ഹര്‍ദിക് ഗുജറാത്ത് ടൈറ്റന്‍സിലേക്ക് തിരികെ പോയേക്കും, എന്നാല്‍ ക്യാപ്റ്റന്‍സി.... തുറന്നുപറഞ്ഞ് അശ്വിന്‍
Sports News
ഹര്‍ദിക് ഗുജറാത്ത് ടൈറ്റന്‍സിലേക്ക് തിരികെ പോയേക്കും, എന്നാല്‍ ക്യാപ്റ്റന്‍സി.... തുറന്നുപറഞ്ഞ് അശ്വിന്‍
ആദർശ് എം.കെ.
Thursday, 13th August 2026, 1:45 pm

 

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ഐ.പി.എല്‍ 2027 സീസണിന് മുന്നോടിയായി തന്റെ പഴയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് ട്രേഡിലൂടെ തിരികെയെത്താന്‍ സാധ്യതയുണ്ടെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍.

ടൈറ്റന്‍സിനൊപ്പമുള്ള സമയം ഹര്‍ദിക് ഏറെ ആസ്വദിച്ചിരുന്നുവെന്നും, എന്നാല്‍ ശുഭ്മന്‍ ഗില്‍ തന്നെ ക്യാപ്റ്റനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ലെജന്‍ഡ്.

രവിചന്ദ്രന്‍ അശ്വിന്‍

‘ഹര്‍ദിക് ജി.ടി.യുമായി ബന്ധപ്പെട്ടതില്‍ തെറ്റൊന്നുമില്ല. അവിടെയുള്ള സമയം അവന്‍ ശരിക്കും ആസ്വദിച്ചിരുന്നു. ബാറ്റിങ്ങിലായാലും ക്യാപ്റ്റന്‍സിയിലായാലും അവന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടം ജി.ടിയിലായിരുന്നു.

അവന്‍ ജി.ടിയിലേക്ക് തന്നെ പോകുമെന്നൊരു തോന്നല്‍ എനിക്കിപ്പോഴുമുണ്ട്. ശുഭ്മന്‍ ഗില്ലിന് അവിടെ ക്യാപ്റ്റനായി തുടരാനാകും. ജി.ടിയെ ചാമ്പ്യന്മാരാക്കിയിട്ടും അവിടെനിന്ന് പോയതിന് ഹര്‍ദിക്കിനെ കുറ്റം പറയാനാകില്ല, കാരണം ലോകത്തിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസികളിലൊന്നായ മുംബൈ ഇന്ത്യന്‍സിനെ നയിക്കുക എന്നത് വലിയൊരു അവസരമാണ്. എം.ഐ പോലൊരു ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചാല്‍ ആരും അതിന് തയ്യാറാകും,’ അശ്വിന്‍ പറഞ്ഞു.

ഹര്‍ദിക് പാണ്ഡ്യ. Photo: MI/x.com

‘അതുകൊണ്ട് അവന്‍ എടുത്ത തീരുമാനം അവന്റെ വ്യക്തിപരമായ താത്പര്യങ്ങള്‍ക്ക് അനുയോജ്യമായിരുന്നു, എന്നാല്‍ അത് പ്രതീക്ഷിച്ചതുപോലെ വിജയിച്ചില്ല. പക്ഷെ എം.ഐ അവനെ ജി.ടിക്ക് ട്രേഡ് ചെയ്യുകയും പകരം നല്ലൊരു പാക്കേജ് ലഭിക്കുകയും ചെയ്താല്‍ ഹര്‍ദിക്കിന് സന്തോഷത്തോടെ മടങ്ങിച്ചെല്ലാന്‍ പറ്റിയ ഇടമായിരിക്കും അത്.

ടൈറ്റന്‍സുമായി ബന്ധപ്പെട്ട് അവന് നല്ല ഓര്‍മകളാണുള്ളത്. ഇത്തവണ മുംബൈയ്‌ക്കൊപ്പം ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ജി.ടിയെ വീണ്ടും വിജയിപ്പിക്കാന്‍ തനിക്ക് സാധിക്കുമെന്ന് തെളിയിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നുണ്ടാകാം. ആ വാശിയും പോരാട്ടവീര്യവുമാണ് ഒരു ക്രിക്കറ്ററെ നിര്‍വചിക്കുന്നത്,’അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

ശുഭ്മന്‍ ഗില്ലിനൊപ്പം

എന്നാല്‍ തിരികെയെത്തിയാലും ക്യാപ്റ്റനാകാന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ക്ക് സാധിക്കില്ലെന്നും ഇതിഹാസ താരം ചൂണ്ടിക്കാട്ടി.

‘ജി.ടി അവന് പറ്റിയ മികച്ച ഇടമാണ്, മികച്ച ബാറ്റിങ് വിക്കറ്റാണ് അവിടെയുള്ളത്, കൂടാതെ നല്ല ഓര്‍മകളും അവനുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി ശുഭ്മന്‍ ഗില്‍ മികച്ച രീതിയിലാണ് ടീമിനെ നയിക്കുന്നത്. അതുകൊണ്ട് ഹര്‍ദിക്കിന് അവിടെ ക്യാപ്റ്റന്‍സി ലഭിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.

എന്നാല്‍ അവസരം ലഭിച്ചാല്‍ ജി.ടിയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ഹര്‍ദിക് ചിന്തിക്കണം, അതിന് നല്ല സാധ്യതയുണ്ടെന്ന് ഞാന്‍ കരുതുന്നു.’

ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം കളിക്കവെ. Photo: Gujarat Titans/x.com

2024ല്‍ ഗുജറാത്ത് വിട്ട് മുംബൈ ഇന്ത്യന്‍സിലേക്ക് തിരികെയെത്തിയ ഹാര്‍ദിക്കിന് പ്രതീക്ഷിച്ച വിജയം കണ്ടെത്താനായില്ല. ഹര്‍ദിക്കിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് സീസണുകളില്‍ രണ്ടിലും മുംബൈക്ക് പ്ലേഓഫ് യോഗ്യത നേടാനായിരുന്നില്ല.

2026 ഐ.പി.എല്‍ സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 206 റണ്‍സും 4 വിക്കറ്റുകളും (11.42 ഇക്കോണമി) മാത്രമാണ് താരം നേടിയത്.

അതേസമയം, ഹര്‍ദിക്കിന് ശേഷം ജി.ടിയുടെ നായകസ്ഥാനമേറ്റെടുത്ത ശുഭ്മന്‍ ഗില്‍ തുടര്‍ച്ചയായ രണ്ട് സീസണുകളില്‍ ടീമിനെ പ്ലേ ഓഫിലേക്കും 2026ല്‍ ഫൈനലിലേക്കും നയിച്ചിരുന്നു.

Content Highlight: Hardik Pandya might return to Gujarat Titans: Ashwin

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.