യു.പിയില്‍ ആറുവയസ്സുകാരി കൊല്ലപ്പെട്ടത് ക്രൂരബലാത്സംഗത്തിനിടെ; മന്ത്രവാദത്തിനായി പ്രതികള്‍ കുട്ടിയുടെ ശ്വാസകോശം പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്
national news
യു.പിയില്‍ ആറുവയസ്സുകാരി കൊല്ലപ്പെട്ടത് ക്രൂരബലാത്സംഗത്തിനിടെ; മന്ത്രവാദത്തിനായി പ്രതികള്‍ കുട്ടിയുടെ ശ്വാസകോശം പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്‌ക്
Tuesday, 17th November 2020, 8:53 am

കാണ്‍പൂര്‍: കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ വനപ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയസ്സുകാരി ക്രൂരബലാത്സംഗത്തിനിരയായതായി പൊലീസ് റിപ്പോര്‍ട്ട്. കൊലയാളികള്‍ കുട്ടിയുടെ മൃതദേഹം വികൃമാക്കുകയും ശരീരത്തില്‍ നിന്ന് ശ്വാസകോശം പുറത്തെടുക്കുകയും ചെയ്‌തെന്നും പൊലീസ് പറഞ്ഞു.

ദുര്‍മന്ത്രവാദത്തിനായാണ് ബലാത്സംഗത്തിന് ശേഷം കുട്ടിയുടെ ശരീരത്തില്‍ നിന്ന് ശ്വാസകോശം പ്രതികള്‍ പുറത്തെടുത്തതെന്നും പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ ദീപാവലി ദിവസമാണ് പെണ്‍കുട്ടിയെ കാണാതായത്. യു.പിയിലെ ഘട്ടംപൂര്‍ പ്രദേശത്താണ് കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞത് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വനപ്രദേശത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പ്രദേശവാസികളായ അന്‍കുല്‍ കുറില്‍, ബീരന്‍, എന്നിവരാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവരെ ഞായറാഴ്ചയോടെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇവരാണ് കുട്ടിയെ ബലാത്സംഗം ചെയ്തശേഷം ശരീരത്തില്‍ നിന്ന് ശ്വാസകോശം എടുത്തുമാറ്റിയത്. പ്രദേശത്തെ ദുര്‍മന്ത്രവാദിയായ പരശുറാം കുറിലിനുവേണ്ടിയാണ് ഈ കൃത്യം നടത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

പ്രതികളില്‍ നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് പരശുറാം കുറിലിനെയും സംഭവത്തിന് കൂട്ടുനിന്ന ഇയാളുടെ ഭാര്യയേയും പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

മക്കളുണ്ടാകാനുള്ള പൂജയ്ക്ക് വേണ്ടിയാണ് ഈ കൃത്യം ചെയ്തതെന്നാണ് പരശുറാം പൊലീസിന് നല്‍കിയ മൊഴി. 1999 ലാണ് തന്റെ വിവാഹം കഴിഞ്ഞതെന്നും ഇതുവരെ കുട്ടികളുണ്ടായില്ലെന്നും അതിനുവേണ്ടിയാണ് പൂജയ്ക്കായി പെണ്‍കുട്ടിയുടെ ശ്വാസകോശമെടുത്തതെന്നും ഇയാള്‍ പറഞ്ഞു.

അതിനായി തന്റെ ബന്ധുവായ അന്‍കുലിനോടും ബീരനോടും  കുട്ടിയെ തട്ടിക്കൊണ്ടുവരാനും ശ്വാസകോശം പുറത്തെടുക്കാനും ആവശ്യപ്പെടുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

ഇതേത്തുടര്‍ന്നാണ് ദീപാവലി ദിനത്തില്‍ വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരിയെ ഇരുവരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ വനപ്രദേശത്ത് എത്തിച്ചശേഷം ഇരുവരും ചേര്‍ന്ന് കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: In UP 6 Year Old Gangraped And Lungs Were Taken For Black Magic