waste fire

കൊച്ചി: പൊതുസ്ഥലങ്ങളില്‍ പ്ലാസ്റ്റിക്, റബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. മാലിന്യം കത്തിക്കുന്നില്ല എന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതില്‍ നിന്നുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും ഇതിന്റെ ഫലമായുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളുമാണ് വിധിക്ക് അടിസ്ഥാനം.

പ്ലാസ്റ്റിക് റബ്ബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് മൂലം വലിയ തോതില്‍ മലിനീകരണമുണ്ടാക്കുന്നുവെന്നും ഇത് തടയണമെന്നും ആവശ്യപ്പെടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് വിധി. കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി പ്രസ്താവിച്ചത്

ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരെ പൊലീസിന് കേസെടുക്കാമെന്നും ആക്ടിങ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും അനുശിവരാമനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അക്കാര്യത്തില്‍ പ്രത്യേക വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊതുസ്ഥലങ്ങളില്‍ മാലിന്യം കത്തിക്കുന്നതിനെതിരെയും ഹൈക്കോടതി മുമ്പും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.