ചെന്നൈക്ക് ഇക്കാര്യത്തില്‍ സ്ഥിരതയില്ല; വിമര്‍ശനവുമായി മനോജ് തിവാരി
Cricket
ചെന്നൈക്ക് ഇക്കാര്യത്തില്‍ സ്ഥിരതയില്ല; വിമര്‍ശനവുമായി മനോജ് തിവാരി
ഫസീഹ പി.സി.
Saturday, 2nd May 2026, 2:32 pm

ഐ,പി.എല്‍ 2026ല്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടാന്‍ ഒരുങ്ങുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ഇന്ന് (മെയ് രണ്ട്) ചെപ്പോക്കില്‍ വെച്ചാണ് ഇരുടീമുകളും ഒരിക്കല്‍ കൂടി ഏറ്റുമുട്ടുന്നത്. ആദ്യ എല്‍ ക്ലാസിക്കോയിലെ കൂറ്റന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാവും ഗെയ്ക്വാദും സംഘവും സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറങ്ങുക.

ഇപ്പോള്‍ മത്സരത്തിന് മുന്നോടിയായി ചെന്നൈ ടീമിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ചെന്നൈയുടെ ടീം സെക്ഷനില്‍ സ്ഥിരതയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരുസമയത്ത് കാര്‍ത്തിക് ശര്‍മയെ കളിപ്പിക്കുന്നുവെന്നും മറ്റുചിലപ്പോള്‍ പ്രശാന്ത് വീറിന് അവസരം നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനോജ് തിവാരി. Photo: KKR Karavan/x.com

‘ചെന്നൈയ്ക്ക് ടീം സെലക്ഷനില്‍ ഒരു സ്ഥിരതയുമില്ല. ഒരിക്കല്‍ അവര്‍ കാര്‍ത്തിക് ശര്‍മയെ കളിപ്പിക്കുന്നു. ചിലപ്പോള്‍ പ്രശാന്ത് വീറിനെ ടീമില്‍ ഉള്‍പ്പെടുത്തും. എന്നാല്‍, പ്രശാന്ത് കളിക്കുമ്പോള്‍ അവനെ കൊണ്ട് ബൗള്‍ ചെയ്യിപ്പിക്കില്ല.

അകീല്‍ ഹൊസൈന്‍ മികച്ച പ്രകടമാണ് നടത്തുന്നത്. അവന്‍ ടീമില്‍ ഇല്ലെങ്കില്‍ ചെന്നൈയ്ക്ക് ബൗളിങ് ബുദ്ധിമുട്ടാവും. വെസ്റ്റ് ഇന്‍ഡീസില്‍ നിന്നാണെങ്കിലും അവനിൽ ഇന്ത്യന്‍ രക്തമുണ്ടാകാം. അവന്‍ അത്രയും മികച്ച രീതിയിലും ബുദ്ധിപരവുമായാണ് ലെഫ്റ്റ് ആം സ്പിന്‍ എറിയുന്നത്. അവന്റെ പ്രകടനമാണ് കഴിഞ്ഞ മത്സരത്തില്‍ മുംബൈയെ തകര്‍ത്തെറിഞ്ഞത്,’ മനോജ് തിവാരി പറഞ്ഞു.

ചെന്നൈ താരങ്ങൾ.

ചെന്നൈ ഈ സീസണില്‍ പല തവണ തങ്ങളുടെ കോമ്പിനേഷന്‍ മാറ്റി പരീക്ഷിച്ചിരുന്നു. ആയുഷ് മാഹ്‌ത്രെയ്ക്ക് പരിക്കേറ്റതോടെ വീണ്ടും മാറ്റങ്ങള്‍ വരുത്തേണ്ടി വന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മനോജ് തിവാരിയുടെ പ്രതികരണം.

അതേസമയം, ചെന്നൈയ്ക്ക് ഈ മത്സരം ഏറെ നിര്‍ണായകമാണ്. നിലവില്‍ പോയിന്റ് ടേബിളില്‍ മുന്‍ ചാമ്പ്യന്മാര്‍ ഏഴാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍ നിന്ന് വെറും ആറ് പോയിന്റുള്ള ടീമിന് മറ്റൊരു തോല്‍വി താങ്ങാനാവില്ല.

Content Highlight: IPL 2026: Manoj Tiwary says that there is no stability in CSK’s team selection

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി