തിരുവനന്തപുരം: ഇടതുപക്ഷം തുടര്‍ന്നില്ലെങ്കില്‍ കേരളം തകരുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്.
കോണ്‍ഗ്രസ് തോറ്റാലല്ല, ജയിച്ചാലാണ് അപകടം കാണേണ്ടതെന്നും ജയിച്ചാല്‍ ഭരണം തന്നെ ബി.ജെ.പിക്ക് കൊടുക്കാന്‍ മടിക്കില്ലെന്നും പി.രാജീവ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് തോറ്റാല്‍ കുറച്ചു പേരെ ബി.ജെ.പിയില്‍ പോകൂ എന്നാല്‍ ജയിച്ചാല്‍ ഭരണം തന്നെ ബി.ജെ.പിക്ക് കൊടുക്കാന്‍ മടിക്കില്ല. ഇതാണ് അരുണാചലിലും മണിപ്പൂരിലും സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘തുടര്‍ ഭരണമുണ്ടാവുമ്പോള്‍ ജാഗ്രത വേണം. എന്നാല്‍ ചിലര്‍ പറയും ജനാധിപത്യത്തില്‍ തുടര്‍ച്ചയുണ്ടാവുന്നത് അപകടമാണെന്ന്. അപ്പോള്‍ നവീന്‍ പട്‌നായിക് മാറി അവിടെ ബി.ജെ.പി വന്നത് ആഹ്ലാദകരമായ മാറ്റമായിട്ടാണോ ഇവര്‍ കാണുന്നത്. തമിഴ്‌നാട്ടില്‍ ഡി.എം.കെ മാറി അവിടെ ബി.ജെ.പി വരണമെന്നാണോ ഇവര്‍ പറയുന്നത്. അരവിന്ദ് കെജരിവാള്‍ തുടര്‍ഭരണം അവസാനിപ്പിച്ചത് ജനാധിപത്യത്തിന്റെ വസന്തമായാണോ കാണുന്നത്.
നേരത്തെ ഇടതുപക്ഷം കാലവധി തികയ്ക്കില്ലെന്നതായിരുന്നു ആദ്യത്തെ നരേറ്റീവ്. ഇപ്പോള്‍ പറയുന്നത് ഭരണം തുടരുന്നതാണ് അപകടമെന്നാണ്. കേരളത്തില്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുകയെന്നത് മാത്രമാണ് ഇതിന്റെയെല്ലാം പിന്നിലുള്ള ലക്ഷ്യം,’ പി. രാജീവ് പറഞ്ഞു.
കോണ്‍ഗ്രസ് ജയിക്കുമ്പോഴാണ് അപകടം കാണേണ്ടതെന്നും ഭരണം തന്നെ ബി.ജെ.പിയിലേക്ക് വെയ്ക്കാന്‍ മടിയില്ലാത്ത ആളുകളാണെന്നും ഇതാണ് അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വത്തെ പോലും തള്ളി പറഞ്ഞുകൊണ്ടുള്ള അവരുടെ സ്‌റ്റേറ്റ്‌മെന്റുകളില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കേരളത്തില്‍ ഇടതുപക്ഷം തുടര്‍ന്നില്ലെങ്കില്‍ കേരളം തകരും, കാരണം പാഠപുസ്തകം അവസാന പാതത്തില്‍ കൊടുക്കുന്നതാണ് ആധുനിക കാലത്തെ പരിഷ്‌ക്കാരം. പാഠപുസ്തകം നേരത്തെ കുട്ടികള്‍ക്ക് കൊടുക്കുന്നത് തുഗ്ലക് പരിഷ്‌ക്കാരമാണ്, അപ്പോള്‍ ഇവര്‍ എങ്ങോട്ടാണ് കൊണ്ട് പോവുന്നത്. വയനാട്ടിലെ തുരങ്ക പാത കേരളത്തില്‍ വേണ്ട, ആര്‍ക്കാണിത്ര തിടുക്കം എന്നാണ് ചോദിക്കുന്നത്. അങ്ങനെ പറയുമ്പോള്‍ വേഗതയില്‍ ഉള്ളതൊന്നും കേരളത്തില്‍ വേണ്ട എന്നതല്ലെ ഇവരുടെ സമീപനം,’ മന്ത്രി പരിഹസിച്ചു.
ഇടതുപക്ഷം തുടര്‍ന്നില്ലെങ്കില്‍ കേരളം തകരും എന്നുള്ളതാണ് കോണ്‍ഗ്രസ് യു.ഡി.എഫ് നേതാക്കളുടെ പ്രസ്താവനകളിലൂടെ വ്യക്തമായി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തില്‍ കാര്യങ്ങള്‍ ശരിയായ ദിശയിലേക്ക് വരുന്നതിന്റെ അങ്കലാപ്പാണ് കോണ്‍ഗ്രസിനുളളതെന്നും കോടതി മേല്‍നോട്ടത്തില്‍ എസ്.ഐ.ടി അന്വേഷണം നല്ല രീതിയില്‍ പോകുന്നു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാഠപുസ്തക വിതരണം സംബന്ധിച്ച രമേശ് ചെന്നിത്തലയുടെ പ്രസ്താവന പഴയ കാലം ഓര്‍മിപ്പിക്കാന്‍ സഹായകമായിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlight: If Congress loses, some people will join BJP, if it wins, it will not hesitate to give the government to BJP: P. Rajeev
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.