ചരിത്രത്തിലാദ്യമായി കിഷന്‍ ഒന്നാം സ്ഥാനത്ത്; വെട്ടിയത് അഭിഷേകിനെ...
Cricket
ചരിത്രത്തിലാദ്യമായി കിഷന്‍ ഒന്നാം സ്ഥാനത്ത്; വെട്ടിയത് അഭിഷേകിനെ...
ശ്രീരാഗ് പാറക്കല്‍
Wednesday, 1st July 2026, 5:40 pm

ഐ.സി.സി ടി-20 ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമനായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍. കരിയറില്‍ ആദ്യമായാണ് താരം ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. മുമ്പ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സഹതാരം അഭിഷേക് ശര്‍മയെ പിന്നിലാക്കിയാണ് ഇഷാന്‍ കിഷന്‍ ഒന്നാം സ്ഥാനത്തേക്ക് ചേക്കേറിയത്. 12 മാസങ്ങള്‍ ശേഷമാണ് അഭിഷേക് ടി-20യിലെ ഒന്നാം സ്ഥാനത്ത് നിന്ന് താഴെ ഇറങ്ങുന്നത്.

ഇതോടെ ഇന്ത്യയ്ക്ക് വേണ്ടി ടി-20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന നാലാമനാകാനും കിഷന് സാധിച്ചിരിക്കുകയാണ്. ഇതിന് മുമ്പ് വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ എന്നിവരായിരുന്നു റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടിയത്.

876 റേറ്റിങ് പോയിന്റുമായാണ് കിഷന്‍ മുന്നേറിയത്. റാങ്കിങ്ങില്‍ നിലവില്‍ രണ്ടാം സ്ഥാനത്തുള്ള അഭിഷേക് 869 പോയിന്റാണ് നേടിയത്.

ഇഷാന്‍ കിഷന്‍

ലോകകപ്പിന് ശേഷം അയര്‍ലാന്‍ഡിനെതിരായ പരമ്പരയിലാണ് താരം കളത്തിലിറങ്ങിയത്. എന്നാല്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒരു റണ്‍സും രണ്ടാം മത്സരത്തില്‍ 12 റണ്‍സും മാത്രമായിരുന്നു കിഷന്റെ സമ്പാദ്യം. 2026 ടി-20 ലോകകപ്പി ലോകകപ്പില്‍ മികച്ച പ്രകടനവും താരം നടത്തിയിരുന്നു. 317 റണ്‍സ് നേടിയ അദ്ദേഹം ഇന്ത്യയുടെ പ്രധാന റണ്‍വേട്ടക്കാരില്‍ ഒരാളായിരുന്നു.

ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി 47 മത്സരങ്ങളില്‍ നിന്ന് 1341 റണ്‍സാണ് കിഷന്‍ നേടിയത്. 103 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടിയിരുന്നു. 29.15 എന്ന ഓവറേജും 146.87 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്.

അതേസമയം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് ടി-20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. റിവര്‍സൈഡ് സ്റ്റേഡിയത്തിലാണ് മത്സരം. അയര്‍ലാന്‍ഡിനെതിരെയുള്ള ടി-20 പരമ്പരയില്‍ പരാജയപ്പെട്ടാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. പരമ്പര സ്വന്തമാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. മത്സരത്തില്‍ സൂപ്പര്‍ നേട്ടവും കൈക്കലാക്കി ഇറങ്ങുന്ന ഇഷാന്‍ കിഷന്‍ മിന്നും പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Ishan Kishan At Top Of ICC T-20 Batting Ranking

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ