ഇന്ത്യന്‍ യുവവിസ്മയം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ഇന്ത്യന്‍ ഇതിഹാസം കപില്‍ ദേവ്. വൈഭവ് സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും വിരാട് കോഹ്‍ലിയെയും പോലെ മികച്ച താരമാണെന്നാണ് കപില്‍ ദേവ് പറഞ്ഞത്. ടി-20 മാത്രമല്ല മറ്റ് ഫോര്‍മാറ്റുകളിലും വൈഭവ് കഴിവ് സ്വയം തെളിയിക്കണമെന്നും കപില്‍ വ്യക്തമാക്കി. സ്‌പോര്‍ട്‌സ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘പ്രതിഭയുടെ കാര്യം നോക്കുകയാണെങ്കില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും വിരാട് കോഹ്‍ലിയെയും പോലെ മികച്ച കഴിവുള്ള താരമാണ് വൈഭവ്. എന്നാല്‍ ഈ കഴിവ് ടി-20യില്‍ മാത്രമാണ് ഇതുവരെ കാണാന്‍ സാധിച്ചത്. മറ്റ് ഫോര്‍മാറ്റുകളില്‍ കൂടി തന്റെ മികവ് തെളിയിക്കുകയെന്നത് അവന്റെ മുന്നിലുള്ള വെല്ലുവിളിയാണ്,’ കപില്‍ ദേവ് പറഞ്ഞു.
ഐ.പി.എല്ലിലും ഇന്ത്യ എയ്ക്ക് വേണ്ടിയും മിന്നും പ്രകടനമാണ് 15 വയസുകാരനായ വൈഭവ് സൂര്യവംശി കാഴ്ചവെച്ചത്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 2026 ഐ.പി.എല്ലില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയാണ് താരം ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. പേരുകേട്ട വമ്പന്‍ ബൗളര്‍മാരെ അടിച്ചുപറത്തിയ വൈഭവ് ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു. 2026 ഐ.പി.എല്ലില്‍ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും 776 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. നാല് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് വൈഭവ് നേടിയത്.
സീസണില്‍ വൈഭവ് തന്നെയാണ് ഓറഞ്ച് ക്യാപ്പും കൈപ്പിടിയിലാക്കിയത്. ഇതിന് പുറമെ മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്ട്രൈക്കര്‍ (237.3), മോസ്റ്റ് സിക്‌സ് (72), എമര്‍ജിങ് പ്ലെയര്‍ തുടങ്ങിയ അവാര്‍ഡുകളും താരം സ്വന്തം പേരിലാക്കിയിരുന്നു. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ വൈഭവ് ഇന്ത്യന്‍ ടീമിലുമെത്തി.
എന്നാല്‍ അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ പരാജയപ്പെട്ട രണ്ട് മത്സരങ്ങളിലും വൈഭവിന് അരങ്ങേറ്റം കുറിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലും താരം പ്ലെയിങ് ഇലവനില്‍ ഇടം നേടിയില്ല. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ താരത്തിന് അവസരം ലഭിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
കളത്തിലിറങ്ങിയാല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവിന്റെ പേരില്‍ കുറിക്കപ്പെടും. ഇതിഹാസ താരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് 15കാരന് മുന്നില്‍ തകര്‍ന്ന് വീഴുക.
Content Highlight: Indian legend Kapil Dev Praises Vaibhav Suryavanshi performance