ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വമ്പന്‍ ജയം. ലങ്കയുടെ തട്ടകമായ ഗാല്ലെയില്‍ നടന്ന മത്സരത്തില്‍ 165 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 372 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 206 റണ്‍സിന് പുറത്തായി.
ആറ് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനം നടത്തിയ മാനവ് സുതറാണ് ലങ്കന്‍ നിരയിലെ തകര്‍ത്തത്. 23.4 ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം 55 റണ്‍സ് വിട്ടുനല്‍കിയാണ് താരം ആറ് വിക്കറ്റുകള്‍ നേടിയത്. പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി ശ്രീലങ്കയുടെ പതനം പൂര്‍ത്തിയാക്കി.
A clinical victory for #TeamIndia in the Galle Test.
Manav Suthar’s 6 wicket haul in the second innings, guides India to a 165 run win over Sri Lanka.
ലങ്കന്‍ നിരയില്‍ പൊരുതി നിന്നത് സോനല്‍ ദിനുഷയും ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വയും ആണ്. ഇരുവരും അര്‍ധ സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. 128 പന്തുകളില്‍ നിന്നും എട്ട് ഫോറുകളും ഒരു സിക്സും അടക്കം 84 റണ്‍സാണ് സോനല്‍ ദിനുഷ സ്വന്തമാക്കിയത്. 151 പന്തില്‍ നിന്നും ധനഞ്ജയ ഡി സില്‍വ 59 റണ്‍സാണ് നേടിയത്. ഏഴ് ഫോറുകള്‍ അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.
അതേസമയം രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 193 റണ്‍സിനാണ് പുറത്തായത്. റിഷബ് പന്തിന്റെ ചെറുത്തുനില്‍പാണ് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 69 പന്ത് നേരിട്ട താരം 66 റണ്‍സ് നേടി മടങ്ങി. എട്ട് ഫോറും രണ്ട് സിക്സറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്.
പന്തിന് പുറമെ 75 പന്തില്‍ 44 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലും 47 പന്തില്‍ 35 റണ്‍സടിച്ച കെ.എല്‍. രാഹുലും ഇന്ത്യന്‍ നിരയില്‍ ചെറുത്തുനിന്നത്. ശേഷിച്ച താരങ്ങളെല്ലാം തന്നെ ഇരട്ടയക്കം കാണാതെ മടങ്ങുകയായിരുന്നു.
ലങ്കന്‍ ബൗളിങ്ങില്‍ അസിത ഫെര്‍ണാണ്ടോ നാല് വിക്കറ്റുകളും പ്രഭാത് ജയസൂര്യ മൂന്ന് വിക്കറ്റും ലഹിരു കുമാര രണ്ട് വിക്കറ്റും നേടി തിളങ്ങി. കേഷാര നുവന്ത ഒരു വിക്കറ്റും കൈവരിച്ചു.
ഒന്നാം ഇന്നിങ്സില്‍ ശ്രീലങ്ക 284 റണ്‍സിനാണ് പുറത്തായത്. ഇന്ത്യന്‍ ബൗളിങ്ങില്‍ നാല് വിക്കറ്റുകള്‍ നേടി മാനവ് സുതര്‍ തിളങ്ങിയപ്പോള്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും നേടി ശ്രീലങ്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തു. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും കൈപ്പിടിയിലാക്കി.
ശ്രീലങ്കന്‍ നിരയില്‍ സൊനല്‍ ദിനുഷ സെഞ്ച്വറി നേടി. 168 പന്തുകളില്‍ നിന്നും 100 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. നാല് ഫോറുകളും രണ്ട് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
നിരോഷന്‍ ഡിക്ക്വെല്ല അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. 115 പന്തില്‍ 80 റണ്‍സാണ് താരം നേടിയത്. ഏഴ് ഫോറുകളായിരുന്നു താരം നേടിയത്.
ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 462 റണ്‍സിനാണ് പുറത്തായത്. ഇന്ത്യന്‍ നിരയില്‍ ദേവ്ദത്ത് പടിക്കല്‍ സെഞ്ച്വറി നേടി കരുത്തുകാട്ടി. 230 പന്തുകളില്‍ നിന്നും 15 ഫോറുകളും ഒരു സിക്സും അടക്കം 167 റണ്‍സാണ് പടിക്കല്‍ സ്വന്തമാക്കിയത്.
കെ.എല്‍ രാഹുല്‍ 10 ഫോറുകളും ഒരു സിക്സും അടക്കം 80 റണ്‍സും ധ്രുവ് ജുറെല്‍ നാല് ഫോറുകളും ഒരു സിക്സും അടക്കം 51 റണ്‍സും നേടി.
ശ്രീലങ്കന്‍ ബൗളിങ്ങില്‍ പ്രഭാത് ജയസൂര്യ നാല് വിക്കറ്റും കേഷാര നുവന്ത മൂന്ന് വിക്കറ്റും അസിത ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റും നേടി തിളങ്ങി.
ഈ വിജയത്തോടെ ഇന്ത്യ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്തുകയും ചെയ്തു. ഓഗസ്റ്റ് 23നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ഈ മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനായിരിക്കും ഇന്ത്യ ലക്ഷ്യം വെക്കുക. മറുഭാഗത്ത് പരമ്പര സമനിലയാക്കാന്‍ ലങ്കക്ക് വിജയം അനിവാര്യമാണ്.
Content Highlight: India wins first Test against Sri Lanka