ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മറഡോണയും മികച്ച ഫുട്‌ബോള്‍ താരങ്ങളാണെങ്കിലും 19ാം വയസില്‍ താന്‍ നേടിയ നേട്ടങ്ങള്‍ ഇതിഹാസ താരങ്ങള്‍ നേടിയിട്ടില്ലെന്ന് ബാഴ്‌സാ സൂപ്പര്‍ താരം ലാമിന്‍ യമാല്‍. 2026ലെ ലോകകപ്പ് ചാമ്പ്യനായതിന് പിന്നാലെയാണ് യമാലിന്റെ പ്രതികരണം. മുമ്പ് ബ്രസീലിയന്‍ ഇതിഹാസം പെലെ 17ാം വയസില്‍ ലോകകപ്പ് നേടിയിട്ടുണ്ടെങ്കിലും ഈ അടുത്ത കാലത്ത് ഈ നേട്ടത്തില്‍ മറ്റാരുമില്ലെന്ന് യമാല്‍ ചൂണ്ടിക്കാട്ടി.

‘മെസി, ക്രിസ്റ്റ്യാനോ, മറഡോണ തുടങ്ങിയ മികച്ച കളിക്കാരുണ്ട്. പക്ഷേ ഇത്രയും ചെറിയ പ്രായത്തില്‍ അവര്‍ ഇത്രയധികം നേട്ടങ്ങള്‍ മുമ്പ് ഒരിക്കലും നേടിയിട്ടില്ലെന്ന് ഞാന്‍ കരുതുന്നു. പെലെ ഉണ്ടായിരുന്നു, പക്ഷേ അടുത്ത കാലത്ത്… ഒരിക്കലും ഇല്ലെന്ന് ഞാന്‍ കരുതുന്നു.

ആളുകള്‍ക്ക് ഈ മനോഭാവമുണ്ട്, ഞാന്‍ ട്രോഫികള്‍ നേടിയതിനാല്‍, എപ്പോഴെങ്കിലും എന്റെ കരിയറുമായി ഞാന്‍ വിശ്രമിക്കുമെന്ന്. അത് സംഭവിക്കില്ല. ഫുട്‌ബോള്‍ ചരിത്രം സൃഷ്ടിക്കാന്‍ എനിക്ക് ആയിരം കാര്യങ്ങള്‍ ഉണ്ടെന്ന് എനിക്കറിയാം,’ ലാമിന്‍ യമാല്‍ മാധ്യമങ്ങളോട് സംസാരിച്ചു.

നിലവില്‍ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിന് നല്‍കുന്ന ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനും യമാല്‍ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. തന്റെ കരിയറില്‍ മൂന്നാം തവണയാണ് ബാലണ്‍ ഡി ഓറിന് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. ഇതിന് മുമ്പ് 2024ലും 2025ലും താരത്തിന്റെ പേര് ബാലണ്‍ ഡി ഓര്‍ പട്ടികയിലുണ്ടായിരുന്നു.

കഴിഞ്ഞ സീസണില്‍ സ്പാനിഷ് ലീഗില്‍ ബാഴ്സയെ ചാമ്പ്യന്മാരാക്കുന്നതില്‍ യമാല്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. 28 മത്സരങ്ങളില്‍ നിന്നും ബാഴ്സക്ക് വേണ്ടി 16 ഗോളുകളും 11 അസിസ്റ്റുകളുമാണ് യമാല്‍ നേടിയത്. ബാഴ്‌സയ്ക്ക് വേണ്ടി ഇതുവരെ 53 ഗോളുകളാണ് താരം സ്വന്തമാക്കിയത്.

രാജ്യാന്തര തലത്തില്‍ സ്പെയ്നിനൊപ്പം 2026 ഫിഫ ലോകകപ്പ് സ്വന്തമാക്കിയ താരം അന്താരാഷ്ട്ര ഫുട്ബോളില്‍ സ്പെയ്നിന് വേണ്ടി ഏഴ് ഗോളുകളാണ് നേടിയത്.

Content Highlight: Lamine Yamal Talking About Lionel Messi, Cristiano Ronaldo, Maradona And Maradona