ഇന്ത്യയെ മുസ്‌ലിം രാജ്യമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്, മുസ്‌ലിം ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണം; വിദ്വേഷം പ്രചരിപ്പിച്ച് ട്വീറ്റുകള്‍ #hindusunderattackinindia
national news
ഇന്ത്യയെ മുസ്‌ലിം രാജ്യമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്, മുസ്‌ലിം ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണം; വിദ്വേഷം പ്രചരിപ്പിച്ച് ട്വീറ്റുകള്‍ #hindusunderattackinindia
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th June 2022, 4:45 pm

ന്യൂദല്‍ഹി: ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ പ്രവാചകനെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ രാജ്യത്ത് സംഘര്‍ഷം രൂക്ഷമാകുന്നു. റാഞ്ചി, ദല്‍ഹി, യു.പി തുടങ്ങിയ പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ സമൂഹമാധ്യമങ്ങളിലും ഇത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ സജീവമാണ്.

രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് മുസ്‌ലിങ്ങളാണെന്ന് ചൂണ്ടിക്കാട്ടി #hinudsunderattackinindia എന്ന ഹാഷ്ടാഗ് ആണ് ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നത്.

റാഞ്ചിയില്‍ പൊലീസുകാരുടെ വെടിയേറ്റ് യുവാവ് മരിച്ച സംഭവത്തെയും, യു.പിയില്‍ യോഗി ആദിത്യനാഥ് നടത്തിയ ബുള്‍ഡോര്‍ ആക്രമത്തെയും അനുകൂലിച്ച് നിരവധി പേരാണ് ട്വിറ്ററില്‍ പ്രതികരണങ്ങളുമായി എത്തിയത്.

രാജ്യത്തിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ഇതാകും ശിക്ഷ എന്ന തലക്കെട്ടോടെയാണ് ഒരു യുവാവ് റാഞ്ചിയിലെ വെടിവെയ്പ്പിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

ഇന്ത്യയെ മുസ്‌ലിം രാജ്യമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ആരോപണങ്ങളുണ്ട്. രാജ്യത്തെ എല്ലാ ഹിന്ദുക്കളും ഒന്നിച്ചു നില്‍ക്കണമെന്നും, മുസ്‌ലിങ്ങളുടെ കടകളും അവര്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങളും ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനങ്ങളും ട്വിറ്ററില്‍ സജീവമാണ്.

രാജ്യത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുമെന്നതിന്റെ നേര്‍ചിത്രങ്ങളാണ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി തുടരുന്ന #hindusunderattackinindia എന്ന ഹാഷ്ടാഗിലൂടെ ലൂടെ വ്യക്തമാകുന്നത്.

കഴിഞ്ഞ ദിവസം പ്രവാചകനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ നുപുര്‍ ശര്‍മ, നവീന്‍ ജിന്‍ഡാല്‍ എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജുമുഅ നമസ്‌കാരത്തിന് ശേഷം രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വിശ്വാസികള്‍ തെരുവില്‍ പ്രതിഷേധം നടത്തിയിരുന്നു.

പ്രതിഷേധത്തിനിടെ റാഞ്ചിയിലുണ്ടായ പൊലീസ് വെടിവെയ്പ്പില്‍ രണ്ട് പേര്‍ മരണപ്പെട്ടിരുന്നു.
ഇസ്‌ലാംനഗര്‍ സ്വദേശി മൊബാസിര്‍, മഹാത്മാഗാന്ധി റോഡിലെ ക്രിസ്റ്റിയാ നഗറിലെ സാഹില്‍ എന്നിവരാണ് മരിച്ചത്.

പത്തിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ടൈംസ്‌നൗ ചാനല്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു നുപുറിന്റെ വിദ്വേഷ പരാമര്‍ശം. ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ പ്രവാചകനെതിരെ നുപുര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

സംഭവത്തെ അപലപിച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങളടക്കം രംഗത്തെത്തിയതോടെ നുപുര്‍ ക്ഷമാപണം നടത്തിയിരുന്നു.

Content Highlight: Hashtag #hindusunderattackinindia goes viral in twitter