ഗസയില്‍ ഇസ്രഈല്‍ പിന്മാറ്റത്തിനും നിരായുധീകരണത്തിനും അംഗീകാരം: ട്രംപിന്റെ പ്രഖ്യാപനം സ്ഥിരീകരിച്ച് ഹമാസ്
World
ഗസയില്‍ ഇസ്രഈല്‍ പിന്മാറ്റത്തിനും നിരായുധീകരണത്തിനും അംഗീകാരം: ട്രംപിന്റെ പ്രഖ്യാപനം സ്ഥിരീകരിച്ച് ഹമാസ്
റെന്വര്‍ പി
Friday, 31st July 2026, 7:42 am

വാഷിങ്ടണ്‍ : ഗസയില്‍ നിന്ന് ഇസ്രഈല്‍ പിന്‍മാറുന്നതിനും ഹമാസിന്റെ നിരായുധീകരണത്തിനുമായുള്ള കരാരില്‍ എത്തിച്ചേര്‍ന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ പ്രഖ്യാപനം ഹമാസ് സ്ഥിരീകരിച്ചു.

ഗസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രഈലുമായി കരാറിലെത്തിയെന്ന് മുതിര്‍ന്ന ഹമാസ് നേതാക്കള്‍ അറിയിച്ചതായി എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കരാര്‍ നടപ്പാക്കുന്നത് ഘട്ടം ഘട്ടമായിട്ടായിരിക്കുമെന്ന് ഹമാസ് പ്രതിനിധികള്‍ അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

കരാറില്‍ ഇസ്രഈല്‍ അവരുടെ ഭാഗം നടപ്പാക്കുന്നത് അനുസരിച്ചാണ് തുടര്‍ ഘട്ടങ്ങളിലേക്ക് തങ്ങള്‍ പോവുക എന്ന വ്യവസ്ഥയോടെയാണ് കരാര്‍ അംഗീകരിച്ചതെന്നും ഹമാസ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിഷയത്തില്‍ ഇസ്രഈലിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല.

ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെയോടെയാണ് സമാധാന കരാര്‍ സംബന്ധിച്ച് ട്രംപിന്റെ പ്രഖ്യാപനം പുറത്ത് വന്നത്. സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഖത്തര്‍, തുര്‍ക്കി, ഈജിപ്ത് പ്രതിനിധികളുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറില്‍ ധാരണയിലെത്തിയത്.

ഗസയില്‍ ഇസ്രഈലിന്റെ യുദ്ധം അവസാനിപ്പിക്കാനുള്ള ‘ ട്രംപിന്റെ 20 ഇന പദ്ധതി നടപ്പാക്കുന്നതിലുള്ള സുപ്രധാന നാഴികക്കല്ലാണ്’ ഈ കരാര്‍ എന്ന് ട്രംപ് ട്രൂത്ത് പോസ്റ്റില്‍ കുറിച്ചു. ഗസയില്‍ ഹമാസിന്റെയും എല്ലാ സായുധ സംഘടനകളുടെയും സമ്പൂര്‍ണ നിരായുധീകരണത്തിനുള്ള ചരിത്രപരമായ കരാറില്‍ ബോര്‍ഡ് ഓഫ് പീസ് എത്തിച്ചേര്‍ന്നു. ഇത് സമാധാനത്തിനും സുരക്ഷയ്ക്കും ഒരു ചരിത്രപരമായ ചുവടുവയ്പാണെന്നും അദ്ദേഹം പറഞ്ഞു.

‘ബോര്‍ഡ് ഓഫ് പീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു പുതിയ ഫലസ്തീന്‍ സര്‍ക്കാരിന്റെ കൈയിലേക്ക് ഗസ എത്തിച്ചേരുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ കരാര്‍. അതേ സമയം ഗസ ഭീകര ആക്രമണങ്ങള്‍ക്കുള്ള ഇടം ആകാതിരിക്കുന്നതോടെ ഇസ്രഈലിന് അവര്‍ അര്‍ഹിക്കുന്ന സുരക്ഷയുമുണ്ടാവും’ എന്നും ട്രംപ് പറഞ്ഞു.

ഖത്തര്‍, തുര്‍ക്കി, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള മധ്യസ്ഥരുമായി ഹമാസ് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. കരാര്‍ സംബന്ധിച്ച് തുടര്‍ ചര്‍ച്ചകളുണ്ടാവുമെന്ന് ഈജിപിഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഈജിപ്ത്, യു.എസ്, ഖത്തര്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള മധ്യസ്ഥരെ ഉള്‍പ്പെടുത്തി കെയ്റോയില്‍ ഉടന്‍ യോഗം സംഘടിപ്പിക്കുമെന്ന് ഈജിപ്തിന്റെ അല്‍ ഖാഹിറ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കരാറിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുതുമായി എല്ലാ കക്ഷികളുടെയും പ്രതിബന്ധതകള്‍ സ്ഥീരീകരിക്കുന്നതുമായി ബന്ധപ്പെട്ടാവും ചര്‍ച്ച എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹമാസും മറ്റ് ഫലസ്തീന്‍ സംഘടനകളും കരാര്‍ നടപ്പാക്കാനുള്ള മാര്‍ഗരേഖ അംഗീകരിച്ചതായി മധ്യസ്ഥരെ അറിയിച്ചതായും അല്‍ ഖാഹിറ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു പ്രതിസന്ധി പരിഹരിക്കാനുള്ള തുടര്‍ ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും ഈജിപ്ഷ്യന്‍ മധ്യസ്ഥരുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

മധ്യസ്ഥര്‍ ഹമാസുമായി നേരിട്ട് ഇടപെട്ടിരുന്നെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് കരാറില്‍ ഒപ്പുവെക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്നും ഇത് അര്‍ത്ഥമാക്കുന്നത് ഗസയിലെ നിരായുധീകരണമാണെന്നും മധ്യസ്ഥര്‍ പറഞ്ഞു.

ഹമാസ് അവരുടെ ആയുധങ്ങള്‍ യുഎന്‍ സേനക്ക് (ഇന്റര്‍നാഷനല്‍ സ്റ്റെബിലൈസേഷന്‍ ഫോഴ്‌സ്) കൈമാറും. ഇതിനര്‍ത്ഥം ഈ മേഖല സൈനിക വിമുക്തമാകുമെന്നാണെന്നും മധ്യസ്ഥരെ അധികരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയതു.

പുതിയ ഫലസ്തീന്‍ പൊലീസിനെ പരശീലിക്കുന്നതടക്കമുള്ള മൂന്ന് ചുമതലകളും ഇന്റര്‍നാഷനല്‍ സ്റ്റെബിലൈസേഷന്‍ ഫോഴ്‌സ് (ഐ.എസ്.എഫ്) നിര്‍വഹിക്കും. ഇസ്രഈലികള്‍ പുറത്ത് പോകുമ്പോള്‍ ഇസ്രഈലികള്‍ക്കും ഗസയിലെ ജനത്തിനുമിടയില്‍ ഐ.എസ്.എഫ് നിലകൊള്ളുമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗസയിലെ തുരങ്കങ്ങളുടെ ശൃംഖല ഇല്ലാതാക്കുന്നതടക്കമുള്ള ഡീകമ്മീഷനിങ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടവും ഐ.എസ്.എഫിന്റെ കടമകളില്‍ ഉള്‍പ്പെടുന്നു.

കരാര്‍ സാധ്യമാക്കുന്നതില്‍ സഹായിച്ച മധ്യസ്ഥര്‍ക്ക് ട്രംപ് നന്ദി അറിയിച്ചിട്ടുണ്ട്. ‘ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നീ മധ്യസ്ഥര്‍ക്ക് അവരുടെ സുപ്രധാനമായ പ്രയത്‌നങ്ങള്‍ക്ക് നന്ദിയറിയിക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നു. ഒപ്പം ഈ ചരിത്രപരമായ മുന്നേറ്റം സാധ്യമാക്കുന്നതിനായി തളരാതെ പ്രവര്‍ത്തിച്ച എന്റെ മികച്ച സംഘാംഗങ്ങല്‍ക്കും പ്രത്യേകം നന്ദി പറയുന്നു,’ ട്രൂത്ത് പോസ്റ്റില്‍ ട്രംപ് പറഞ്ഞു.

‘ട്രംപിന്റെ 20 ഇന പദ്ധതി നടപ്പാക്കുന്നതിലേക്കുള്ള സുപ്രധാന നാഴികക്കല്ലാണ് ഇത്. ശ്രദ്ധാപൂര്‍വമുള്ള ഘടനാപരമായ ഘട്ടങ്ങളായാണ് ഈ കരാര്‍ നടപ്പാക്കുക. നിരായുധീകരണം അവസാനിക്കുന്നതോടെ ഇസ്രഈല്‍ സൈന്യം പിന്‍വാങ്ങുകയും ഇന്റര്‍നാഷനല്‍ സ്റ്റെബിലൈസേഷന്‍ ഫോഴ്‌സ് പുതിയ ഫലസ്തീനിയന്‍ പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഗസ അവിടത്തെ താമസക്കാര്‍ക്കും അവരുടെ അയല്‍ക്കാര്‍ക്കും സുരക്ഷിതമാണന്ന് ഉറപ്പാക്കും,’ ട്രംപ് കുറിച്ചു.

‘ഒരു വര്‍ഷം മുമ്പ് ഒരു അക്രമാസക്തമായ തീവ്രമായ യുദ്ധവും, മാനുഷിക പ്രതിസന്ധിയും, ബന്ദികളെ ക്രൂരമായി തടവിലാക്കുന്ന സംഭവങ്ങളും ഉണ്ടായിരുന്നു. നമ്മള്‍ ചരിത്രപരമായ പുരോഗതി കൈവരിച്ചു, ഇനിയും വളരെയധികം ചെയ്യാനുണ്ട്.

ഒക്ടോബര്‍ ഏഴിന് ഗസയില്‍ ഉയര്‍ന്ന് വന്ന ഭീഷണി വീണ്ടും ഉയര്‍ന്നുവരാന്‍ അനുവദിക്കില്ല. ഈ കരാര്‍ പ്രകാരം ഗസ ഒടുവില്‍ ജനത്തെ സേവിക്കുന്ന പുതിയ ഫലസ്തീന്‍ സര്‍ക്കാരിന്റെ കൈയിലെത്തും. ഒരിക്കലും സാധ്യമാവില്ലെന്ന് എല്ലാവരും പറഞ്ഞ ഈ മുന്നേറ്റത്തിന് എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ‘ ട്രംപ് കുറിച്ചു.

കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ അല്‍ ജസീറ പുറത്തുവിട്ടു. കരാറിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. നിരായുധീകരണത്തിനുള്ള മാര്‍ഗ രേഖ 14 ദിവസത്തിനുള്ളില്‍ തയ്യാറാക്കണമെന്നതാണ് കരാറിലെ ഒരു പ്രധാന വ്യവസ്ഥയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Hamas Confirms Trumps Statement of Reaching reaches Gaza disarmament agreement

<

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.