍ വലിയ ആവേശമായിരുന്നു. കേരളത്തിലെ ആരാധകരുടെ മനസില്‍ വലിയ സ്ഥാനമുള്ള ഇവാന്‍ വീണ്ടും ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക കുപ്പായണമണിയുമോയെന്ന് കണ്ടുതന്നെ അറിയണം.

 

Content Highlight: Ivan Vukamanovic talks about his bond with Kerala Blasters