ബെംഗളൂരു: സര്‍ക്കാരിനെ സംരക്ഷിച്ചു നിര്‍ത്താനാന്‍ വേണ്ടി തങ്ങള്‍ ദുര്‍മന്ത്രവാദമൊന്നും ചെയ്തിട്ടില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. മുഖ്യമന്ത്രി കസേരയില്‍ തുടരാന്‍ യെദ്യൂരപ്പ കൈകൂപ്പി യാചിച്ചതുപോലെ താന്‍ ഒരിക്കലും ചെയ്യില്ലെന്നും കുമാരസ്വാമി പറഞ്ഞു.

അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ആഗ്രഹിക്കുന്ന ആളേ അല്ല ഞാന്‍. മറിച്ച് പുതിയ തലമുറ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. ബി.ജെ.പി ഒരു യഥാര്‍ത്ഥ രാഷ്ട്രീയ പാര്‍ട്ടിയല്ലെന്ന് സ്വതന്ത്ര എം.എല്‍.എമാരില്‍ പലരും എന്നോട് പറഞ്ഞിട്ടുണ്ട്.

സഖ്യസര്‍ക്കാരുണ്ടാക്കാനായി ബി.ജെ.പി സമീപിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളും മുന്‍പ് സമീപിച്ചിരുന്നു. എന്നാല്‍ ഞാന്‍ അവര്‍ക്കൊപ്പമൊന്നും പോയില്ല. മുഖ്യമന്ത്രി കസേര ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ എന്നേ അത് എനിക്ക് സാധ്യമാകുമായിരുന്നു.

വിധിയില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്നെ സംബന്ധിച്ച് ഈ സീറ്റ് പ്രധാനപ്പെട്ടതല്ല. എന്നാല്‍ ഭാവി തലമുറയെ കുറിച്ച് ആലോചിക്കുമ്പോള്‍.. സ്വാതന്ത്ര്യസമര നേതാക്കള്‍ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നത് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനായിരുന്നോ എന്ന് ആലോചിക്കുമ്പോള്‍ വിഷമമുണ്ട്.

2009 ല്‍ എങ്ങനെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത് എന്ന് കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കര്‍ണാടകയില്‍ പ്രളയമുണ്ടായി. അന്ന് യെദ്യൂരപ്പയെ കുറിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ എന്തെല്ലാമാണ് പറഞ്ഞതെന്ന് നമുക്ക് അറിയാം. എത്ര ആളുകള്‍ റിസോര്‍ട്ടിലേക്ക് പോയി? എന്താണ് അന്ന് അവര്‍ അവിടെ അനുഭവിച്ചത്? ഇപ്പോള്‍ ഞാന്‍ എന്താണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്?

യെദ്യുരപ്പ മുഖ്യമന്ത്രിയായിരിക്കുന്ന ആ സമയത്ത് ഇരുകൈകളും കൂപ്പി അദ്ദേഹം ബി.ജെ.പിയോട് പറഞ്ഞത്, അദ്ദേഹം സ്വയം മാറിക്കോളാമെന്നും മുഖ്യമന്ത്രി കസേരയില്‍ നിന്നും തന്നെ മാറ്റരുതെന്നുമാണ്. എന്നാല്‍ അതേ മുഖ്യമന്ത്രി കസേരയില്‍ തുടരാന്‍ ഞാന്‍ ആരോടും യാചിക്കില്ല. – കുമാരസ്വാമി പറഞ്ഞു.