ചെന്നൈയെ കറക്കി വീഴ്ത്തിയ കമ്മിന്‍സ് തന്ത്രം; വോണിനൊപ്പം ഹൈദരാബാദ് ക്യാപ്റ്റന്‍
Cricket
ചെന്നൈയെ കറക്കി വീഴ്ത്തിയ കമ്മിന്‍സ് തന്ത്രം; വോണിനൊപ്പം ഹൈദരാബാദ് ക്യാപ്റ്റന്‍
ഫസീഹ പി.സി.
Tuesday, 19th May 2026, 11:00 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ച് വിക്കറ്റിനാണ് ടീം തോല്‍പ്പിച്ചത്. ഇഷാന്‍ കിഷന്റെ കരുത്തിലാണ് താരത്തിന്റെ വിജയം.

ചെന്നൈ ഉയര്‍ത്തിയ 181 റണ്‍സിന്റെ വിജയലക്ഷ്യം ഹൈദരാബാദ് ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇതോടെ ടീം പ്ലേഓഫില്‍ പ്രവേശിച്ചിരുന്നു.

പാറ്റ് കമ്മിന്‍സ്. Photo: IndianPremierLeague/x.com

മത്സരത്തില്‍ ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. നാല് ഓവര്‍ എറിഞ്ഞ താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. വെറും 28 റണ്‍സ് വഴങ്ങിയായിരുന്നു താരത്തിന്റെ പ്രകടനം. 7.00 എക്കോണമിയിലായിരുന്നു ഓസീസ് പേസറുടെ ബൗളിങ്.

ഇതോടെ ഒരു സൂപ്പര്‍ നേട്ടവും കമ്മിന്‍സ് കരസ്ഥമാക്കി. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ക്യാപ്റ്റന്‍ എന്ന നേട്ടമാണ് താരം തന്റെ പേരില്‍ ചാര്‍ത്തിയത്. മുന്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ ഷെയ്ന്‍ വോണിനൊപ്പമാണ് താരം നേട്ടം പങ്കിടുന്നത്. ഇരുവരും ക്യാപ്റ്റനായി മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത് അഞ്ച് തവണയാണ്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ക്യാപ്റ്റന്മാര്‍, എണ്ണം

പാറ്റ് കമ്മിന്‍സ് – 5

ഷെയ്ന്‍ വോണ്‍ – 5

യുവരാജ് സിങ് – 3

അനില്‍ കുംബ്ലെ – 3

ഹര്‍ദിക് പാണ്ഡ്യ – 3

മത്സരത്തില്‍ കമ്മിന്‍സിന് പുറമെ, സാകിബ് ഹുസൈന്‍ രണ്ട് വിക്കറ്റും ഇഷാന്‍ മലിംഗ, പ്രഫുല്‍ ഹിംഗെ, എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. ചെന്നൈ നിരയില്‍ ഡെവാള്‍ഡ് ബ്രെവിസ് 27 പന്തില്‍ 44 റണ്‍സ് നേടിയപ്പോള്‍ കാര്‍ത്തിക് ശര്‍മ (19 പന്തില്‍ 32), ശിവം ദുബെ (23 പന്തില്‍ 26) എന്നിവരും തിളങ്ങി.

ഹൈദരാബാദിന് വേണ്ടി ഇഷാന്‍ കിഷന്‍ 47 പന്തില്‍ 70 റണ്‍സെടുത്തപ്പോള്‍ ഹെന്റിക് ക്ലാസന്‍ 26 പന്തില്‍ 47 റണ്‍സും അഭിഷേക് ശര്‍മ 21 പന്തില്‍ 26 റണ്‍സും ചെയ്തു. ചെന്നൈക്കായി മുകേഷ് ചൗധരി രണ്ട് വിക്കറ്റുകളും അകീല്‍ ഹൊസൈന്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

Content Highlight: IPL 2026: Pat Cummins equals with Shane Warne in captains with most three wicket hauls in IPL

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി