അന്താരാഷ്ട്ര ഫുട്ബോളിലെ ശക്തരായ ബ്രസീലിനെതിരെ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീം കളിക്കാനിരിക്കുന്ന സൗഹൃദ മത്സരം ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാകുമെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) പ്രസിഡന്റ് കല്യാണ്‍ ചൗബേ. മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിനായി പശ്ചിമ ബംഗാള്‍ സര്‍ക്കാരുമായി പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു.
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ ബ്രസീലിനെ നേരിടാനുള്ള അവസരം ഇന്ത്യന്‍ താരങ്ങള്‍ക്ക് വിലമതിക്കാനാവാത്ത അനുഭവം സമ്മാനിക്കുമെന്നും ചൗബേ വ്യക്തമാക്കി. ഫുട്ബോള്‍ ആരാധകരുടെ വന്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയം മത്സരവേദിയായി പരിഗണിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
A date for the history books. 🇮🇳🤝🇧🇷 pic.twitter.com/Sj7zneeHnv
— Indian Football (@IndianFootball) July 30, 2026
മത്സരത്തിന്റെ ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും സംബന്ധിച്ച് പശ്ചിമ ബംഗാള്‍ സംസ്ഥാന കായിക വകുപ്പുമായും മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും ചര്‍ച്ചകള്‍ നടത്തിയതായി എ.ഐ.എഫ്.എഫ് പ്രസിഡന്റ് അറിയിച്ചു.
എല്ലാ സംവിധാനങ്ങളും മികച്ച രീതിയില്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സരത്തിന്റെ തീയതി, ബ്രസീല്‍ ടീമിന്റെ അന്തിമ സ്ക്വാഡ്, പ്രമുഖ താരങ്ങളുടെ പങ്കാളിത്തം എന്നിവ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളില്‍ എ.ഐ.എഫ്.എഫ് നടത്തും.
അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെതിരെ സ്വന്തം മണ്ണില്‍ കളിക്കാനുള്ള അവസരം ഇന്ത്യന്‍ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്ക് പുതിയ ഊര്‍ജം പകരുമെന്നും രാജ്യത്തെ ഫുട്ബോള്‍ ആരാധകര്‍ക്ക് അവിസ്മരണീയ അനുഭവമാകുമെന്നുമാണ് പ്രതീക്ഷ.
