സഞ്ജു ബെഞ്ചിലിരുന്നതുകൊണ്ട് പിറന്ന റെക്കോഡ്; പാകിസ്ഥാനെതിരെ വീണ്ടും പിറക്കുമോ?
T20 world cup
സഞ്ജു ബെഞ്ചിലിരുന്നതുകൊണ്ട് പിറന്ന റെക്കോഡ്; പാകിസ്ഥാനെതിരെ വീണ്ടും പിറക്കുമോ?
ആദര്‍ശ് എം.കെ.
Saturday, 14th February 2026, 1:01 pm

 

2026 ടി-20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഫെബ്രുവരി 15ന് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച റൈവല്‍റികളിലൊന്നിന്റെ പുതിയ പതിപ്പിന് കളമൊരുങ്ങുന്നത്.

അനാരോഗ്യം കാരണം രണ്ടാം മത്സരത്തില്‍ കളത്തിലിറങ്ങാന്‍ സാധിക്കാതെ പോയ സൂപ്പര്‍ താരം അഭിഷേക് ശര്‍മ പാകിസ്ഥാനെതിരായ മത്സരത്തില്‍ തിരിച്ചെത്തിയേക്കും. അങ്ങനെയെങ്കില്‍ അഭിഷേക് തന്നെയായിരിക്കും ഓപ്പണിങ്ങില്‍ ഇഷാന്‍ കിഷനൊപ്പം ക്രീസിലെത്തുക.

അഭിഷേക് ശര്‍മ. Photo: BCCI

യു.എസ്.എയ്‌ക്കെതിരായ ആദ്യ മത്സരത്തിലും ഇരുവരും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. സഞ്ജു സാംസണ് അവസരം ലഭിക്കാതിരുന്ന മത്സരത്തില്‍ തിലക് വര്‍മയാണ് വണ്‍ ഡൗണായി ക്രീസിലെത്തിയത്.

ഇതോടെ ഒരു ചരിത്ര നേട്ടവും പിറന്നിരുന്നു. അന്താരാഷ്ട്ര ടി-20യില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടംകയ്യന്‍ ബാറ്റര്‍മാരെ കളത്തിലറക്കിയ ആദ്യ ടീം എന്ന നേട്ടം ഇന്ത്യയുടെ പേരില്‍ കുറിക്കപ്പെട്ടു. സാധാരണയായി ഓപ്പണിങ്ങില്‍ ഇടംകൈ-വലംകൈ കോമ്പിനേഷന്‍ പരീക്ഷിക്കുന്ന ഇന്ത്യ ഇഷാന്‍ കിഷന്‍ ഫോമിലേക്ക് മടങ്ങിയെത്തുകയും സഞ്ജു മങ്ങുകയും ചെയ്തതോടെയാണ് പുതിയ പരീക്ഷണത്തിനൊരുങ്ങിയത്.

നമീബിയക്കെതിരെ അഭിഷേക് പുറത്തായതോടെ സഞ്ജു സാംസണാണ് ഇഷാന്‍ കിഷനൊപ്പം കളത്തിലിറങ്ങിയത്. വണ്‍ ഡൗണായി തിലകും. വലംകയ്യന്‍ ബാറ്ററായ സഞ്ജു മൂന്ന് സിക്‌സറടക്കം എട്ട് പന്തില്‍ 22 റണ്‍സിന്റെ ക്വിക്ഫയറുമായി ഇന്നിങ്‌സിന് അടിത്തറയൊരുക്കി മടങ്ങി.

സഞ്ജു സാംസണ്‍ മത്സരത്തിനിടെ

പാകിസ്ഥാനെതിരെ അഭിഷേക് മടങ്ങിയെത്തുകയാണെങ്കില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ വീണ്ടും ഇടംകയ്യന്‍മാരെത്തുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

എന്നാല്‍ യു.എസ്.എയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ തന്നെ ഈ പരീക്ഷണം പാളിയിരുന്നു. ഫീല്‍ഡ് പ്ലേസ്‌മെന്റിലടക്കം യു.എസ്.എയ്ക്ക് തുണയാകുന്നതായിരുന്നു ഇന്ത്യയുടെ രണ്ട് ഇടംകയ്യന്‍മാരെ കളത്തിലിറക്കിയുള്ള പരീക്ഷണം.

അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഇഷാനും തിലകും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നതുമില്ല. ക്യാപ്റ്റന്‍ സൂര്യയുടെ ചെറുത്തുനില്‍പ്പാണ് അന്ന് ഇന്ത്യയ്ക്ക് തുണയായത്.

എന്നാല്‍ പാകിസ്ഥാനെതിരെ സഞ്ജു ടീമിലുണ്ടാകാനും സാധ്യതകളേറെയാണ്. കൊളംബോയിലെ സ്ലോ പിച്ചില്‍ സ്പിന്നിന് ആധിപത്യം ലഭിക്കുന്നതിനാല്‍ സ്പിന്നിനെതിരെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യും.

സഞ്ജു സാംസണ്‍. Photo: BCCI

എന്നാല്‍ അഭിഷേക് മടങ്ങിയെത്തുകയാണെങ്കില്‍ സഞ്ജുവിനെ ഒരിക്കല്‍ക്കൂടി മിഡില്‍ ഓര്‍ഡറിലേക്ക് കൊണ്ടുവന്ന് പരീക്ഷണം നടത്താനും ഇന്ത്യ തയ്യാറായേക്കും. മിഡില്‍ ഓവറില്‍ സ്പിന്നിനെതിരെ സഞ്ജുവിന് തിളങ്ങാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിന്റെ പുറത്തായിരിക്കുമിത്.

ഒടുവില്‍ ഇന്ത്യ പാകിസ്ഥാനെ നേരിട്ട ഏഷ്യാ കപ്പ് ഫൈനലിലും സഞ്ജു മിഡില്‍ ഓര്‍ഡറിലാണ് കളത്തിലിറങ്ങിയത്. ഇന്ത്യയുടെ കിരീടവിജയത്തില്‍ നിര്‍ണായകമായ കൂട്ടുകെട്ടുണ്ടാക്കിയാണ് സഞ്ജു അന്ന് കളം വിട്ടത്. ലോകകപ്പില്‍ പാകിസ്ഥാനെതിരെ സഞ്ജു കളത്തിലിറങ്ങുമോ എന്ന് തന്നെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

 

Content highlight: If Abhishek Sharma returns against Pakistan, India could once again field left-handed batsmen in the top three positions.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.