ഹിന്ദു ഏകതാസമ്മേളനങ്ങള്‍ ആര്‍.എസ്.എസിന്റെ തീവ്ര വര്‍ഗീയ പ്രചാരണ വേദികള്‍; പ്രതിരോധിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം
Kerala
ഹിന്ദു ഏകതാസമ്മേളനങ്ങള്‍ ആര്‍.എസ്.എസിന്റെ തീവ്ര വര്‍ഗീയ പ്രചാരണ വേദികള്‍; പ്രതിരോധിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം
അനിത സി
Thursday, 12th March 2026, 8:29 am

തിരുവനന്തപുരം: ഹിന്ദു ഏകതാസമ്മേളനങ്ങള്‍ അന്യമതവിദ്വേഷ പ്രചാരണ കേന്ദ്രങ്ങളാണെന്ന് ജനങ്ങള്‍ തിരിച്ചറിയണമെന്ന് പുരോഗമന കലാസാഹിത്യസംഘം.

ആര്‍.എസ്.എസ് കേരളത്തില്‍ പലയിടത്തും ഹിന്ദു ഏകതാസമ്മേളനങ്ങള്‍ എന്ന പേരില്‍ വര്‍ഗീയ പ്രചരണം സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത് ഹിന്ദുമതത്തിന്റെ ഭാഗമാണെന്ന വ്യാജസന്ദേശം നല്‍കുന്നതാണെന്നും സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷലിപ്തമായ വര്‍ഗീയത പ്രചരിപ്പിക്കാനാണ് സംഘപരിവാര്‍ ഇത്തരം വേദികള്‍ തട്ടിക്കൂട്ടുന്നത്. മതത്തിന്റെ പേര് ദുരുദ്ദേശപരമായി ഉപയോഗിച്ച് അസഹിഷ്ണതയുടെ അന്തരീക്ഷമുണ്ടാക്കാനാണ് സംഘപരിവാറിന്റെ ശ്രമമെന്നും ഇതിന് മതവുമായും വിശ്വാസവുമായും ഒരു ബന്ധവുമില്ലെന്നും പ്രസ്താവന ചൂണ്ടിക്കാണിച്ചു.

യഥാര്‍ത്ഥ മതവിശ്വാസികള്‍ക്ക് ഇത്തരം രാഷ്ട്രീയനീക്കത്തിനൊപ്പം ചേരാനാവില്ല. നവോത്ഥാന- പുരോഗമനപ്രസ്ഥാനങ്ങള്‍ ചേര്‍ന്നു രൂപപ്പെടുത്തിയ കേരളത്തിന്റെ മതനിരപേക്ഷതയും, സാഹോദര്യവും തകര്‍ക്കാനുള്ള സംഘപരിവാര്‍ പരിശ്രമങ്ങളുടെ തുടര്‍ച്ചയാണിത്.

നിഷ്‌കളങ്കരായ വിശ്വാസികള്‍ ചിലരെങ്കിലും ഇത്തരം വര്‍ഗീയ കൂട്ടായ്മകളുടെ ചതിക്കുഴിയില്‍ ചെന്നുവീഴാനിടയുണ്ടെന്നും പ്രസ്താവന മുന്നറിയിപ്പ് നല്‍കുന്നു.

ആര്‍.എസ്.എസിന് ഹിന്ദുമതവുമായോ വിശ്വാസവുമായോ ഒരു ബന്ധവുമില്ല.  മത രാഷ്ടീയ ഭീകരര്‍ മത വിശ്വാസികളല്ല എന്നത് ലോകം തിരിച്ചറിഞ്ഞ സത്യമാണെന്നും മതത്തിന്റെ പേരില്‍ കേരളത്തിന്റെ സാഹോദര്യം തകര്‍ക്കാനുള്ള ആര്‍.എസ്.എസ് ഇടപെടലിനെതിരെ യഥാര്‍ത്ഥ മതവിശ്വാസികളും, മതനിരപേക്ഷവാദികളും ശബ്ദമുയര്‍ത്തണമെന്നും പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്റ് വൈശാഖനും ജനറല്‍ സെക്രട്ടറി ഡോ. കെ.പി. മോഹനനും ആഹ്വാനം ചെയ്തു.

വിദ്വേഷം വളര്‍ത്തി ഹിംസ നടത്താനുള്ള ഇത്തരം വര്‍ഗീയ തീവ്രവാദനീക്കങ്ങളെ പ്രതിരോധിക്കാന്‍ സമൂഹത്തില്‍ സമാധാനം ആഗ്രഹിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുന്നോട്ട് വരണമെന്നും സാഹോദര്യവും, മനുഷ്യസ്‌നേഹവും മുന്നോട്ടുവെക്കുന്ന ക്യാമ്പെയിനുകളും, സര്‍ഗാത്മക ഇടപെടലുകളും, കേരളത്തിലുടനീളം സംഘടിപ്പിക്കണമെന്നും പുരോഗമന കലാസാഹിത്യസംഘം ആവശ്യപ്പെട്ടു.

Content Highlight: Hindu unity meetings are platforms for RSS’s extreme communal propaganda; Purogamana Kala Sahitya Sangham

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.