ഒടുവില്‍ പുതിയ നായകന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ ആദ്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കൈപ്പിടിയിലാക്കിയത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ പരമ്പര വിജയം ഉറപ്പാക്കിയത്.
ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെയുള്ള പരമ്പര അയ്യരുടെ കീഴില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. രണ്ടാം ടി-20യില്‍ 90 റണ്‍സിനാണ് സിംബാബ്‌വേയെ ഇന്ത്യ കീഴടക്കിയത്.
ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ 129 റണ്‍സിന് പുറത്തായി.
മത്സരത്തില്‍ ബാറ്റിങ്ങില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയത്
അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷനും തിലക് വര്‍മയുമാണ്. 44 പന്തില്‍ 81 റണ്‍സാണ് ഇഷാന്‍ അടിച്ചെടുത്തത്. ഒമ്പത് ഫോറുകളും രണ്ട് സിക്‌സുകളുമാണ് താരം നേടിയത്.
കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ഇഷാന്‍ കിഷന്‍ തന്നെയാണ്. ഇത് മൂന്നാം തവണയാണ് വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഇഷാന്‍ പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്നത്. ഈ നേട്ടം ഏറ്റവുമധികം തവണ സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് ഇഷാന്‍.
For his swashbuckling and effective knock, Ishan Kishan bags the Player of the Match award 🏅
ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് മലയാളി താരം സഞ്ജു സാംസണാണ്. അഞ്ച് തവണയാണ് സഞ്ജുവിനെ തേടി ഈ നേട്ടമെത്തിയത്. ദിനേശ് കാര്‍ത്തിക്, റിഷബ് പന്ത്, കെ.എല്‍ രാഹുല്‍ എന്നിവര്‍ ഓരോ തവണയും കളിയിലെ താരമായി. ഇന്ത്യന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എം.എസ് ധോണിക്ക് ഒരിക്കല്‍ പോലും പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടാന്‍ സാധിച്ചിട്ടില്ല.
അതേസമയം തിലക് വര്‍മ 29 പന്തില്‍ പുറത്താവാതെ 60 റണ്‍സും സ്വന്തമാക്കി ടീമിന് കൂറ്റന്‍ ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി. അഞ്ച് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് താരം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 25 റണ്‍സും വൈഭവ് സൂര്യവംശി 20 റണ്‍സും നേടി.
ഇന്ത്യന്‍ ബൗളിങ്ങില്‍ അഭിഷേക് ശര്‍മ മൂന്ന് വിക്കറ്റുകളും യാഷ് ഠാക്കൂര്‍, പ്രിന്‍സ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും രവി ബിഷ്ണോയ്, തിലക് വര്‍മ, ശിവം ദുബെ എന്നിവര്‍ ഓരോ വീതം വിക്കറ്റും നേടിയപ്പോള്‍ സിംബാബ്വേ തകരുകയായിരുന്നു.
സിംബാബ്‌വേ ബാറ്റിങ്ങില്‍ 32 റണ്‍സ് നേടിയ ഓപ്പണര്‍ ബ്രെയാന്‍ ബെന്നറ്റ് മാത്രമാണ് പൊരുതിയത്. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
നാളെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടക്കുന്ന അവസാന മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനായിരിക്കും ശ്രേയസ് അയ്യരും സംഘവും ലക്ഷ്യം വെക്കുക.
Content Highlight: Ishan Kishan wins third Player of the Match award for India as wicket keeper