തകരാത്ത കോട്ട; ചരിത്ര നേട്ടത്തിനരികെ ഫ്‌ളിക്, പെപ്പിന്റെ റെക്കോര്‍ഡ് ഒട്ടും സെയ്ഫല്ല!
Football
തകരാത്ത കോട്ട; ചരിത്ര നേട്ടത്തിനരികെ ഫ്‌ളിക്, പെപ്പിന്റെ റെക്കോര്‍ഡ് ഒട്ടും സെയ്ഫല്ല!
ഫസീഹ പി.സി.
Monday, 16th March 2026, 10:39 am

ലാലിഗയില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ബാഴ്സലോണ. സ്വന്തം തട്ടകമായാ ക്യാമ്പ് നൗവില നടന്ന മത്സരത്തില്‍ സെവിയ്യയെ പരാജയപ്പെടുത്തിയാണ് ടീമിന്റെ വിജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കറ്റാലന്‍ പട ജയിച്ച് കയറിയത്.

ഇതോടെ സീസണില്‍ തുടര്‍ച്ചയായ നാലാം വിജയം സ്വന്തമാക്കാന്‍ ബാഴ്സയ്ക്ക് സാധിച്ചു. കൂടാതെ റയല്‍ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം നാലായി ഉയര്‍ത്തുകയും ചെയ്തു.

സെവിയ്യക്കെതിരെയുള്ള ഗോളാഘോഷിക്കുന്ന റഫീഞ്ഞയും ഫെർമിൻ ലോപ്പസും. Photo: FC Barcelona

മത്സരത്തില്‍ ബാഴ്‌സക്കായി റഫീഞ്ഞ ഹാട്രിക്ക് നേടി. ഒമ്പത്, 21, 51 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോള്‍. താരത്തിനൊപ്പം ഡാനി ഓല്‍മോയും ജാവോ ക്യാന്‍സലോയും ഓരോ ഗോളുകള്‍ വീതം സ്‌കോര്‍ ചെയ്തു. ഓല്‍മോ 38ാം മിനിട്ടിലും ക്യാന്‍സലോ 60ാം മിനിട്ടിലുമാണ് വല കുലുക്കിയത്.

വിജയത്തോടെ 2025 – 26 ലാലിഗ സീസണില്‍ ബാഴ്സ പരിശീലകന്‍ ഹാന്‍സി ഫ്‌ലിക്കിന് സ്വന്തം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ 14 വിജയങ്ങള്‍ കുറിക്കാന്‍ ടീമിന് സാധിച്ചു. ഇതോടെ പെപ് ഗ്വാര്‍ഡിയോളയുടെ തുടര്‍ച്ചയായ ഹോം വിജയങ്ങള്‍ നേടിയ ബാഴ്സ മാനേജര്‍ എന്ന റെക്കോഡിന് അടുത്തെത്താന്‍ ജര്‍മന്‍ പരിശീലകനായി.

2010 – 2011 സീസണില്‍ പെപ് തുടര്‍ച്ചയായ 15 വിജയങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഒരു വിജയം കൂടി നേടിയാല്‍ ഫ്‌ലിക്കിന് ഈ നേട്ടത്തില്‍ പെപ്പിന് ഒപ്പമെത്താം.

ഹാൻസി ഫ്ലിക്ക്. Photo: Fabrizio Romano/x.com

സെപ്റ്റംബര്‍ 2025ലായിരുന്നു ബാഴ്സ ഫ്‌ലിക്കിന്റെ കീഴില്‍ ഹോം ഗ്രൗണ്ടിലെ വിജയകുതിപ്പിന് തുടക്കമിട്ടത്. വലന്‍സിയയുമായുള്ള മത്സരത്തില്‍ ഏകപക്ഷീയമായ ആറ് ഗോളിനായിരുന്നു വിജയം. ഇത് തന്നെ ഈ സീസണിലെ ആദ്യ ഹോം മത്സരം.

പിന്നീട് പല ടീമുകള്‍ ക്യാമ്പ് നൗവില്‍ ബാഴ്സയ്ക്ക് മുന്നിലെത്തി. അപ്പോഴെല്ലാം സ്വന്തം തട്ടകത്തില്‍ കറ്റാലന്‍പട വിജയമാവര്‍ത്തിച്ചു.

ഗെറ്റാഫെ, റയല്‍ സോസിഡാഡ്, ജിറോണ, എല്‍ക്കെ, അത്ലറ്റിക് ക്ലബ്ബ്, അലാവസ്, അത്ലറ്റികോ മാഡ്രിഡ്, ഒസാസുന, റയല്‍ ഒവീഡോ, മയ്യോര്‍ക, ലെവന്റെ, വിയ്യാറയല്‍, ഇപ്പൊ സെവിയ്യയും ടീമിന് മുന്നില്‍ എതിരാളികളായി എത്തി. ഒരു ഘട്ടത്തില്‍ പോലും പതറാതെ ബ്ലൂഗ്രാന തലയുയര്‍ത്തി നിന്നു.

Content Highlight: Hansi Flick registered 14 home win in La Liga this season in a row; he needs just one win to equal Pep Guardiola’s record

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി