പന്ത് കാലില്‍ കൊണ്ട് നടക്കുന്നവന്‍, ഏറ്റവും മികച്ച താരം അവനാണ്: കസിയസ്
Football
പന്ത് കാലില്‍ കൊണ്ട് നടക്കുന്നവന്‍, ഏറ്റവും മികച്ച താരം അവനാണ്: കസിയസ്
സുദേവ് എ
Wednesday, 5th August 2026, 10:08 am

ഫുട്‌ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി മറ്റ് താരങ്ങള്‍ക്കൊന്നും ഒരു അവസരവും നല്‍കാതെ ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുതാരങ്ങളില്‍ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.

ഗോട്ട് ഡിബേറ്റില്‍ പല താരങ്ങള്‍ക്കും പരിശീലകര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. റൊണാള്‍ഡോയാണോ മെസിയാണോ മികച്ച താരമെന്നതിന് സ്പാനിഷ് ഇതിഹാസ ഗോള്‍കീപ്പര്‍ ഐക്കര്‍ കസിയസും തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരുന്നു.

റൊണാള്‍ഡോയെ മറികടന്നുകൊണ്ട് മെസിയെയാണ് കസിയസ് മികച്ച താരമായി തെരഞ്ഞെടുത്തത്. മെസിയെ റൊണാള്‍ഡോയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ടെന്നാണ് കസിയസ് പറഞ്ഞിരുന്നത്. യറക്റ്റൊ ഗോളിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കസിയസ് മെസിയെക്കുറിച്ച് സംസാരിച്ചിരുന്നത്.

‘ഫുട്ബോളിലെ ഏറ്റവും മികച്ച താരം മെസിയാണ്. അദ്ദേഹത്തെ റൊണാള്‍ഡോയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. ആളുകള്‍ ഇപ്പോഴും റൊണാള്‍ഡോയെയും മെസിയെയും കുറിച്ച് സംസാരിക്കും. മെസി പന്ത് കാലില്‍ കൊണ്ട് നടക്കുന്നവനാണ്. കളിക്കളത്തില്‍ മികച്ച വേഗതയുള്ള താരമാണ് മെസി. മെസിയുടെ ഷോട്ടുകളെല്ലാം വളരെ മികച്ചതാണ്. അതുകൊണ്ട് ഞാന്‍ റൊണാള്‍ഡോക്ക് പകരം മെസിയെ തെരഞ്ഞെടുക്കും,’ ഐക്കര്‍ കസിയസ് പറഞ്ഞു.

മെസി തന്റെ 39ാം വയസിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 2026 ലോകകപ്പില്‍ മിന്നും പ്രകടനമായിരുന്നു അര്‍ജന്റീനക്കായി മെസി നടത്തിയത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി ഈ ലോകകപ്പ് അവസാനിപ്പിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളാണ് മെസി നേടിയത്.

2026 ഫിഫ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് നേടുകയെന്ന മെസിയുടെയും അര്‍ജന്റീനയും സ്വപ്നം ഫൈനലില്‍ അവസാനിക്കുകയായിരുന്നു. കലാശപോരാട്ടത്തില്‍ സ്പെയ്നിനോട് പരാജയപ്പെട്ടതാണ് അര്‍ജന്റീനക്ക് കിരീടം നഷ്ടമായത്.

എങ്കിലും അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീട നേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനലിസീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തില്‍ നേടിയത്.

ക്ലബ്ബ് ഫുട്‌ബോളില്‍ ബാഴ്‌സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്ബോള്‍ കരിയര്‍ പടുത്തുയര്‍ത്തിയ മെസി പാരീസ് സെയ്ന്റ് ജെര്‍മെയ്‌ന് വേണ്ടിയും പന്തുതട്ടി. നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്.

അതേസമയം റൊണാള്‍ഡോയും കസിയസും റയല്‍ മാഡ്രിഡില്‍ ഒരുമിച്ച് പന്തുതട്ടിയിട്ടുണ്ട്. റയലിനൊപ്പം ഒരുപിടി അവിസ്മരണീയ കൂട്ടുകെട്ടാണ് റൊണാള്‍ഡോയും കസിയസും സൃഷ്ടിച്ചത്.

2015ലാണ് സ്പാനിഷ് ഗോള്‍ കീപ്പര്‍ റയല്‍ മാഡ്രിഡ് വിട്ട് പോര്‍ച്ചുഗീസ് ക്ലബ്ബ് പോര്‍ട്ടോയിലേക്ക് കൂടുമാറുന്നത്. റൊണാള്‍ഡോ 2018ലാണ് റയലില്‍ നിന്നും പടിയിറങ്ങിയത്. ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിലേക്കായിരുന്നു പോര്‍ച്ചുഗീസ് ഇതിഹാസം ചേക്കേറിയത്.

 

Content Highlight: Iker Casillas talks about Cristiano Ronaldo and Lionel Messi

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.