ടി-20 ലോകകപ്പിന്റെ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്കുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. നാളെ നടക്കുന്ന പാകിസ്ഥാന്‍ – ന്യൂസിലാന്‍ഡ് ഗ്രൂപ്പ് 2 മത്സരങ്ങളോടെയാണ് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഫെബ്രുവരി 22നാണ് സൂപ്പര്‍ 8ല്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.
വരാനിരിക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്‍ഡര്‍ ഹര്‍ദിക് പാണ്ഡ്യ ഒരു തകര്‍പ്പന്‍ റെക്കോഡു മായാണ് കളത്തിലിറങ്ങുന്നത്. ഐ.സി.സി ടൂര്‍ണമെന്റുകളുടെ ചരിത്രത്തില്‍ ഒരുടീമില്‍ ഏറ്റവും കൂടുതല്‍ തുടര്‍ വിജയങ്ങള്‍ നേടുന്ന താരമാകാനാണ് ഹര്‍ദിക് പാണ്ഡ്യയ്ക്ക് സാധിച്ചത്.
ഐ.സി.സി ടൂര്‍ണമെന്റിലെ കഴിഞ്ഞ 21 മത്സരങ്ങളിലും ഇന്ത്യ വിജയിച്ചപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ ഇലവനില്‍ ഉണ്ടായിരുന്നു. ഈ നേട്ടത്തിന്റെ ലിസ്റ്റില്‍ മുന്‍ ഓസീസ് താരം മൈക്കല്‍ ക്ലാര്‍ക്കും ഷോണ്‍ ടൈറ്റുമാണ് രണ്ടാം സ്ഥാനത്തുള്ളത്. 17 മത്സരങ്ങളാണ് ഐ.സി.സി ഇവന്റില്‍ ഇരുവരും തുടര്‍ച്ചയായി നേടിയത്.
ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലാണ്. താരത്തിനൊപ്പ ബ്രാഡ് ഹോഗും ഇടം നേടിയിട്ടുണ്ട്.
നിലവില്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് ഹര്‍ദിക് കാഴ്ചവെക്കുന്നത്. ഇതുവരെ നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റും 87 റണ്‍സുമാണ് ഹര്‍ദിക് നേടിയത്. ഒരു അര്‍ധ സെഞ്ച്വറിയുള്‍പ്പെടെയാണ് താരത്തിന്റെ ബാറ്റിങ്. മധ്യ നിരയില്‍ ഹര്‍ദിക്കിന്റെ ഫിയര്‍ലെസ് ബാറ്റിങ് കരുത്ത് വരും മത്സരങ്ങളിലും കാണാന്‍ സാധിക്കുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.
അതേസമയം സൂപ്പര്‍ 8ല്‍, പ്രത്യേകിച്ച് ഗ്രൂപ്പ് വണ്ണില്‍ സൂപ്പര്‍ പോരാട്ടങ്ങള്‍ക്ക് തന്നെയായിരിക്കും ആരാധകര്‍ സാക്ഷ്യം വഹിക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാത്ത ടീമുകള്‍ നാലുമാണ് ഗ്രൂപ്പ് വണ്ണിലുള്ളത്. ഇന്ത്യയ്ക്കും സൗത്ത് ആഫ്രിക്കയ്ക്കും പുറമെ മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസും ഏത് ചാമ്പ്യന്‍ ടീമിനെയും മുട്ടുകുത്തിക്കാന്‍ പോന്ന സിംബാബ്‌വേയുമാണ് ഗ്രൂപ്പ് വണ്ണിലുള്ളത്.
Content Highlight: Hardik Pandya In A Rare Record Achievement In ICC Event