വിജയത്തിനൊപ്പം രജതിന് ബോണസും; ഇനി സ്ഥാനം വോണിനൊപ്പം
Cricket
വിജയത്തിനൊപ്പം രജതിന് ബോണസും; ഇനി സ്ഥാനം വോണിനൊപ്പം
ഫസീഹ പി.സി.
Thursday, 14th May 2026, 10:50 am

2026 ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തകര്‍പ്പന്‍ വിജയവുമായി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു. ന്യൂ റായ്പൂരില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആറ് വിക്കറ്റിനാണ് ആര്‍.സി.ബിയുടെ വിജയം. സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ സെഞ്ച്വറി കരുത്തിലാണ് വിജയം സ്വന്തമാക്കിയത്.

വിജയത്തോടെ ആര്‍.സി.ബി ക്യാപ്റ്റന്‍ രജത് പടിദാര്‍ ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി. 25 മത്സരങ്ങള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന രണ്ടാമത്തെ ക്യാപ്റ്റന്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.

രജത് പടിദാർ. Photo: Royal Challengers Bengaluru/x.com

രാജസ്ഥാന്‍ ക്യാപ്റ്റനായിരുന്ന ഷെയ്ന്‍ വോണിന്റെ ഒപ്പമാണ് രജത് ഈ നേട്ടം പങ്കിടുന്നത്. ഇരുവര്‍ക്കുമുള്ളത് 18 വിജയങ്ങള്‍ വീതമാണ്. ഈ നേട്ടത്തില്‍ ഹര്‍ദിക് പാണ്ഡ്യായാണ് ഒന്നാം സ്ഥാനത്ത്. താരത്തിന് 19 വിജയങ്ങളാണുള്ളത്.

അതേസമയം, മത്സരത്തില്‍ കോഹ്ലി 60 പന്തില്‍ പുറത്താവാതെ 105 റണ്‍സ് നേടിയാണ് ടീമിന് വിജയമൊരുക്കിയത്. ഒപ്പം 27 പന്തില്‍ 39 റണ്‍സുമായി ദേവ്ദത്ത് പടിക്കലും സംഭാവന ചെയ്തു. കൊല്‍ക്കത്തക്കായി കാര്‍ത്തിക് ത്യാഗി മൂന്ന് വിക്കറ്റുകളും സുനില്‍ നരെയ്ന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

വിരാട് കോഹ്‌ലി. Photo: IndianPremierLeague/x.com

മറുവശത്ത് കൊല്‍ക്കത്തക്കായി തിളങ്ങിയത് 46 പന്തില്‍ 71 റണ്‍സെടുത്ത ആംഗ്രിഷ് രഘുവംശിയാണ്. ഒപ്പം 29 പന്തില്‍ പുറത്താവാതെ 49 റണ്‍സുമായി റിങ്കു സിങ്ങും 24 പന്തില്‍ 32 റണ്‍സുമായി കാമറൂണ്‍ ഗ്രീനും മികവ് പുലര്‍ത്തി. ബെംഗളൂരുവിനായി ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്‌സല്‍വുഡ്, റാസിഖ് സലാം എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

മെയ് 17നാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം. പഞ്ചാബ് കിങ്സാണ് എതിരാളികള്‍. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ ധര്‍മശാലയാണ് ഈ മത്സരത്തിന്റെ വേദി.

 

Content Highlight: IPL 2026: Rajat Patidar equals with Shane Warne in most wins after 25 matches as captain

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി