സഞ്ജു ബെഞ്ചില്‍ തന്നെ; പാകിസ്ഥാനെതിരെ രണ്ട് മാറ്റങ്ങള്‍?
Cricket
സഞ്ജു ബെഞ്ചില്‍ തന്നെ; പാകിസ്ഥാനെതിരെ രണ്ട് മാറ്റങ്ങള്‍?
ഫസീഹ പി.സി.
Sunday, 15th February 2026, 4:50 pm

2026 ടി – 20 ലോകകപ്പില്‍ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ കാത്തിരിപ്പിന് മണിക്കൂറുകള്‍ക്ക് ശേഷം വിരാമമാകും. ഇന്ന് (ഫെബ്രുവരി 15) കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരത്തിന് കളമൊരുങ്ങുന്നത്.

ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം ഇരു ടീമുകളും ഏറ്റുമുട്ടാന്‍ ഒരുങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ പ്ലെയിങ് ഇലവനിലേക്കാണ് ഏവരുടെയും ശ്രദ്ധ. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ടാവുമെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓപ്പണിങ്ങിലേക്ക് അഭിഷേക് ശര്‍മ്മ തിരിച്ചെത്തുമെന്നും താരം ഇഷാന്‍ കിഷനൊപ്പം ഓപ്പണ്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

സഞ്ജു സാംസണും അഭിഷേക് ശർമയും. Photo: BCCI/x.com

അതോടെ മലയാളി താരം സഞ്ജു സാംസണ്‍ പുറത്ത് പോകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. നമീബിയയ്ക്ക് എതിരെയുള്ള മത്സരത്തില്‍ ഓപ്പണിങ്ങില്‍ അനാരോഗ്യം കാരണം കളിക്കാതിരുന്ന അഭിഷേകിന് പകരം മലയാളി താരമായിരുന്നു ഇറങ്ങിയിരുന്നത്. മത്സരത്തില്‍ എട്ട് പന്തില്‍ 22 റണ്‍സാണ് താരം നേടിയത്.

കൂടാതെ, കുല്‍ദീപ് യാദവ് പ്ലെയിന്‍ ഇലവനില്‍ ഇടം പിടിച്ചേക്കും. പേസര്‍ അര്‍ഷ്ദീപ് സിങിന് മാറ്റിയാണ് താരം ടീമിലെത്തുക. പാകിസ്ഥാന്‍ എതിരെ മികച്ച ട്രാക്ക് റെക്കോഡുള്ളതിനാലാണ് അര്‍ഷ്ദീപിന് പകരമായി സ്പിന്നര്‍ പരിഗണിക്കുന്നതെന്നാണ് വിവരം.

കുൽദീപ് യാദവ്. Photo: BCCI/x.com

2025 ഏഷ്യാ കപ്പില്‍ പാകിസ്ഥാന് എതിരെ കുല്‍ദീപ് യാദവ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടൂര്‍ണമെന്റില്‍ മൂന്ന് മത്സരങ്ങളില്‍ കളിച്ച് എട്ട് വിക്കറ്റുകളിലാണ് താരം പാകിസ്ഥാനെതിരെ വീഴ്ത്തിയത്. അതില്‍ നാലും ഫൈനലിലായിരുന്നു. ഈ മികവാണ് ചൈനമാന്‍ സ്പിന്നര്‍ക്ക് പ്ലെയിങ് ഇലവനിലേക്ക് വഴിയൊരുക്കുന്നത്.

അതേസമയം, പാകിസ്ഥാന് മേല്‍ തങ്ങള്‍ക്കുള്ള ആധിപത്യം തുടരാന്‍ ഉറച്ചാണ് ഇന്ത്യന്‍ ടീം ഇന്ന് ലോകകപ്പില്‍ കളത്തില്‍ ഇറങ്ങുന്നത്. ഇതുവരെ ടി – 20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും എട്ട് തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. അതില്‍ ഏഴ് തവണയും മെന്‍ ഇന്‍ ബ്ലൂവിനായിരുന്നു വിജയം. ഒരു തവണ മാത്രമാണ് പാകിസ്ഥാന് ജയിക്കാന്‍ സാധിച്ചത്.

Content Highlight: Ind vs Pak: Kuldeep Yadav and Abhishek Sharma is likely to replace Arshdeep Singh and Sanju Samson in T20 World Cup

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി