മലയാള സിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഔസേപ്പച്ചൻ. ‘കാതോട് കാതോരം’ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ സ്വതന്ത്ര സംവിധായകനായി അരങ്ങേറുകയും പിന്നീട് തുടർച്ചയായ് മലയാള സിനിമക്ക് ഹിറ്റുകൾ സമ്മാനിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാള സിനിമയിലെ ട്രെൻഡാണ് ഇപ്പോഴത്തെ സിനിമകളിൽ പഴയ സിനിമകളിലെ പാട്ടുകൾ റീമിക്സ് ചെയ്തോ പശ്ചാത്തല സംഗീതമായോ ഉപയോഗിക്കുകയെന്നുള്ളത്. ഔസേപ്പച്ചന്റെ മാത്രം പാട്ടുകൾ നിരവധി സിനിമകളിലാണ് അങ്ങനെ ഉപയോഗിച്ചിട്ടുള്ളത്. തിയേറ്ററിലും ഒ.ടി.ടിയിലുമായ് ഏറെ പ്രേക്ഷക പ്രശംസ ഏറ്റു വാങ്ങിയ ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലും പശ്ചാത്തല സംഗീതമായി അദ്ദേഹത്തിന്റെ ഒരു പാട്ട് ഉപയോഗിച്ചിരുന്നു. പൂർത്തീകരണം നടക്കാതെ പോയ ‘അന്ന’ എന്ന സിനിമയിലെ ‘യവനകഥയിൽ നിന്നു വന്ന…’ എന്നു തുടങ്ങുന്ന പാട്ടാണ് സിനിമയിൽ പശ്ചാത്തല സംഗീതമായി ഉപയോഗിച്ചത്.

പലപ്പോഴും തിയേറ്ററിലെത്തി സിനിമ കാണുമ്പോഴാണ് തന്റെ പാട്ടുകൾ സിനിമയിൽ ഉപയോഗിച്ചത് കാണാറുള്ളതെന്നും താൻ ഞെട്ടി പോവാറുണ്ടെന്നും പറയുകയാണ് ഔസേപ്പച്ചൻ. ചില സിനിമകളിൽ സംവിധായകർ നേരത്തെ വിളിച്ച് അനുവാദം ചോദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗിരീഷ് എ.ഡി.ബെത്‌ലഹേം കുടുംബ യൂണിറ്റ്.Photo.IMDb

‘വള്ളീം തെറ്റി പുള്ളീം തെറ്റി’ എന്ന പടം കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ആ സിനിമയിൽ എന്റെ നാലഞ്ചു പാട്ടുകളുണ്ടായിരുന്നു. സിനിമയിൽ ചാക്കോച്ചന് വേറെ പേരും വേറെ കഥാപാത്രവുമായിരുന്നു. ‘അനിയത്തിപ്രാവ്’ എന്ന സിനിമയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. പക്ഷേ സിനിമയിൽ ചാക്കോച്ചൻ സ്‌പ്ലെണ്ടർ ഓടിച്ച് വരുമ്പോൾ ‘ഒരു രാജമല്ലി വിടരുന്ന പോലെ’ എന്ന പാട്ട് വെച്ചിരിക്കുന്നു. അത് കണ്ടപ്പോൾ ചിരിച്ച് പോയി. അങ്ങനെയൊക്കെ ചെയ്യാനുള്ള ധൈര്യം കാണിച്ചതോർത്താണ് ചിരിച്ചത്.’ ഔസേപ്പച്ചൻ പറഞ്ഞു.

‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ൽ ഉപയോഗിച്ചപ്പോൾ സിനിമയുടെ സംവിധായകനായ ഗിരീഷ് എ.ഡി സിനിമ റിലീസ് ആയതിനു ശേഷം വിളിച്ചിരുന്നെന്നും അതിനെപ്പറ്റി സംസാരിച്ചിരുന്നെന്നും പറഞ്ഞു. തന്റെ അസ്സിസ്റ്റന്റുമായി ഗിരീഷ് എ.ഡി മുമ്പ് തന്നെ സംസാരിച്ചിട്ടുണ്ടെന്നും അവർ തന്റെ പേരിലുള്ള ഒരു ഫാൻ കൂട്ടായ്മയിലെ അംഗങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗിരീഷ് സംവിധായകനാകുന്നതിനു മുമ്പ് തന്നെ ഈ കൂട്ടായ്മയിൽ അംഗമായിരുന്നെന്നും ഔസേപ്പച്ചൻ വ്യക്തമാക്കി.

‘സൺ‌ഡേ ഹോളിഡേ’,’ജേക്കബിന്റെ സ്വർഗരാജ്യം’,’സൂപ്പർ ശരണ്യ’ തുടങ്ങിയ സിനിമകളിലും അദ്ദേഹത്തിന്റെ പാട്ടുകൾ ഉപയോഗിച്ചിട്ടുണ്ട്. ‘ഉണ്ണികളേ ഒരു കഥ പറയാം’,’കണ്ണാം തുമ്പി പോരാമോ’,’മൗനം സ്വരമായ്’ തുടങ്ങിയ ഹിറ്റ് പാട്ടുകളുടെ സംഗീത സംവിധാനം നിർവ്വഹിച്ചത് ഔസേപ്പച്ചനാണ്.

Content Highlight: I was taken aback and burst into laughter when I saw my song in that movie; I laughed at the very fact that I had the courage to do something like that said Ouseppachan