ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ സഞ്ജു; തിരിച്ചുവരവില്‍ കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം
Cricket
ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ സഞ്ജു; തിരിച്ചുവരവില്‍ കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം
ഫസീഹ പി.സി.
Friday, 3rd July 2026, 2:40 pm

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടി – 20 പരമ്പരക്കാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. നാളെയാണ് (ജൂലൈ നാല്) ഈ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ട് ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറുക.

നേരത്തെ, ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ടി – 20 മഴ മൂലം ഉപേക്ഷിച്ചിരുന്നു. അതിനാല്‍ തന്നെ ഇരുടീമുകളും ഈ മത്സരത്തില്‍ വിജയിച്ച് പരമ്പരയില്‍ ലീഡ് നേടാനായിരിക്കും ലക്ഷ്യമിടുക.

സഞ്ജു സാംസൺ. Photo: BCCI/x.com

ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ കാത്തിരിക്കുന്നത് ഒരു സൂപ്പര്‍ നേട്ടമാണ്. അന്താരാഷ്ട്ര ടി -20യില്‍ 1500 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാനുള്ള അവസരമാണ് വിക്കറ്റ് കീപ്പര്‍ക്ക് മുന്നിലുള്ളത്.

ഈ നേട്ടത്തിലെത്താന്‍ സഞ്ജുവിന് വേണ്ടത് 95 റണ്‍സ് മാത്രമാണ്. ടി – 20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഇതുവരെ മലയാളി ബാറ്റര്‍ 1405 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. 64 ടി – 20 മത്സരങ്ങളാണ് താരം ഇതുവരെ ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിച്ചത്. മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും താരം കുട്ടി ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി അടിച്ചിട്ടുണ്ട്.

അതേസമയം, ടി – 20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചിട്ടില്ല. അയര്‍ലാന്‍ഡ് പരമ്പരയില്‍ താരം പാടെ നിരാശപ്പെടുത്തിയിരുന്നു. രണ്ട് മത്സരങ്ങളില്‍ കളിച്ച താരം വെറും അഞ്ച് റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്.

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി – 20യിലും സഞ്ജു കുഞ്ഞന്‍ സ്‌കോറില്‍ തന്നെ മടങ്ങി. ഏഴ് പന്തുകള്‍ നേരിട്ട താരം വെറും ഒരു റണ്‍സ് മാത്രമാണ് നേടിയത്.

Content Highlight: Ind vs Eng: Sanju Samson needs  95 runs to complete 1500 T20I runs

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.