ആരാധകര്‍ ഏറെ ആകാംക്ഷയോടെയും അതിലേറെ ആവശത്തോടെയും കാത്തിരിക്കുന്ന ഐ.പി.എല്ലിന്റെ 19ാം സീസണിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. മാര്‍ച്ച് 28ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.
കഴിഞ്ഞ വര്‍ഷത്തിലേതെന്ന പോലെ ഇത്തവണയും പുതിയ ചാമ്പ്യന്‍മാര്‍ പിറവിയെടുക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കിരീടമുയര്‍ത്തിയതോടെ ആദ്യ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിരുന്നിട്ടും കിരീടം നേടാനാകാതെ പോയ ടീമുകളായി ദല്‍ഹി ക്യാപ്പിറ്റല്‍സും പഞ്ചാബ് കിങ്‌സുമാണ് അവശേഷിക്കുന്നത്. ഇവര്‍ക്ക് കൂട്ടായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഒപ്പമുണ്ട്.
ടീമിന്റെ കിരീടനേട്ടത്തിനൊപ്പം കെ.എല്‍. രാഹുല്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ വെടിക്കെട്ടിനും ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ പ്രധാനിയായ രാഹുലിനെക്കൊണ്ട് ഈ സീസണില്‍ പലതും തങ്ങള്‍ക്ക് നേടിത്തരാന്‍ സാധിക്കുമെന്ന് തന്നെയാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്.
കെ.എല്‍. രാഹുല്‍
ഈ സീസണില്‍ രാഹുലിനെ ഒരു ചരിത്ര നേട്ടവും കാത്തിരിക്കുന്നുണ്ട്. ഇതിന് വേണ്ടതാകട്ടെ മുംബൈ ഇന്ത്യന്‍സിനെതിരെ വെറും 24 റണ്‍സും.
ഐ.പി.എല്‍ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആയിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് രാഹുലിന് മുമ്പിലുള്ളത്. നിലവില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ ഒന്നാമനാണ് രാഹുല്‍.
ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഏറ്റവുമധികം റണ്‍സ്
(താരം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)
കെ.എല്‍. രാഹുല്‍ – 20 – 976
വിരാട് കോഹ്‌ലി – 33 – 922
ശിഖര്‍ ധവാന്‍ – 28 – 901
2013ല്‍ ഐ.പി.എല്‍ കരിയര്‍ ആരംഭിച്ച രാഹുല്‍ 136 ഇന്നിങ്‌സില്‍ നിന്നും 46.21 ശരാശരിയിലും 136.02 സ്‌ട്രൈക് റേറ്റിലും 5222 റണ്‍സാണ് രാഹുല്‍ സ്വന്തമാക്കിയത്. അഞ്ച് സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയും ഐ.പി.എല്ലില്‍ രാഹുല്‍ അടിച്ചെടുത്തിട്ടുണ്ട്.
ദല്‍ഹി ക്യാപ്പിറ്റല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, പഞ്ചാബ് കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കായി രാഹുല്‍ കളത്തിലിറങ്ങിയട്ടുണ്ട്.
ഏപ്രില്‍ നാലിന് സ്വന്തം തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ ദല്‍ഹിയും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍ വരും. ഈ മത്സരത്തില്‍ രാഹുല്‍ ചരിത്രം തിരുത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: If he scores 24 more runs against Mumbai Indians, KL Rahul can become the first player to score 1000 IPL runs against them.