[] മുംബൈ : റെക്കാഡുകള്‍ തിരുത്തി പുതിയ ഉയരങ്ങളിലേക്ക് മുന്നേറിയ ഇന്ത്യന്‍ ഓഹരി വിപണി വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഇറാഖിലെ സുന്നി മുസ്ലീം സംഘടനകള്‍ നടത്തുന്ന കലാപമാണ് ഓഹരി വിപണി സൂചികകളെ സാരമായി ബാധിച്ചത്. എണ്ണക്കമ്പനികള്‍ക്കാണ് ഇന്ന് കനത്ത തിരിച്ചടി നേരിട്ടത്.
ക്രൂഡ് ഇറക്കുമതി ചെയ്യുന്ന പൊതുമേഖലാ എണ്ണക്കമ്പനികളായ ഐ.ഒ.സി, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ എന്നിവയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്.
ഇറാഖിനെ പിടികൂടിയ പ്രതിസന്ധി രാജ്യാന്തര വിപണിയില്‍ എണ്ണവില പിടിച്ചുയര്‍ത്തി. ക്രൂഡ് ഓയില്‍ വില ബാരലിന്് 114.69 ഡോളര്‍ വരെ എത്തി. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ക്രൂഡ് ഓയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങളിലൊന്നായ ഇറാഖില്‍ വിമതര്‍ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍ പിടിച്ചടക്കിയതോടെ, എണ്ണ വിതരണം തടസപ്പെടുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഇറാഖില്‍ നിന്നുള്ള കയറ്റുമതി നിലച്ചാല്‍ വില ഇനിയും കൂടുവാനാണ് സാധ്യത.
ക്രൂഡോയില്‍ അവശ്യത്തിന്റെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. വില വര്‍ധന വീണ്ടും വിലക്കയറ്റത്തിനു വഴിവയ്ക്കുമെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. ഇത് നാണ്യപ്പെരുപ്പ നിരക്കും ഉയര്‍ത്തും. ഇറാഖ് പ്രതിസന്ധി ഇന്ത്യന്‍ വിപണികളെ മാത്രമല്ല ആഗോള വിപണികളെയും ഇന്ന് നഷ്ടത്തിലാക്കി. എച്ച്.യു.എല്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ മാത്രമാണ് ഇന്ന് നേരിയ നേട്ടമുണ്ടാക്കിയത്.
