എഡിറ്റര്‍
എഡിറ്റര്‍
നജീബിനെ കണ്ടെത്താനുള്ള എല്ലാ വഴികളും സ്വീകരിക്കണം; സിബി.ഐയോട് ദല്‍ഹി ഹൈക്കോടതി
എഡിറ്റര്‍
Wednesday 6th September 2017 2:51pm

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ നിന്നും കാണാതായ നജീബ് അഹമ്മദിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ തത്സ്ഥിതി റിപ്പോര്‍ട്ട് സി.ബി.ഐ ദല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

കേസില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി സി.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കി. നജീബിനെ കണ്ടെത്തുന്നതിനുള്ള എല്ലാ വഴികളും സ്വീകരിക്കണമെന്നും കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടു. അതേസമയം അന്വേഷണം പൂര്‍ത്തീകരിക്കുന്നതിനായി കൂടുതല്‍ സമയം വേണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.


Dont Miss ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ് ആണെന്ന് ഒരു അപവാദം ഉണ്ടെന്ന് കൂടി ചേര്‍ക്കാമായിരുന്നു; ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ഇടതുപക്ഷത്തേയും കോണ്‍ഗ്രസിനേയും പ്രതിചേര്‍ത്തുള്ള സുരേന്ദ്രന്റെ പോസ്റ്റിന് പൊങ്കാല


ജെ.എന്‍.യുവില്‍ എം.എസ്.സി ബയോടെക്നോളജി വിദ്യാര്‍ത്ഥിയായിരുന്ന നജീബ് അഹമ്മദിനെ ഒക്ടോബര്‍ 15നാണ് കാണാതാവുന്നത്. എ.ബി.വി.പി പ്രവര്‍ത്തകര്‍ ഹോസ്റ്റലില്‍ നജീബിനെ മര്‍ദ്ദിച്ചതിന് പിന്നാലെയായിരുന്നു തിരോധാനവും.

എം.എസ്സി ബയോടെക്നോളജി ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദ്, മഹി-മാണ്ഡവി ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. എബിവിപി പ്രവര്‍ത്തകരും നജീബുമായി കലഹമുണ്ടായതിന് പിന്നാലെ എബിവിപി പ്രവര്‍ത്തകര്‍ കൂട്ടമായെത്തി നജീബിനെ ആക്രമിക്കുകയായിരുന്നു.

നജീബിനെ കൂട്ടം ചേര്‍ന്ന് തല്ലിച്ചതയ്ക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയ വാര്‍ഡനേയും ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റായിരുന്ന മോഹിത് കെ പാണ്ഡേയും എ.ബി.വി.പിക്കാര്‍ തല്ലിയിരുന്നു.

അതേസമയം നജീബ് അഹമ്മദിനെ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരനാണെന്ന് സര്‍വകലാശാല അന്വേഷണ സമിതി കണ്ടെത്തിയ പ്രവര്‍ത്തകനെ എ.ബി.വി.പി ജെ.എന്‍.യുവില്‍ തെരഞ്ഞെടുപ്പിന് മത്സരിക്കാന്‍ തീരുമാനിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

അങ്കിത് റോയിയെയാണ് തങ്ങളുടെ 5 സ്ഥാനാര്‍ത്ഥികളിലൊരാളായി എ.ബി.വി.പി ഇറക്കുന്നത്.
സ്‌കൂള്‍ ഓഫ് ലാംഗ്വേജ്, ലിറ്ററേച്ചര്‍ ആന്‍ഡ് കള്‍ച്ചറല്‍ വിഭാഗം കൗണ്‍സിലര്‍ സ്ഥാനത്തേക്കാണ് ഇയാളെ മത്സരിപ്പിക്കുന്നത്. നജീബിനെ മര്‍ദിച്ച നാല് പ്രതികളിലൊരാളാണ് അങ്കിത് റോയ്.

കാമ്പസുകളില്‍ അച്ചടക്ക നടപടി നേരിട്ടവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിന് വിലക്കണമെന്ന് ലിങ്ദോ കമ്മിറ്റി നിര്‍ദേശങ്ങളില്‍ പറയുന്നുണ്ടെങ്കിലും അങ്കിതിനെതിരായ അന്വേഷണ സമിതി റിപ്പോര്‍ട്ട് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അതിനാല്‍ നോമിനേഷന്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്നുമാണ് ജെ.എന്‍.യു തെരഞ്ഞെടുപ്പ് സമിതിയുടെ നിലപാട്.

ഇത്തവണത്തെ ജെ.എന്‍.യു തെരഞ്ഞെടുപ്പില്‍ നജീബിന്റെ തിരോധാനം ഉള്‍പ്പടെ വിഷയമാകുന്നതിനിടയിലാണ് കേസിലെ ആരോപണ വിധേയനായ വിദ്യാര്‍ത്ഥിയെ എ.ബി.വി.പി സ്ഥാനാര്‍ത്ഥിയാക്കുന്നത്.

Advertisement