ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരം ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു.

ടൂര്‍ണമെന്റിലെ ആദ്യ മത്സരം പരാജയപ്പെട്ടാണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ടാണ് പാകിസ്ഥാന്‍ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. അതേസമയം, ഇന്ത്യയാകട്ടെ ആദ്യ മത്സരത്തില്‍ മികച്ച ജയം സ്വന്തമാക്കിയാണ് പാകിസ്ഥാനെ നേരിടുന്നത്.

ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി തന്റെ കരിയറിലെ 299ാം ഏകദിനത്തിനാണ് കളത്തിലിറങ്ങിയിരിക്കുന്നത്. 2008 ഓഗസ്റ്റ് 18നാണ് വിരാട് ഏകദിനത്തില്‍ തന്റെ ആദ്യ മത്സരം കളിക്കുന്നത്. ദാംബുള്ളയില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കയായിരുന്നു എതിരാളികള്‍.

ശേഷം നാല് ഏകദിന ലോകകപ്പുകളിലടക്കം ഇന്ത്യയെ പ്രതിനിധീകരിച്ച താരം ഇന്ന് തന്റെ 299ാം ഏകദിനവും പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

പാകിസ്ഥാനെതിരായ മത്സരം താരത്തിന്റെ 300ാം ഏകദിനമാകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ പരിക്കേറ്റ് കളിക്കാന്‍ സാധിക്കാതെ വന്നതോടെ പാകിസ്ഥാനെതിരെ കരിയറിലെ സുപ്രധാന മത്സരം കളിക്കാനുള്ള അവസരവും താരത്തിന് നഷ്ടപ്പെട്ടു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെതിരെയാകും വിരാട് 300 ഏകദിന മത്സരങ്ങള്‍ പൂര്‍ത്തിയാക്കുക.

ഇതുവരെ ആറ് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് 300 ഏകദിന മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (463), എം.എസ്. ധോണി (367), രാഹുല്‍ ദ്രാവിഡ് (340), മുഹമ്മദ് അസറുദ്ദീന്‍ (334), സൗരവ് ഗാംഗുലി (308), യുവരാജ് സിങ് (301) എന്നിവര്‍ മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.

എന്നാല്‍ പാകിസ്ഥാനെതിരെ മറ്റൊരു ചരിത്ര നേട്ടം കുറിക്കാന്‍ വിരാടിന് അവസരമൊരുങ്ങും. ഏകദിനത്തില്‍ 14,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് വിരാട് കാലെടുത്ത് വെക്കുക. ഇതിനൊപ്പം ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരമെന്ന നേട്ടവും വിരാടിന് സ്വന്തമാക്കാം.

സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും റിക്കി പോണ്ടിങ്ങിനും മാത്രമാണ് ഇതുവരെ ഏകദിനത്തില്‍ 14,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 350 ഇന്നിങ്സില്‍ നിന്നും 14,000 റണ്‍സ് മാര്‍ക്ക് പിന്നിട്ടപ്പോള്‍ 378ാം ഇന്നിങ്സിലാണ് പോണ്ടിങ് ഈ നാഴികക്കല്ലിലെത്തിയത്.

അതേസമയം, ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ ആദ്യ രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ പത്ത് റണ്‍സ് എന്ന നിലയിലാണ്. ഏഴ് പന്തില്‍ രണ്ട് റണ്‍സുമായി ബാബര്‍ അസവും അഞ്ച് പന്തില്‍ രണ്ട് റണ്‍സുമായി ഇമാം ഉള്‍ ഹഖുമാണ് ക്രിസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ അലി ആഘ, തയ്യിബ് താഹിര്‍, ഖുഷ്ദില്‍ ഷാ, ഷഹീന്‍ ഷാ അഫ്രിദി, നസീം ഷാ, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.

 

 

Content Highlight: ICC Champions Trophy 2025: IND vs PAK: Virat Kohli playing his 299th ODI match