കൊച്ചി: സംസ്ഥാനത്തെ അഴിമതിക്കേസുകള്‍ സംബന്ധിച്ച ഫയലുകള്‍ നഷ്ടപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്ന് മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ സംബന്ധിച്ച അന്വേഷണം ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തിന് വിട്ടിരിക്കുകയാണ്.

മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട അഴിമതികള്‍ നേരത്തേ ചര്‍ച്ചാവിഷയമായിരുന്നതാണ്. ഇതേത്തുടര്‍ന്ന് അഴിമതി സംബന്ധിച്ച വിഷയത്തില്‍ തീരുമാനമെടുക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നീതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ കൗണ്‍സില്‍ രണ്ട് തവണ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ രണ്ട് തവണയും ഈ ഫയലുകള്‍ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തിയില്ല. പിന്നീടുള്ള അന്വേഷണത്തില്‍ ഈ ഫയലുകള്‍ ഹൈക്കോടതിയില്‍ നിന്ന് നഷ്ടപ്പെട്ടുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞു.


ALSO READ: കൊടുക്കാമെന്ന് പറഞ്ഞ തുക കൊടുക്കും; രാധിക വെമുലയെ വഞ്ചിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി മുസ്‌ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി


ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ നിന്ന് ഫയലുകള്‍ നഷ്ടപ്പെടുന്നത് ഗൗരവമായി കാണണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

അഴിമതി കേസ് സംബന്ധിച്ച ഫയല്‍ നഷ്ടപ്പെടുുന്നത് ആസൂത്രിത സംഭവാണെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍. മലബാര്‍ സിമന്റ്‌സ് സംബന്ധിച്ച ഹരജിയില്‍ ഹൈക്കോടതിയില്‍ നിന്നു ഫയലുകള്‍ നഷ്ടപ്പെട്ട കേസിലാണ് വിജിലന്‍സ് രജിസ്ട്രാറെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്.

അതേസമയം ഹൈക്കോടതിയില്‍ വന്‍ സുരക്ഷാ വീഴ്ച എന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. നിലവില്‍ സംസ്ഥാനത്ത് നടക്കുന്ന അഴിമതിക്കേസുകളില്‍ വിജിലന്‍സിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജികളിലാണ് ഹൈക്കോടതിയുടെ ഈ നിലപാട്.


ALSO READ: കുമ്മനത്തെ മാറ്റിയത് സുരേന്ദ്രനെ അധ്യക്ഷനാക്കാന്‍; ബി.ജെ.പി കോര്‍കമ്മിറ്റി യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം


2012 മുതല്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് നല്‍കിയ ഹരജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഫയലുകള്‍ ഉള്‍പ്പടെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പരാതി.

ഫയല്‍ ഉടന്‍ കണ്ടെത്തി വേഗം കേസ് തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ശശീന്ദ്രന്റെ ബന്ധുക്കള്‍ ചീഫ് ജസ്റ്റിസിനടക്കം നിവേദനം നല്‍കിയിരുന്നു.

നഷ്ടപ്പെട്ട മൂന്നു ഹരജികള്‍

1. മലബാര്‍ സിമന്റ്‌സ് മുന്‍ ചെയര്‍മാനും ഡയറക്ടര്‍മാര്‍ക്കുമെതിരെ മൂന്നു വിജിലന്‍സ് കേസുകളില്‍ പ്രോസിക്യൂഷന്‍ അനുമതി പിന്‍വലിച്ച 2012 ഫെബ്രുവരി 22ലെ സര്‍ക്കാര്‍ ഉത്തരവിനെതിരെ അഴിമതിവിരുദ്ധ മനുഷ്യാവകാശ സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി.

2. വിജിലന്‍സ് കേസുകളില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടു കെ. വേലായുധനും ജോയ് കൈതാരവും 2012ല്‍ നല്‍കിയ ഹര്‍ജി.

3. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അഴിമതിവിരുദ്ധ മനുഷ്യാവകാശ സംരക്ഷണ സമിതി 2015ല്‍ നല്‍കിയ ഹര്‍ജി.

ഇതുവരെ ഇവ ഫയലില്‍ സ്വീകരിച്ചിട്ടില്ലെന്നിരിക്കെയാണു രേഖകള്‍ കാണാതായത്. ആദ്യ രണ്ടു ഹര്‍ജികളുടെ ഒന്നാം സെറ്റ് ആദ്യം കാണാതായി. പിന്നീട് കേസ് ലിസ്റ്റ് ചെയ്തപ്പോള്‍ രണ്ടാംസെറ്റ് ബെഞ്ചിലെത്തിച്ചു. പിന്നീട് ഈ ഫലയലുകളും കാണാതായി. മൂന്നാം സെറ്റാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. സി.ബി.ഐ അന്വേഷണ ഹര്‍ജിയുടെ ആദ്യ സെറ്റാണ് അപ്രത്യക്ഷമായത്.