ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കി കെ.എല്‍ രാഹുല്‍. മുല്ലാന്‍പ്പൂരില്‍ നടക്കുന്ന ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വണ്‍ ഓഫ് ടെസ്റ്റിനിടെയാണ് താരത്തിന്റെ നേട്ടം. മത്സരത്തിനിടെ വെറും മൂന്ന് റണ്‍സ് നേടിയതോടെയാണ് വിക്കറ്റ് കീപ്പര്‍ ഈ നേട്ടം കൈവരിച്ചത്.

അഫ്ഗാനെതിരെ ഇറങ്ങുമ്പോള്‍ രാഹുലിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 8997 റണ്‍സാണ് ഉണ്ടായിരുന്നത്. ഓപ്പണറായി ഇറങ്ങിയ താരം തന്റെ 210ാം ഇന്നിങ്‌സില്‍ മൂന്ന് റണ്‍സടിച്ച് ഈ നാഴികക്കല്ല് പിന്നിടുകയായിരുന്നു.

കെ.എൽ രാഹുൽ.

അതേസമയം, മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 15 ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 50 റണ്‍സെടുത്തിട്ടുണ്ട്. 49 പന്തില്‍ 21 റണ്‍സെടുത്ത രാഹുലിനൊപ്പം 11 പന്തിൽ നാല് റൺസെടുത്ത സായ് സുദര്‍ശനാണ് ക്രീസിലുള്ളത്.

യശസ്വി ജെയ്സ്വാളിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. 32 പന്തില്‍ അഞ്ച് ഫോറടക്കം 24 റണ്‍സെടുത്താണ് ഇന്ത്യന്‍ ഓപ്പണറുടെ മടക്കം. 12ാം ഓവറില്‍ മുഹമ്മദ് സലീമിന്റെ പന്തില്‍ അഫ്‌സര്‍ സസായ്ക്ക് ക്യാച്ച് നല്‍കിയാണ് താരം തിരികെ നടന്നത്.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍ രാഹുല്‍ , സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍, വാഷിങ്ടണ്‍ സുന്ദര്‍, മാനവ് സുതര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

സെദിഖുള്ള അടല്‍, റഹ്‌മാനുള്ള ഗുര്‍ബാസ്, അബ്ദുള്‍ മാലിക്, റഹ്‌മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), അഫസര്‍ സസായ് (വിക്കറ്റ് കീപ്പര്‍), അസ്മത്തുള്ള ഒമര്‍സായ്, ഷറഫുദ്ദീന്‍ അഷ്‌റഫ്, നങ്കേയാലിയ ഖരോട്ടെ, സിയാവുര്‍ റഹ്‌മാന്‍, മുഹമ്മദ് സലീം.

Content Highlight: Ind vs Afg: KL Rahul compeleted 9000 runs in First Class Cricket