കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ കണ്ടുവെന്ന് പറഞ്ഞ് കണ്ണൂരില്‍ നിന്ന് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. പോലീസിനെ പരിഹസിക്കുന്ന രീതിയിലാണ് പല പോസ്റ്റുകളും പ്രത്യക്ഷ്യപ്പെട്ടിട്ടുള്ളത്. എസ്.ഐ.ഒ പ്രവര്‍ത്തകനെയും ലവ്‌ഫെസ്റ്റോ പ്രവര്‍ത്തകനെയുമാണ് മാവോവാദികളെന്ന് പറഞ്ഞ് പോലീസ് അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചിരിക്കുന്നത്.
ഷാഹിദ് ഷമീം, ഉദയ് ബാലകൃഷ്ണന്‍ എന്നിവരെയാണ് പോലീസ് മാവോവാദികളെന്ന് സംശയിച്ച് അറസ്റ്റ് ചെയ്തിരുന്നത്. മാവോയിസ്റ്റ് ഉപ്പുമാവ് ഉണ്ടാക്കാന്‍ വേണ്ട ചേരുവകള്‍ എന്ന് പറഞ്ഞാണ് ഫേസ്ബുക്കില്‍ പോസ്റ്റ് വന്നിരിക്കുന്നത്. യുവാക്കളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് പറഞ്ഞ കാരണങ്ങള്‍ വെച്ചാണ് ഈ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഹസ്‌ന ഷഹിത ജിപ്‌സി എന്ന് പ്രൊഫൈലിലാണ് ഈ പോസ്റ്റ് വന്നിരിക്കുന്നത്.
മാവോയിസ്റ്റ് ഉപ്പുമാവുണ്ടാക്കാന്‍ വേണ്ട ചേരുവകള്‍:
നീണ്ട മുടി: ഒരു പിടി
താടിയും മീശയും: മുസ്ലീം തീവ്രവാദിക്ക് ഉണ്ടാകുന്നതിലും അല്‍പം കുറവ്
മുഷിഞ്ഞ കുപ്പായം: ഒന്ന്
നാറി തുടങ്ങിയ ജീന്‍സ്: ഒന്ന്
പുസ്തകങ്ങള്‍: മാവോ മാര്‍ക്‌സ് തുടങ്ങി അരുന്ധതി റോയ് വരെ രുചിയനുസരിച്ച്.
ലഘുലേഖകള്‍: പല തരത്തിലുള്ളത്
ലാപ്‌ടോപ്പ്: സിനിമകളും ഡോക്യുമെന്ററികളും കുതിര്‍ത്തിയത്
ജനകീയ സമര പങ്കാളിത്തം: ആവശ്യത്തിന്
ഫേസ്ബുക്ക് സ്റ്റാറ്റസ്: ദിവസേനെ പോസ്റ്റിയത് ഓരോന്ന്
ചുംബനസമരം: അലങ്കരിക്കാന്‍
അടുപ്പ് കത്തിച്ച് ഒരു പത്രവാര്‍ത്ത ചൂടാക്കുക. പുകഞ്ഞ് വരുമ്പോള്‍ താടിയും മുടിയും ഇട്ട് വറുക്കുക. ഇതിലേക്ക് അരിഞ്ഞ് വെച്ച കുപ്പായങ്ങള്‍ ചേര്‍ത്ത് അടച്ച് വെക്കണം.പാതി വെന്തു കഴിഞ്ഞാല്‍ ഇഷ്ടമുള്ള പുസ്തകങ്ങള്‍ (കടം വാങ്ങിയതോ പ്രമുഖ പ്രസാധകരുടെതോ ആകാം) കവറോടു കൂടി ചതച്ച് ചേര്‍ക്കാം. ലഘുലേഘകളും ഇപ്പൊ തന്നെ ചേര്‍ക്കാവുന്നതാണ്. കടല പൊതിഞ്ഞ് കിട്ടിയ കടലാസ് ആണെങ്കിലും ഇതിന് ഉപയോഗിക്കാം. സമരങ്ങളുടെത് ആകണമെന്ന് മാത്രം.
ഈ ചേരുവകള്‍ നന്നായി വെന്ത് വരുമ്പോള്‍ കുതിര്‍ത്ത് വച്ച ലാപ്‌ടോപ്പും സ്റ്റാറ്റസുകളും വിതറി കൊടുക്കണം. ഇപ്പോള്‍ സ്‌പെഷല്‍ ബ്രാഞ്ചുകള്‍ നിരീക്ഷിക്കുന്ന മണം ശക്തമായി വരും. ഇനി ജനകീയ സമരങ്ങളിലെ പങ്കാളിത്തം പിഴിഞ്ഞ് വച്ചത് ഒഴിക്കണം. തിളക്കുന്നതിനു മുമ്പ് തീ അണച്ച് ചുംബന സമരം വച്ച് അലങ്കരിച്ച് യു.എ.പി.എയുടെ പാത്രത്തില്‍ വിളമ്പാം. ചൂടന്‍ മാവോയിസ്റ്റ് ഉപ്പുമാവ് റെഡി..
അഴിമതി വാര്‍ത്തകള്‍ വരുന്ന സമയത്ത് വിളമ്പാന്‍ പറ്റിയ വിഭവമാണിത്. മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തോടുള്ള എതിര്‍പ്പോ യോജിപ്പോ ആവശ്യമില്ലാത്തത് കൊണ്ട് ഏത് സമയത്തും സാധാരണക്കാരെ വച്ച് ഉണ്ടാക്കാം. പ്രതികരണ ശേഷി കൂടിയ യുവാക്കള്‍ക്ക് പതിവായി ഈവ വിഭവം നല്‍കിയാല്‍ അത്തരം അസുഖങ്ങള്‍ മാറി കിട്ടുന്നതാണ്. വാറന്റില്ലാത്ത അറസ്റ്റ് ആണ് ഇതിന്റെ ബെസ്റ്റ് കോംപിനേഷന്‍.
