ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം തങ്ങളുടെ കൈകളിലാണെന്ന് ഇറാന്‍. ഇറാനെ പരാജയപ്പെടുത്തിയ ശേഷം ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തന്നെ ‘അമേരിക്കന്‍ പ്രദേശമായി’ പ്രഖ്യാപിക്കുമെന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ഇറാന്റെ പ്രതികരണം.
‘ഹോര്‍മുസ് കടലിടുക്ക് ഇറാന്റെ ഭൂഭാഗമായിരുന്നു, ഇത് ഇറാന്റേതാണ്, ഇനിയും അങ്ങനെ തന്നെ തുടരും. ഇറാന്റെ ഉത്തരവിലൂടെ മാത്രമേ ഈ ജലപാത തുറക്കുകയോ അടയ്ക്കുകയോ ചെയ്യുകയുള്ളൂ,’ എന്ന് ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി പറഞ്ഞു.
യു.എസ് തങ്ങളുടെ പരാജയം പൂര്‍ണമായി സമ്മതിക്കുന്നത് വരെ കടലിടുക്കിലെ ഉപരോധം തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഇസ്‌ലമാബാദ് കരാര്‍ ഒരു താത്കാലിക വെടിനിര്‍ത്തലല്ല, മറിച്ച് യുദ്ധത്തിന്റെ അവസാനമായിരുന്നുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൂണ്ടിക്കാട്ടി. കരാര്‍ അമേരിക്ക ലംഘിച്ചതിനാലാണ് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു.
ന്യൂയോര്‍ക്കില്‍ നടന്ന റാലിക്കിടെയാണ് ഹോര്‍മുസ് കടലിടുക്കിന്‍മേല്‍ അമേരിക്കന്‍ അധികാരം സ്ഥാപിക്കുമെന്ന പ്രകോപനപരമായ പ്രസ്താവന ട്രംപ് നടത്തിയത്. തുടര്‍ന്ന് അമേരിക്ക ഇറാന് മേല്‍ നാവിക ഉപരോധം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
തര്‍ക്കം നിലനില്‍ക്കുന്നതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ (ADNOC) ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലിന് നേരെ ആക്രമണമുണ്ടായി. കപ്പലിന്റെ ബോഡിക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ജൂണില്‍ ആക്രമണത്തിന് ഇരയായി ഒമാന്‍ തീരത്ത് അടിഞ്ഞ റഷ്യന്‍ എണ്ണക്കപ്പലായ കരോളിന്‍ ബെസെംഗിയില്‍ നിന്നുള്ള എണ്ണച്ചോര്‍ച്ച ഒമാന്റെ 12 കിലോമീറ്ററോളം തീരപ്രദേശത്തേക്ക് പടര്‍ന്നിട്ടുണ്ട്. ഇത് കടുത്ത പാരിസ്ഥിതിക ആഘാതത്തിന് കാരണമാകുമെന്ന ആശങ്ക വര്‍ധിപ്പിച്ചു.