പുതിയ തലമുറയെ തെറ്റിദ്ധരിച്ചു, പ്രതികരിക്കാനുള്ള കൃത്യ സമയത്തിനായി കാത്തിരിക്കുകയായിരുന്നു അവർ: റീമ കല്ലിങ്കൽ
malayalam movie
പുതിയ തലമുറയെ തെറ്റിദ്ധരിച്ചു, പ്രതികരിക്കാനുള്ള കൃത്യ സമയത്തിനായി കാത്തിരിക്കുകയായിരുന്നു അവർ: റീമ കല്ലിങ്കൽ
നന്ദന. ടി
Friday, 28th August 2026, 8:39 am

അഭിനേത്രി, നർത്തകി എന്നീ നിലകളിൽ ശ്രദ്ധേയയായ റീമ കല്ലിങ്കൽ 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് നീലത്താമര, 22 ഫീമെയിൽ കോട്ടയം, റാണി പദ്മിനി, വൈറസ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

ചലച്ചിത്ര മേഖലയ്ക്ക് പുറമെ, മലയാള സിനിമയിലെ സ്ത്രീ മുന്നേറ്റ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കളക്ടീവ് ൻ്റെ സ്ഥാപകാംഗം എന്ന നിലയിലുള്ള നിലപാടുകളിലൂടെയും അവർ ശ്രദ്ധിക്കപ്പെട്ടു. നൃത്തരംഗത്ത് സജീവമായ റീമ, മാമാംഗം എന്ന ഡാൻസ് അക്കാദമിയിലൂടെ സമകാലിക നൃത്തത്തെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയും ആഗോളതലത്തിൽ നിരവധി പെർഫോമൻസുകൾ നടത്തുകയും ചെയ്യുന്നുണ്ട്. അടുത്തിടെ പരമ്പരാഗത വാദ്യകലയായ ചെണ്ട അഭ്യസിച്ച് അരങ്ങേറ്റം കുറിച്ചതും ശ്രദ്ധ നേടിയിരുന്നു.

റീമ കല്ലിങ്കൽ. Photo. Screen grab/ Youtube

മലയാള സിനിമയിലെ ഡബ്ല്യു.സി.സി പോലുള്ള സംഘടനയുടെ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചതിന്റെ ഭാഗമായി ഇൻഡസ്ട്രിയിൽ നിന്നുൾപ്പെടെ തിരിച്ചടികൾ നേരിട്ടിട്ടും, പോരാട്ടം തുടരാൻ പ്രചോദിപ്പിക്കുന്ന ഘടകം എന്താണെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു റീമ.

‘നമ്മൾ പറയുന്നത് ആളുകൾക്ക് എന്തുകൊണ്ടാണ് മനസിലാകാത്തത്, അല്ലെങ്കിൽ നമ്മൾ പറയുന്ന കാര്യങ്ങൾ തെറ്റാണോ എന്ന ഒരു കൺഫ്യൂഷൻ മാത്രമേ എനിക്ക് എപ്പോഴെങ്കിലും ഒരു പ്രശ്നമായി തോന്നിയിട്ടുള്ളൂ. എന്നിരുന്നാലും, എന്റെ കാഴ്ചപ്പാടുകളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലാനും മുന്നോട്ട് പോകാനുമുള്ള ആർജവം അതിലൂടെ കിട്ടിയിട്ടേയുള്ളൂ. പിന്നെ നമ്മൾ ഒറ്റയ്ക്കല്ല ഈ പോരാട്ടം നടത്തുന്നത്, ഈ തുടർച്ച അനിവാര്യമാണെന്ന് ചിന്തിക്കുന്ന ഒരുപറ്റം ആളുകൾ കൂടെയുണ്ട്.

എന്നെ വ്യക്തിപരമായി ഈ കാര്യങ്ങളൊന്നും തളർത്തിയിട്ടില്ല, പകരം കൂടുതൽ വളർത്തുകയാണ് ചെയ്തത്. എനിക്ക് യാതൊരു കുറ്റബോധവുമില്ല. കാരണം, ഇല്ലായിരുന്നെങ്കിൽ ഞാൻ ഏതെങ്കിലും ഒരു ആർട്ട് ഫോമിൽ മാത്രം ഒതുങ്ങിപ്പോയേനേ. ഇന്ന് 1400 വർഷം പഴക്കമുള്ള ഒരു കലാരൂപം ഞാൻ അന്താരാഷ്ട്ര തലത്തിൽ അടക്കം അരങ്ങേറ്റുന്നു. ഇതിലൂടെയെല്ലാം എന്റെ കംഫർട്ട് സോൺ ബ്രേക്ക് ചെയ്യുകയാണ് ഞാൻ ചെയ്തത്,’ റീമ കല്ലിങ്കൽ പറഞ്ഞു.

പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം അവരുടെ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയുന്നത് കുറച്ചുകൂടി എളുപ്പമായോ എന്ന ചോദ്യത്തിനും റീമ വ്യക്തമായ മറുപടി നൽകി.

‘ഇന്ന് നമ്മുടെ നിലപാടുകൾ എക്സ്പ്രസ് ചെയ്യാനും കൺസ്യൂം ചെയ്യാനുമൊക്കെ കൃത്യമായ പ്ലാറ്റ്‌ഫോമുകളുണ്ട്. അതിനെ വലിയൊരു വിപ്ലവമായിട്ടാണ് ഞാൻ കാണുന്നത്. പറയേണ്ട കാര്യങ്ങൾ കൃത്യമായി പറഞ്ഞാൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് വിശ്വസിക്കുന്ന ഒരു തലമുറ ഇവിടെയുണ്ട്. ഈയിടെ നടന്ന സി.ജെ.പി. സമരം ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്.

റീമ കല്ലിങ്കൽ. Photo. Screen grab/ Youtube

അടുത്ത തലമുറയ്ക്ക് നമ്മൾ പറഞ്ഞിരുന്ന കാര്യങ്ങളുടെ തുടർച്ചയോ അവരുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യമോ മനസിലാകുന്നില്ലേ എന്ന് മുമ്പ് നമ്മൾ സംശയിച്ചിരുന്നു. അത്തരത്തിൽ ആ ജനറേഷനെ തെറ്റിദ്ധരിച്ചതിന് ഞാൻ ക്ഷമ ചോദിക്കുകയാണ്. പ്രതികരിക്കാനുള്ള കൃത്യ സമയത്തിനു വേണ്ടി അവർ കാത്തിരിക്കുകയായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്,’ റീമ കൂട്ടിച്ചേർത്തു.

Content Highlight: Rima Kallingal Opens Up About Expressing Views on Various Issues

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം