റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ആത്മവിശ്വാസം പങ്കുവെച്ച് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. എന്തൊക്കെ സംഭവിച്ചാലും സത്യം ജയിക്കുമെന്നായിരുന്നു ലാലുവിന്റെ പ്രതികരണം.
സത്യത്തെ കളളമായി അവതരിപ്പിക്കാന്‍ കഴിയുമെന്നും കോടതിയുടേത് പക്ഷപാതപരമായ തീരുമാനത്തിനുള്ള ഉദാഹരണമാണെന്നും ലാലു പറഞ്ഞു. ഒരുനാള്‍ സത്യം പുറത്തുവരുമെന്നും ലാലു പറയുന്നു.
കാലിത്തീറ്റ കുംഭകോണത്തില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു. മുഖ്യമന്ത്രിയായിരിക്കെ രണ്ടാം കാലിത്തീറ്റ കുംഭകോണത്തില്‍ 89 ലക്ഷം രുപയുടെ വെട്ടിപ്പ് നടത്തിയെന്നാണ് കേസ്.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ലാലുപ്രസാദ് യാദവിനെ കസ്റ്റഡിയിലെടുക്കാന്‍ കോടതി ഉത്തരവിട്ടു. ജനുവരി മൂന്നിന് ശിക്ഷ വിധിക്കുന്നതുവരെ ലാലുവിനെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനാണ് കോടതി നിര്‍ദ്ദേശം. കേസില്‍ ലാലുപ്രസാദ് കുടാതെ 15 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പ്രസ്താവിച്ചത്.
കേസില്‍ ആരോപണവിധേയനായ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയുള്‍പ്പടെ 6 പേരേ കോടതി വെറുതെവിട്ടു.
എന്നാല്‍ വിധിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആര്‍.ജെ.ഡി ആരോപിച്ചു. ലാലു പ്രസാദ് യാദവ് കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളൊന്നും തന്നെ പരിഗണിച്ചില്ലെ എന്നും ആര്‍.ജെ.ഡി. നേതൃത്വം ആരോപിച്ചു. കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.
