തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്ന കേരളത്തിന് സാമ്പത്തിക സഹായങ്ങളും അവശ്യവസ്തുക്കളും എത്തിച്ചു നല്‍കി കൈത്താങ്ങാവുകയാണ് രാജ്യത്തിനകത്തും പുറത്തുമുള്ള വ്യക്തികളും സംഘടനകളും. യു.എ.ഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും വിവിധ സംസ്ഥാന സര്‍ക്കാരുകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നടത്തുന്നുണ്ട്. ആം ആദ്മി പാര്‍ട്ടിയിലെയും കോണ്‍ഗ്രസിലെയും എം.പി മാരും എം.എല്‍.എ മാരും ഒരു മാസത്തെ ശമ്പളമാണ് നല്‍കുന്നത്.

എങ്കിലും, സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തെ നിയന്ത്രണാധീനമാക്കുന്നതിനു വേണ്ട സഹായങ്ങള്‍ എത്തിച്ചു നല്‍കാനുള്ള ക്യാംപയിനുകള്‍ക്കൊപ്പം വിദ്വേഷ പ്രചരണങ്ങളും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ആദ്യ ഘട്ടത്തില്‍ ദേശീയ മാധ്യമങ്ങളില്‍ ഇടം നേടാതെ പോയ ദുരന്ത വാര്‍ത്തകളെ രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ സഹാനുഭൂതി ഒട്ടുമില്ലാതെയാണ് നോക്കിക്കാണുന്നത്.

പ്രളയം കേരളം അര്‍ഹിക്കുന്ന ദുരന്തമാണെന്നും, സംസ്ഥാനത്തെ സഹായിക്കേണ്ടതില്ലെന്നുമുള്ള സംഘ പരിവാര്‍ പ്രചാരണം നേരത്തേയും സജീവമായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ കെടുതി രൂക്ഷമാകുകയും മരണസംഖ്യ 324 കടക്കുകയും ചെയ്തിട്ടും സംസ്ഥാനത്തിനെതിരെ ചിലര്‍ അഴിച്ചുവിട്ടിരിക്കുന്ന ദുഷ്പ്രചരണങ്ങളില്‍ കുറവുണ്ടായിട്ടില്ല.

പശുവിന്റെ ഇറച്ചി കഴിക്കുന്ന മലയാളികള്‍ ചോദിച്ചു വാങ്ങിയ വിപത്താണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നാണ് ട്വിറ്റര്‍ പോലുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍. ബീഫ് കഴിക്കുന്നതു വഴി ദൈവത്തിനു നിരക്കാത്ത കാര്യമാണ് കേരളീയര്‍ ചെയ്തതെന്നും അതിനു ലഭിച്ച ശിക്ഷയാണ് മഴക്കെടുതിയെന്നും ഉത്തരേന്ത്യയില്‍ നിന്നുള്ള ചിലര്‍ പങ്കുവയ്ക്കുന്ന സന്ദേശങ്ങളില്‍ പറയുന്നു. കേരളം ഇതുവരെ ബീഫ് നിരോധിക്കാത്തതിനാലാണ് വിപത്തുകളുണ്ടാകുന്നതെന്നും ചിലര്‍ കുറിക്കുന്നുണ്ട്.

“കേരളത്തിലെ ഹിന്ദുക്കള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തണം. ഹിന്ദുവായിരുന്നിട്ട് ബീഫ് കഴിക്കുന്നത് അംഗീകരിക്കാനാവില്ല. പലിശ സഹിതം പ്രകൃതി തിരിച്ചടിക്കും.” ഇത്തരമൊരു സന്ദേശത്തില്‍ പറയുന്നു. പശു ഇറച്ചി കഴിക്കുന്നവരെ സഹായിക്കേണ്ട കാര്യമെന്താണ് എന്നു ചോദിക്കുന്നവരും ഈ വിദ്വേഷ പ്രചാരകരുടെ കൂട്ടത്തിലുണ്ട്.

“എന്തു സഹായമാണ് നിങ്ങള്‍ക്കു വേണ്ടത്? കേരളത്തില്‍ നിന്നുള്ളവരില്‍ അധികവും സംസ്ഥാനത്തിനു പുറത്താണ് ജോലി ചെയ്യുന്നത്. ഈ കമ്മികളെ ഇസ്‌ലാമിക സംഘടനകളും ക്രിസ്ത്യന്‍ പള്ളികളും സംരക്ഷിച്ചു കൊള്ളും. ഇവര്‍ക്കു ഭക്ഷണം നല്‍കി സഹായിക്കാന്‍ ചെന്നാല്‍ ചെലപ്പോള്‍ അവര്‍ ബീഫ് കറി പോലും ആവശ്യപ്പെട്ടേക്കും.” കേരളത്തിന് സഹായമഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള സന്ദേശത്തിന് മറുപടിയായി വന്ന കുറിപ്പുകളിലൊന്നില്‍ ഇങ്ങനെ പറയുന്നു.

ബീഫ് നിരോധനത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ട് ബീഫ് ഫെസ്റ്റുകള്‍ നടത്തിയ കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്ള കേരളത്തോട് അയ്യപ്പനു ദേഷ്യമാണെന്നും അതിന്റെ ഫലമാണിതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. നാം ആരാധിക്കുന്ന ഗോക്കളെ ഭക്ഷിക്കുന്ന കേരളീയരെ സഹായിക്കണോ എന്ന അഭിപ്രായവോട്ടെടുപ്പു പോലും ട്വിറ്ററില്‍ നടക്കുന്നുണ്ട്.

മഹാദുരന്തത്തെ അതിജീവിക്കുന്ന കേരളത്തിനെതിരെ ദേശീയ തലത്തില്‍ നടക്കുന്ന വിദ്വേഷ ക്യാംപയിനുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഹിന്ദുത്വ വാദികളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിനു സഹായഹസ്തം നീട്ടിയ സംസ്ഥാന സര്‍ക്കാരുകളെല്ലാം ബി.ജെ.പി ഇതര പാര്‍ട്ടികള്‍ അധികാരത്തിലുള്ളവയാണെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.