ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ സൂപ്പര്‍ താരം ജലജ് സക്‌സേനയ്ക്ക് ഇടം നല്‍കാത്തതിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഹനുമ വിഹാരി.
ജലജ് ആഭ്യന്തര തലത്തിലെ ഇതിഹാസമാണെന്നും രവീന്ദ്ര ജഡേജയുടെയും ആര്‍. അശ്വിന്റെയും നിഴലില്‍ ഇന്ത്യന്‍ ഡൊമസ്റ്റിക് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച സ്പിന്‍ ബൗള്‍ ഓള്‍റൗണ്ടര്‍ മാഞ്ഞുപോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘സാരാന്‍ഷ് ജെയ്‌നിന് ഇതാ അവസരം ലഭിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ രഞ്ജി ട്രോഫി സീസണില്‍ അവന്‍ വളരെ മികച്ച പ്രകടനമാണ് നടത്തിയത്. ഇന്ത്യ എ-യ്ക്ക് വേണ്ടിയും അവന്‍ തിളങ്ങിയിരുന്നു.
വാഷിങ്ടണ്‍ സുന്ദറിന് പരിക്കേറ്റതുകൊണ്ട് മാത്രമാണ് അവനിപ്പോള്‍ അവസരം ലഭിച്ചിരിക്കുന്നത് എന്നതും നമ്മളോര്‍ക്കണം.
ഇപ്പോള്‍ ജലജ് സക്‌സേനയുടെ കാര്യം ആലോചിക്കുമ്പോഴാണ് എനിക്ക് നിരാശ തോന്നുന്നത്. അവന്‍ ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസമാണ്. എന്നാല്‍ അവന്റെ കരിയര്‍ പീക്ക് ടൈമില്‍ നില്‍ക്കുമ്പോള്‍ അശ്വിനും ജഡേജയും അവിടെയുണ്ടായിരുന്നു.
ജലജ് സക്‌സേന
സാരാന്‍ഷ് ശരിയായ സമയത്ത് ശരിയായ സ്ഥലത്തുണ്ടായിരുന്നു, അതുകൊണ്ടാണ് അവന് ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത്. ചിലപ്പോള്‍ ജീവിതവും വിധിയും അത്തരത്തിലാണ്. അദ്ദേഹത്തിന് എല്ലാ വിധ അഭിനന്ദനങ്ങളും, വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിനുള്ള ഫലം അവന് ലഭിച്ചു,’ ഹനുമ വിഹാരി പറഞ്ഞു.
ആഭ്യന്തര തലത്തില്‍ ദീര്‍ഘനാളായി കേരളത്തിനും നിലവില്‍ പഴയ ടീമായ മധ്യപ്രദേശിനുമായാണ് ജലജ് കളത്തിലിറങ്ങുന്നത്. 2005ല്‍ കേരളത്തിനെതിരെ മധ്യപ്രദേശിന് വേണ്ടി കളത്തിലറങ്ങിക്കൊണ്ടായിരുന്നു ജലജിന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം. കേരളത്തിനായി നിരവധി വിജയങ്ങള്‍ സമ്മാനിച്ച താരം മലയാളി ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് കേരളത്തിന്റെ ദത്തുപുത്രന്‍ തന്നെയായിരുന്നു.
സഞ്ജുവിനൊപ്പം കേരള ടീമില്‍
157 ഫസ്റ്റ് ക്ലാസ് മത്സരത്തിലെ 239 ഇന്നിങ്‌സില്‍ നിന്നുമായി 7224 റണ്‍സ് താരം സ്വന്തമാക്കിയിട്ടുണ്ട്.
33.75 ബാറ്റിങ് ശരാശരിയില്‍ 14 സെഞ്ച്വറിയും 35 അര്‍ധ സെഞ്ച്വറിയും തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്ത ജലജിന്റെ ഉയര്‍ന്ന സ്‌കോര്‍ 194 റണ്‍സാണ്.
പന്തെറിഞ്ഞ 260 ഇന്നിങ്‌സില്‍ നിന്നും 512 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. 25.45 ശരാശരിയില്‍ പന്തെറിഞ്ഞ താരം 11 തവണ പത്ത് വിക്കറ്റ് നേട്ടവും 36 തവണ അഞ്ച് വിക്കറ്റ് നേട്ടവും 18 തവണ നാല് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. 9/68 ആണ് ഒരു ഇന്നിങ്‌സിലെ താരത്തിന്റെ മികച്ച ബൗളിങ് ഫിഗര്‍.
രഞ്ജി ചരിത്രത്തില്‍ 7,000+ റണ്‍സും 500+ വിക്കറ്റും സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ താരവും ഏക താരവുമാണ് ജലജ്.
ജലജ് സക്‌സേന
അതേസമയം, രണ്ട് ടെസ്റ്റുകള്‍ക്കായാണ് ഇന്ത്യ ശ്രീലങ്കയില്‍ പര്യടനം നടത്തുക. ആഗസ്റ്റ് 15 മുതല്‍ 19 വരെയാണ് പരമ്പരയിലെ ആദ്യ മത്സരം. ഗല്ലെയാണ് വേദി. 23ന് സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ രണ്ടാം മത്സരവും നടക്കും.