ലോക ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ പട്ടം ഇംഗ്ലണ്ടില്‍ നിന്നു തട്ടിയെടുത്തതിന്റെ അടുത്ത ദിനമാണ് വിന്‍ഡീസിനെതിരെ ഇന്ത്യ കളിക്കാന്‍ ഇറങ്ങിയത്. വേതന തര്‍ക്കം മൂലം പല കളിക്കാരും ഉടക്കി പിരിഞ്ഞതും കുട്ടി ക്രിക്കറ്റിന് അനുസൃതമായി കളിക്കാരുടെ മാനസികാവസ്ഥ രൂപപ്പെട്ടതു കൊണ്ട് അതില്‍ നിന്നു ഏകദിന ക്രിക്കറ്റിന്റെ നീളന്‍ ഫോര്മാറ്റിലേക്ക് പറിച്ചു മാറ്റപ്പെടേണ്ടതിന്റെ ബുദ്ധിമുട്ടും എല്ലാം കൊണ്ട് പ്രതിഭാശാലികളുണ്ടായിട്ടും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ കഴിയാത്തവരാണ് വിന്‍ഡീസ്. അവര്‍ക്കിനി വന്നു ഭവിക്കുന്ന ഒരു തോല്‍വി പോലും പുറത്തേക്കുള്ള വഴി ചൂണ്ടും എന്ന സമ്മര്‍ദ്ദത്തിനടിപ്പെട്ടാണ് അവര്‍ കളിക്കാനിറങ്ങിയത്. മറുവശത്തു ഇന്ത്യ തങ്ങളുടെ അജയ്യരെന്ന പട്ടം നിലനിര്‍ത്തുന്നതിനോടൊപ്പം സെമിയിലേക്ക് ഒരു പടി കൂടെ അടുക്കുക എന്നത് ഉന്നം വച്ചാണ് കളിക്ക് കോപ്പു കൂട്ടിയത്.

മാഞ്ചസ്റ്ററിലെ പേരു കേട്ട ഓള്‍ഡ് ട്രാഫോര്‍ഡില്‍ ടോസ് ഭാഗ്യം ഇന്ത്യക്കായിരുന്നു. ബാറ്റ് ചെയ്യാന്‍ രണ്ടാമതൊന്നാലോചിക്കാതെ തീരുമാനമെടുത്ത കോഹ്ലി ടീമില്‍ മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇറങ്ങിയത്.

വളരെ ശ്രദ്ധാപൂര്‍വ്വം ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാനുള്ള ഉദ്ദേശത്തില്‍ രാഹുലും രോഹിതും പതിഞ്ഞ താളത്തിലാണ് തുടങ്ങിയത്. എന്നാല്‍ ഒരു ബൗണ്ടറിയും ഷോര്‍ട്ട് ബോളില്‍ തന്റെ ട്രേഡ്മാര്‍ക്ക് ഷോട്ടായ പുള്‍ ഷോട്ടില്‍ സിക്‌സും നേടി രോഹിത് താന്‍ ഫോമിലാണെന്ന സൂചന നല്‍കിയെങ്കിലും റോച്ചിന്റെ ഒരു ഇന്‍സ്വിങ്ങര്‍ പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ കീപ്പര്‍ ക്യാച്ച് എടുത്തപ്പോള്‍ അമ്പയര്‍ ഔട്ട് നല്‍കിയില്ലെങ്കിലും റിവ്യൂ ചെയ്ത വിന്‍ഡീസിന് അനുകൂലമായി മൂന്നാം അമ്പയറുടെ വിധിയുണ്ടായി.

 

ഫീല്‍ഡ് അമ്പയറുടെ സോഫ്റ്റ് സിഗ്‌നല്‍ നോട്ട് ഔട്ട് ആണെങ്കില്‍ അതു യഥാര്‍ത്ഥത്തില്‍ മറിച്ചാണ് എന്നു വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ മൂന്നാം അമ്പയര്‍ക്ക് ആ തീരുമാനം മാറ്റാന്‍ പാടൂ എന്നാണ് നിയമം. എന്നാല്‍ രോഹിതിന്റെ പാഡിലാണോ ബാറ്റിലാണോ തട്ടിയതെന്നത് വ്യക്തമാകാതിരുന്നിട്ടും വിവാദപരമായ രീതിയില്‍ രോഹിത് ഔട്ടാണെന്ന് മൂന്നാം അമ്പയറുടെ വിധി വന്നു. തന്റെ വിധിയെ വിശ്വസിക്കാനാകാതെ നടന്നകന്ന രോഹിതിന്റെ ആ പുറത്താകല്‍ ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തെ തന്നെ ബാധിച്ചു.

സ്വതസിദ്ധമായ ശൈലിയില്‍ കോഹ്ലി കളി തുടങ്ങിയെങ്കിലും രാഹുലിന് വേണ്ട പോലെ സ്‌ട്രൈക്ക് റോട്ടയ്റ്റ് ചെയ്തു കളിക്കാന്‍ സാധിച്ചില്ല. അര്‍ദ്ധ സെഞ്ചുറിക്കരികെ വച്ചു രാഹുല്‍ മടങ്ങി. മോശമല്ലാത്ത ഒരിന്നിംഗ്‌സ് ആണ് രാഹുല്‍ കളിച്ചതെങ്കിലും ധവാന് പകരക്കാരനാകാന്‍ രാഹുലിന് കഴിയില്ല എന്നു അദ്ദേഹത്തിന്റെ മെല്ലെ പോക്ക് കൊണ്ടു തെളിയിച്ചു. പിന്നീടെത്തിയ ഇന്ത്യയുടെ ‘ത്രീ ഡയമെന്‍ഷനല്‍’ കളിക്കാരന്‍ ശങ്കറിനും ഇന്ത്യന്‍ ടീമിലെ മറ്റൊരു ദുര്‍ബല കണ്ണിയായ ജാദവും കാര്യമായ പ്രകടനങ്ങള്‍ കാഴ്ച വയ്ക്കാതെ കൂടാരം കയറിയപ്പോള്‍ ചുമതല മുഴുവന്‍ ധോണി -കോഹ്ലി സഖ്യത്തിന്റെ ചുമലിലായി.

തുടര്‍ച്ചയായ നാലാം അര്‍ധശതകം തികച്ച കോഹ്ലി തന്റെ വേഷം ഭംഗിയായി ആടിത്തിമര്‍ത്തപ്പോള്‍ കഴിഞ്ഞ കളിയിലെ മെല്ലെ പോക്കിന് സച്ചിനടക്കം പ്രമുഖരുടെയും ആരാധകരുടെയും പഴി കേട്ട ധോണി അവരെ മാറ്റി പറയിക്കാന്‍ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു. എന്നാലും പ്രായം തളര്‍ത്തുന്നതായി അനുഭവപ്പെട്ട ധോണിക്ക് പല ഘട്ടത്തിലും സ്‌ട്രൈക്ക് കൈ മാറി കളിക്കാനാകാത്തത് ന്യൂനതയായി. ശതകങ്ങളുടെ തോഴനായ കോഹ്ലിക്ക് പക്ഷേ ഈ ലോകകപ്പില്‍ ഒരു സെഞ്ച്വറി നേടാന്‍ കഴിഞ്ഞില്ല എന്ന കടം വീട്ടാന്‍ മുന്നേറി കൊണ്ടിരുന്ന കോഹ്ലിയെ പിച്ചില്‍ നിന്നു കിട്ടിയ അസാധാരണമായ ബൗണ്‍സില്‍ വിന്‍ഡീസ് നായകന്‍ ഹോള്‍ഡര്‍ വീഴ്ത്തി.

 

കോഹ്ലി വിചാരിച്ചത്രയും ബൗണ്‍സ് ചെയ്യാതിരുന്ന പന്ത് അദ്ദേഹത്തിന്റെ ടൈമിംഗ് തെറ്റിച്ചു. പിന്നീട് പാണ്ട്യയും ധോണിയും റണ്‍ നിരക്ക് ഉയര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഐ പി എല്ലിലെ വെടിക്കെട്ട് പുറത്തെടുക്കാനായില്ലെങ്കിലും ഒരു പരിധി വരെ ആക്രമിച്ചു കളിച്ച പാണ്ട്യയും അവസാന ഓവറുകളില്‍ രണ്ടു സിക്‌സറടക്കം 16 റണ്‍സ് നേടിയ ധോണിയും ടീമിനെ മാന്യമായ സ്‌കോറിലെത്തിച്ചു. വിന്‍ഡീസ് ബൗളിംഗ് നിരയില്‍ ആദ്യ ഓവറുകളില്‍ തുടര്‍ച്ചയായ രണ്ടു മെയ്ഡന്‍ അടക്കം മികച്ച രീതിയില്‍ പന്തെറിഞ്ഞ ഹോള്‍ഡര്‍ തന്നെയാണ് മുന്നിട്ട് നിന്നത്.

വമ്പനടികള്‍ക്ക് കെല്‍പ്പുള്ള വിന്‍ഡീസ് ടീമിനു ആ വിജയലക്ഷ്യം ഒട്ടും അപ്രാപ്യമായിരുന്നില്ല. എന്നാല്‍ അതിലാരു ക്ഷമയോടെ പിടിച്ചു നിന്നു ടീമിനെ കരക്കെത്തിക്കുമെന്നതായിരുന്നു ഉയര്‍ന്ന ചോദ്യം. യൂണിവേഴ്‌സല്‍ ബോസ്സ് ഗെയ്ലിനെ തുടക്കത്തിലേ നഷ്ടപ്പെട്ടപ്പോള്‍ ഗെയ്ലിന് പിന്നാലെ അവരുടെ ഈ ലോകകപ്പിലെ ഏറ്റവും മികച്ച പ്രതീക്ഷകളിലൊരാളായ ഹോപ്പും ഷമിക്ക് തന്നെ വിക്കറ്റ് നല്‍കി മടങ്ങി.പിന്നീട് ഒത്തു ചേര്‍ന്ന അമ്പ്രിസ് -പൂരന്‍ കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിച്ചെങ്കിലും ആവശ്യമായ റണ്‍ റേറ്റിന്റെ ഉയര്‍ച്ചയും വിന്‍ഡീസ് ബാറ്റ്സ്മാന്‍മാരുടെ ക്ഷമയില്ലായ്മയും കൂടി ആയതോടെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായി.

ഹെട്മയര്‍ ഒഴികെയുള്ള താരങ്ങള്‍ അക്ഷമ കാണിച്ചു വമ്പനടികള്‍ക്ക് ശ്രമിച്ചു പുറത്തായപ്പോള്‍ വിന്‍ഡീസിന്റെ തകര്‍ച്ച ശരവേഗത്തിലായി. ഇന്ത്യന്‍ ബൗളര്‍മാര്‍ കെണി വിരിച്ചു കാത്തിരുന്നു ഓരോരുത്തരെയായി പവലിയനിലേക്കയച്ചപ്പോള്‍ വിന്‍ഡീസ് ലോകകപ്പ് ചരിത്രത്തിലെ തന്നെ വലിയ തോല്‍വികള്‍ ഒന്നു വഴങ്ങി ഈ ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി. ഇന്ത്യക്കാകട്ടെ ഈ വിജയത്തോടെ സെമിയില്‍ ഒരു കാലെടുത്തു വക്കാന്‍ സാധിച്ചു. ഇനി ബാക്കിയുള്ള മൂന്നു കളികളില്‍ നിന്നു ഒരു പോയിന്റ് മാത്രം നേടിയാലും ഇന്ത്യ സെമി കളിക്കും. ഒപ്പം ഈ ലോകകപ്പിലെ അജയ്യര്‍ പട്ടം കൈവിട്ടു പോകാതെ സംരക്ഷിക്കാനും ഇത്തവണയും ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇത്തവണ അതു ആധികാരികമായി തന്നെയായിരുന്നു എന്നു മാത്രം.

 

ഈ തോല്‍വിയോടെ വിന്‍ഡീസിന്റെ മുന്നോട്ടുള്ള പ്രയാണം അവസാനിച്ചു. ട്വന്റി 20 മാത്രം കളിച്ചു പരിചയമുള്ള വിന്‍ഡീസ് താരങ്ങള്‍ക്ക് ഏകദിനശൈലിയുമായി ഒത്തു പോകാനാവുന്നില്ല എന്നതു തന്നെയാണ് അവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. നങ്കൂരമിട്ടു നിന്നു വലിയ ഇന്നിംഗ്‌സ് കളിക്കാനുള്ള മനോഭാവം അവര്‍ പ്രകടമാക്കുന്നില്ല. മൂന്നോ നാലോ ഡോട്ട് ബോളുകള്‍ കളിക്കേണ്ടി വന്നാല്‍ ക്ഷമ നശിച്ചു അഞ്ചാം പന്ത് ആക്രമിക്കാന്‍ തുനിയുമ്പോള്‍ അതു എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. ന്യൂസിലന്ഡിനെതിരെ ശതകം നേടിയ ബ്രാത്വെയിറ്റ് ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്നു എന്നത് അവരുടെ ബാറ്റിംഗ് ആഴം വെളിപ്പെടുത്തുന്നു. എന്നാല്‍ ആരും പക്വതയാര്‍ന്ന പ്രകടനം കാഴ്ച വെക്കുന്നില്ല എന്നതാണ് അവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം.

ഇതു വരെ തോല്‍വി അറിഞ്ഞിട്ടില്ലെങ്കിലും, ഈ കളി ആധികാരികമായി തന്നെ ജയിച്ചെങ്കിലും ഇന്ത്യക്ക് ഇപ്പോഴും പരിഹരിക്കപ്പെടാനായി കുറച്ചധികം പ്രശ്‌നങ്ങളുണ്ട്. എന്നും ശക്തികേന്ദ്രമായി നിന്നിരുന്ന ബാറ്റിംഗ് നിരയിലാണ് ഇക്കുറി പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. എന്നും പ്രധാന പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്ന ബൗളിംഗ് ഇത്തവണ മികച്ചതാണ് താനും. ബൗളിംഗ് മികവിലാണ് കഴിഞ്ഞ രണ്ടു കളികളും ജയിച്ചു കയറിയത്. രാഹുല്‍ മോശമല്ലാത്ത രീതിയില്‍ ബാറ്റ് ചെയ്യുന്നുണ്ടെങ്കിലും ധവാന്‍ തുടക്കത്തില്‍ തന്നെ ആക്രമിച്ചു കളിക്കുമ്പോള്‍ കിട്ടുന്ന മികച്ച തുടക്കം സമ്മാനിക്കാന്‍ രാഹുലിനാകുന്നില്ല.

ഐ പി എല്ലില്‍ പഞ്ചാബിനായി ഓപ്പണിങ് ഇറങ്ങി വെടിക്കെട്ടിന് തിരികൊളുത്തുന്ന രാഹുല്‍ അതിന്റെ ഒരു വകഭേദമെങ്കിലും ഇവിടെ പ്രകടമാക്കാന്‍ തയ്യാറാവേണ്ടിയിരിക്കുന്നു. പൊതുവെ ക്രീസില്‍ പിടിച്ചു നിന്നതിനു ശേഷം ആക്രമിക്കുന്ന രോഹിതിന്റെ അതേ രീതി രാഹുലും അവലംബിക്കുമ്പോള്‍ പവര്‍പ്ലേയുടെ ആനുകൂല്യം ഇന്ത്യക്ക് മുതലെടുക്കാന്‍ കഴിയാതെ ആകുന്നു. ഇന്നലത്തെ പോലെ രോഹിത് പെട്ടെന്നു പുറത്താവുക കൂടി ചെയ്താല്‍ രാഹുല്‍ കൂടുതല്‍ പ്രതിരോധത്തിലേക്ക് വലിയുന്ന കാഴ്ചയും നമ്മള്‍ കണ്ടതാണ്.

 

പിന്നീടുള്ള പ്രധാന പ്രശ്‌നം നാലാം നമ്പര്‍ തന്നെയാണ്. രാഹുലിന്റെ വരവോടെ ആ പ്രശ്‌നം പരിഹരിച്ചു എന്നു തോന്നിച്ചെങ്കിലും ധവാന്റെ പരിക്ക് മൂലം സ്ഥാനക്കയറ്റം കിട്ടി രാഹുല്‍ മാറിയപ്പോള്‍ പകരമെത്തിയ ശങ്കര്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്റെ മികവ് ഇതു വരെ പുറത്തെടുത്തിട്ടില്ലാത്ത ആളാണ്.

പ്രധാന ബാറ്റ്സ്മാന്‍മാരുടെ ബാറ്റിംഗ് ടെക്നിക്കും സ്വന്തമായി ഇല്ലാത്ത ശങ്കര്‍ മിക്ക കളികളിലും പന്തെറിയുന്നതും കാണാന്‍ സാധിക്കുന്നില്ല. കൂടാതെ മികച്ച ഫീല്‍ഡറെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹം അലസമായി വരുത്തുന്ന പിഴവുകള്‍ കൊണ്ടു ഒട്ടേറെ റണ്‍സ് ചോരുന്നതായും കാണാന്‍ സാധിക്കുന്നു. മൊത്തത്തില്‍ പറഞ്ഞാല്‍ ടീമിനു ഒരു ബാധ്യത ആയി നിലനില്‍ക്കുന്ന ശങ്കറിന് പകരം ഊഴം കാത്തു നില്‍ക്കുന്ന പന്തിനോ കാര്‍ത്തിക്കിനോ അവസരം കൊടുക്കേണ്ടത് അത്യാവശ്യമാണ്.

ശങ്കറിനെ പോലെ തന്നെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയ ഒരാളാണ് ജാദവ്. അഫ്ഗാനെതിരെ നേടിയ അര്‍ധശതകമൊഴിച്ച് കാര്യമായൊന്നും ചെയ്യാന്‍ കഴിയാത്ത ജാദവിനെ ബൗളിങ്ങിലും ഇന്ത്യ ഇപ്പോള്‍ ആശ്രയിക്കുന്നതേയില്ല. അവസാന ഓവറുകളില്‍ ഇറങ്ങിയാലും റണ്‍ നിരക്ക് ഉയര്‍ത്താന്‍ അദ്ദേഹത്തിനു കഴിയുന്നില്ല എന്നതും ഫീല്‍ഡില്‍ മെല്ലെ പോക്കുകാരനാണെന്നതും വലിയ ന്യൂനതകളാണ്. ബൗളിംഗ് ഓള്‍ റൗണ്ടര്‍ ആണെങ്കിലും ജഡേജക്ക് ജാദവിനു പകരം ഒരവസരം കൊടുത്തു നോക്കാവുന്നതാണ്.

 

അവസാന ഓവറുകളിലെ വമ്പനടിക്കും പന്തെറിയുമ്പോള്‍ പെട്ടെന്നു ഓവറുകള്‍ ഒരു എന്‍ഡില്‍ നിന്നു തീര്‍ത്തു ബാറ്റ്‌സ്മാനെ സമ്മര്‍ദ്ദത്തിലാക്കാനും ഫീല്‍ഡില്‍ കുറച്ചധികം റണ്‍ സേവ് ചെയ്യാനും മികച്ച ക്യാച്ചുകളെടുക്കാനുമുള്ള കഴിവ് ജഡേജയെ ഇറക്കാന്‍ ഇന്ത്യയെ നിര്‍ബന്ധിതരാകുന്നു.

വിന്നിങ് കോമ്പിനേഷനില്‍ മാറ്റം വരുത്തരുത് എന്ന പഴയ കാല സങ്കല്പം മാറ്റി വച്ചു ദുര്‍ബല കണ്ണികള്‍ മുറിച്ചു മാറ്റി അവസരം കാത്തിരിക്കുന്നവരെ ഉപയോഗിക്കാന്‍ ഇന്ത്യ മനസ് കാണിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് മുറിവേറ്റ സിംഹങ്ങളായ ഇംഗ്ലണ്ടിനോടാണെന്നത് അതിന്റെ ആവശ്യകത വര്‍ധിപ്പിക്കുന്നു. നോക്ക് ഔട്ട് റൗണ്ടിലെത്തുന്നതിനു മുന്‍പേ മികച്ച ഒരു ഇലവന്‍ വാര്‍ത്തെടുക്കേണ്ടത് അത്യാവശ്യമായതിനാല്‍ ഇത്തരം പരീക്ഷണങ്ങള്‍ ഇന്ത്യ ഇപ്പോള്‍ തന്നെ നടത്തിയേ തീരൂ