2026 ടി-20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. നേരത്തെ ഇന്ത്യയ്‌ക്കെതിരെ കളത്തിലിറങ്ങില്ലെന്ന നിലപാടില്‍ നിന്നും പാകിസ്ഥാന്‍ യൂ ടേണടിച്ചതോടെയാണ് ഫെബ്രുവരി 15ന് ക്ലാസിക് പോരാട്ടത്തിന് കളമൊരുങ്ങുന്നത്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുന്നത്.
ടി-20 ഫോര്‍മാറ്റില്‍ ഇരുവരും തമ്മിലുള്ള 17ാം മത്സരത്തിനാണ് കൊളംബോ സാക്ഷ്യം വഹിക്കുന്നത്. രാഷ്ട്രീയ-നയതന്ത്ര സാഹചര്യങ്ങള്‍ മൂലം ഐ.സി.സി, എ.സി.സി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്.
ഈ പോരാട്ടങ്ങളില്‍ മുന്‍തൂക്കം ഇന്ത്യയ്ക്കാണ്. കളിച്ച 16 മത്സരത്തില്‍ 13ലും ഇന്ത്യ വിജയം സ്വന്തമാക്കി. 2007 ടി-20 ലോകകപ്പിലെ ഐക്കോണിക് ബൗള്‍ ഔട്ട് മത്സരവും ആ ലോകകപ്പിലെ ഫൈനല്‍ പോരാട്ടവും 2022 ടി-20 ലോകകപ്പില്‍ മെല്‍ബണില്‍ നേടിയ നൂറ്റാണ്ടിന്റെ വിജയവുമെല്ലാം ഇതില്‍ ഉള്‍പ്പെടും.
16ല്‍ ആകെ മൂന്നെണ്ണം മാത്രമേ വിജയിച്ചുള്ളൂവെങ്കിലും അതിലൊന്ന് ഇന്ത്യ – പാക് ക്രിക്കറ്റ് ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ ആലേഖനം ചെയ്യപ്പെടുന്ന വിജയമാണ്.
2021 ലോകകപ്പില്‍ ഇന്ത്യയെ പത്ത് വിക്കറ്റിന് തകര്‍ത്തുകൊണ്ട് ബാബര്‍-റിസ്വാന്‍ കൂട്ടുകെട്ട് മെന്‍ ഇന്‍ ബ്ലൂവിനെ നിഷ്പ്രഭമാക്കിയത് ഒരു ക്രിക്കറ്റ് ആരാധകനും മറക്കാന്‍ ഇടയില്ല. ഇരുവരും തമ്മിലെ ഹെഡ് ടു ഹെഡ്ഡില്‍ പിറവിയെടുത്ത ഏക പത്ത് വിക്കറ്റ് വിജയമാണിത്.
ചരിത്രവിജയത്തില്‍ നിര്‍ണായകമായ ബാബര്‍ അസവും മുഹമ്മദ് റിസ്വാനും. Photo: ICC
ഇന്ത്യ vs പാകിസ്ഥാന്‍ ടി-20 മാച്ച് എന്നാല്‍ അത് എല്ലായ്‌പ്പോഴും വിരാട് കോഹ്ലിയുടെ പേരില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്. ഏറ്റവുമധികം റണ്‍സും, ഏറ്റവുമധികം ഫോറും, ഏറ്റവുമധികം സിക്‌സറുകളുമായി വിരാട് തന്നെയാണ് ഈ ലിസ്റ്റുകള്‍ ഡോമിനേറ്റ് ചെയ്യുന്നത്.
വിരാട് കോഹ്‌ലി. Photo: BCCI
ഇന്ത്യ – പാകിസ്ഥാന്‍ ഹെഡ് ടു ഹെഡ്
ആകെ മത്സരം: 16
ഇന്ത്യ വിജയിച്ചത്: 13
പാകിസ്ഥാന്‍ വിജയിച്ചത്: 3
അവസാന അഞ്ച് മത്സരത്തിലെ വിജയം
ഇന്ത്യ: 5
പാകിസ്ഥാന്‍: 0
ഒടുവിലെ മത്സരം: 2026 ഏഷ്യാ കപ്പ് ഫൈനല്‍, വിജയി ഇന്ത്യ
ഉയര്‍ന്ന ടോട്ടല്‍: 192/5, ഇന്ത്യ (പാകിസ്ഥാന്റെ ഇന്ത്യന്‍ പര്യടനം, 2012)
ഏറ്റവും ചെറിയ ടോട്ടല്‍: 83/10, പാകിസ്ഥാന്‍ (2016 ഏഷ്യാ കപ്പ്)
ഏറ്റവുമധികം റണ്‍സ്: വിരാട് കോഹ്‌ലി (ഇന്ത്യ) – 492 റണ്‍സ്
ഏറ്റവുമധികം 50+ സ്‌കോര്‍: വിരാട് കോഹ്‌ലി (ഇന്ത്യ) – 5 തവണ
ഏറ്റവുമധികം ഫോര്‍: വിരാട് കോഹ്‌ലി (ഇന്ത്യ) 49
ഏറ്റവുമധികം സിക്‌സര്‍: വിരാട് കോഹ്‌ലി (ഇന്ത്യ) – 11
ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന്റെ പുതിയ പതിപ്പില്‍ ഇതില്‍ ഏതെല്ലാം റെക്കോഡുകള്‍ മാറിമറിയുമെന്ന് കണ്ടുതന്നെ അറിയണം. മത്സരത്തിന് മഴഭീഷണിയുള്ളതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ല.
Content highlight: India vs Pakistan Head to Head in T20Is