എഫ്.സി.ആര്‍.എയുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനങ്ങള്‍ കണ്ടു; അത് ഞങ്ങളുടെ ആഭ്യന്തര കാര്യം: യു.എസ് നിയമസഭാംഗത്തെ തള്ളി ഇന്ത്യ
India
എഫ്.സി.ആര്‍.എയുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനങ്ങള്‍ കണ്ടു; അത് ഞങ്ങളുടെ ആഭ്യന്തര കാര്യം: യു.എസ് നിയമസഭാംഗത്തെ തള്ളി ഇന്ത്യ
നിഷാന. വി.വി
Saturday, 8th August 2026, 7:04 am

ന്യൂദല്‍ഹി: വിദേശ സംഭാവന നിയന്ത്രണ ബില്‍ ( എഫ്.സി.ആര്‍.എ) ബില്ലില്‍ ആശങ്ക പ്രകടിപ്പിച്ച യു.എസ് കോണ്‍ഗ്രസ് അംഗം റൈലി മൂറിനെ തള്ളി വിദേശകാര്യ മന്ത്രാലയം. നിയമ നിര്‍മാണം രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്നും അമേരിക്കയുള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ വിദേശ ഫണ്ട് നിയന്ത്രിക്കുന്നുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

എഫ്.സി.ആര്‍.എ ക്രിസ്ത്യാനികള്‍ക്കെതിരായ വ്യക്തമായ ആക്രമണമാണെന്നും ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ പ്രധാന പ്രശ്‌നമായി മാറുമെന്നും റൈലി മൂര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

‘എഫ്.സി.ആര്‍.എയുമായി ബന്ധപ്പെട്ട അഭിപ്രായപ്രകടനങ്ങള്‍ ഞങ്ങള്‍ കണ്ടിരുന്നു. എന്നാല്‍ ഇന്ത്യയുമാായി ബന്ധപ്പെട്ട നിയമ നിര്‍മാണങ്ങള്‍ ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളാണ്. അത് തീരുമാനിക്കുന്നത് രാജ്യത്തിന്റെ പാര്‍ലമെന്റാണ്,’ ജെയ്‌സ്വാള്‍ പറഞ്ഞു.

എഫ്.സി.ആര്‍.എയില്‍ വരുന്ന മാറ്റങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാറിന് ക്രിസ്ത്യന്‍ പള്ളികളുടെയും ചാരിറ്റികളുടെയും നിയന്ത്രണം ഏറ്റെടുക്കാന്‍ അനുവദിക്കുമെന്നും മൂര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം പങ്കുവെച്ച എക്‌സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ ചരിത്രം പങ്കുവെച്ച് കൊണ്ട് എഫ്.സി.ആര്‍.എ ക്രിസ്ത്യാനികള്‍ക്കെതിരായ വ്യക്തമായ ആക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു.

‘നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പുനരുദ്ധാരണത്തിന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ ക്രിസ്ത്യാനികള്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ ഇത്രയും നീണ്ട ക്രിസ്തീയ ചരിത്രം ഉണ്ടായിരുന്നിട്ടും, പളളികളും മതപരമായ ചാരിറ്റികളും സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ അനുവദിക്കുന്നതിനായി എഫ്.സി.ആര്‍.എയിലെ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പരിഗണിക്കുകയാണ്,’ മൂര്‍ പറഞ്ഞു.

Content Highlight: India dismisses US lawmaker’s remarks on FCRA, terms it an internal matter.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.