kerala-hc[] കൊച്ചി: ഉത്തരേന്ത്യയില്‍ നിന്ന് കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവന്ന സംഭവത്തില്‍ സി.ബി.ഐ അന്വേഷണമാകും ഉചിതമെന്ന് ഹൈക്കോടതി. കേസന്വേഷണം ലാഘവത്തോടെ കാണരുതെന്നും ഹൈകോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ബെഞ്ചിന്റേതാണ് നിരീക്ഷണം.

കേസ് സംബന്ധിച്ച് ഹൈക്കോടതി സി.ബി.ഐയ്ക്ക് നോട്ടിസ് അയക്കുകയും കേസില്‍ സി.ബി.ഐയെ സ്വമേധയാ കക്ഷി ചേര്‍ത്തിട്ടുമുണ്ട്. കേസ് അന്വേഷിക്കുന്നതിന്റെ സാധ്യത വ്യക്തമാക്കുന്നതിനാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.

അനാഥാലയ വിവാദത്തില്‍ സര്‍ക്കാരിന്റെ നടപടികള്‍ തൃപ്തിപരമല്ലെന്ന് ഹൈകോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ വിശ്വസനീയമല്ലെന്നും കോടതി വിമര്‍ശിച്ചിരുന്നു. കോഴിക്കോട് മുക്കത്തെ അനാഥാലയത്തിലേക്കും മലപ്പുറം വെട്ടത്തൂരിലെ അനാഥാലയത്തിലേക്കും ജാര്‍ഖണ്ഡില്‍ നിന്നും ബീഹാറില്‍ നിന്നും കുട്ടികളെ കൊണ്ടുവന്ന സംഭവത്തിലാണ് ഹൈകോടതിയുടെ ഇടപെടല്‍.

കുട്ടികളെ കൊണ്ടുവന്നതില്‍ നടപടിക്രമങ്ങള്‍ പാലിച്ചിരുന്നില്ലെന്നാണ് ആരോപണം. ഇതേ തുടര്‍ന്ന് കുട്ടികളെ തിരികെ ജാര്‍ഖണ്ഡില്‍ എത്തിച്ചിരുന്നു.