2008ല്‍ ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത തമിഴ് ഗ്യാങ്ങ്സ്റ്റര്‍ ചിത്രമായ ആരണ്യകാണ്ഡം എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് ഗുരു സോമസുന്ദരം. 2013ല്‍ അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജി ചിത്രത്തിലെ സേതുലക്ഷ്മി എന്ന സിനിമയില്‍ ഫോട്ടോഗ്രാഫറുടെ വേഷം ചെയ്തുകൊണ്ടാണ് നടന്‍ മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. എന്നാല്‍ 2021ല്‍ പുറത്തിറങ്ങിയ മിന്നല്‍ മുരളി എന്ന ഒരൊറ്റ ചിത്രത്തിലൂടെയാണ് ഗുരു സോമസുന്ദരം മലയാളികള്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടുന്നത്. സിനിമയില്‍ ഷിബു എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തിയത്.

ഗുരു സോമസുന്ദരം. Photo: X.com

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീം ചെയ്ത ചിത്രത്തില്‍ ടൊവിനോ തോമസായിരുന്നു നായകനായി വേഷമിട്ടത്. സൂപ്പര്‍ ഹീറോ ചിത്രമായി ഒരുക്കിയ മിന്നല്‍ മുരളിയില്‍ വില്ലന്‍ കഥാപാത്രത്തെയായിരുന്നു ഗുരു അവതരിപ്പിച്ചത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് വലിയ പ്രശംസയായിരുന്നു രാജ്യാന്തര തലത്തില്‍ ലഭിച്ചത്. അടുത്തിടെ തമിഴ് യൂട്യൂബ് ചാനലായ എംപവര്‍ വിത്ത് മാതേവന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സിനിമയിലെ തന്റെ കഠിനാധ്വാനത്തെ കുറിച്ച് ഗുരു സോമസുന്ദരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘മിന്നല്‍ മുരളി എന്ന ചിത്രം എന്നെ സംബന്ധിച്ച് വലിയ അവസരമായിരുന്നു. എനിക്കെല്ലാം അറിയാം എന്ന ചിന്തയില്ലാതെ അത് ഞാന്‍ ഒരുപാട് എഫേര്‍ട്ട് ഇട്ടിട്ടാണ് ചെയ്തത്. ചിത്രത്തിന് വേണ്ടി മലയാളം ഞാന്‍ വായിക്കാനും എഴുതാനും പഠിച്ചിരുന്നു. അത്രയും എഫേര്‍ട്ട് ഇടാനുള്ള കാരണമെന്തെന്നാല്‍ ഈ ചിത്രം പുറത്തിറങ്ങിയാല്‍ അവസരങ്ങള്‍ കൂടുതല്‍ വരുമെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു.

നമ്മുടെ വീട്ടിലേക്ക് ഒരു അതിഥി വന്നാല്‍ അയാളെ നല്ല രീതിയില്‍ സ്വീകരിച്ചാല്‍ മാത്രമല്ലേ അയാള്‍ നമ്മളെയും തിരിച്ച് അയാളുടെ വീട്ടിലേക്കും ക്ഷണിക്കുകയുള്ളൂ. അവസരത്തിനായി നമ്മള്‍ കാത്തുനില്‍ക്കരുത്, അതിനായി നമ്മള്‍ നമ്മളെ തന്നെ തയ്യാറാക്കണം. ഒരു അവസരത്തിനായി കാത്തിരിക്കുക എന്ന് പറയുമ്പോള്‍ കാത്തിരിക്കുക എന്ന് പറയുന്ന വാക്കിന് നമ്മള്‍ ഒന്നും ചെയ്യുന്നില്ല എന്ന് മാത്രമാണ് അര്‍ത്ഥമുള്ളത്,’ ഗുരു സോമസുന്ദരം പറഞ്ഞു.

മിന്നല്‍ മുരളി. Photo: X.com

അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ഡിമോണ്ടി കോളനി 3 ആണ് ഗുരുവിന്റെ പുതിയ ചിത്രം. തമിഴില്‍ വലിയ ഫാന്‍ബേസുള്ള ചിത്രമാണ് ഡിമോണ്ടി കോളനി. 2017ല്‍ പുറത്തിറങ്ങിയ ആദ്യഭാഗവും ഏഴ് വര്‍ഷത്തിന് ശേഷം വന്ന രണ്ടാം ഭാഗവും മികച്ച എക്സ്പീരിയന്‍സായിരുന്നു സമ്മാനിച്ചത്. സെപ്റ്റംബര്‍ 10ന് ഡിമോണ്ടി കോളനി 3 തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചെങ്കിലും അവസാന നിമിഷം റിലീസ് മാറ്റുകയായിരുന്നു. ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

Content Highlight: Guru SomaSundaram talks about his hard work and opportunities  in cinema